അവളൊരു ദ്വീപായുയരുമ്പോൾ

അവളൊരു ദ്വീപാണ്‌ —
ഭയം വിധിക്കപ്പെട്ടവർക്കും
ഭയപ്പെടുത്താൻ
ഒരുങ്ങിയിറങ്ങിയവർക്കും.

കയ്യാമത്തിൽ കുരുങ്ങി,
നടുക്കടലിൽ
മെയ് കുഴയുന്നവർക്ക്
പ്രതീക്ഷയുടെ തുരുത്ത്.

പ്രേതങ്ങളേയും
പേക്കൂത്തുകളേയും
കെട്ടിയെറിയുന്നവർക്ക്
അടിച്ചുടയ്ക്കാനാവാത്ത പ്രതിരോധത്തിന്റെ
കൂറ്റൻ മണൽത്തിട്ട.

കൃഷിയിടങ്ങളിൽ
മുടന്തി നിരങ്ങിയ,
എണ്ണപ്പാടങ്ങളിൽ
ചൂടേറ്റ്, കാഴ്ച മങ്ങിയ
വയസ്സൻ ബാലേയങ്ങൾ
ഘോടം ചമഞ്ഞ്
പുതിയ യാഗം
തേടിയെത്തുമ്പോഴും
ആഴിയോളം, ആഴങ്ങളിൽ
ശാന്തത
നിറച്ചുവച്ചിരുന്നവൾ…

ഉത്തര ദിക്കുകളിൽ
തെരുവോരങ്ങളിലിട്ട്
കുഞ്ഞുദേഹങ്ങളെ
ചവിട്ടിമെതിച്ച കുളമ്പുകൾ
പാദങ്ങളിൽ
ആഞ്ഞുചവിട്ടി,
കഴുത്തിലേക്കാഞ്ഞപ്പോഴാണ്
ആദ്യമായി,
കടലിനൊപ്പമിളകിമറിഞ്ഞത്..,
ഉള്ളിൽ
കനൽ ജ്വലിച്ചുയർന്നത്…

കനൽത്തരികളെ
കോർത്തെടുത്ത
ആർത്തിരമ്പുന്ന തിരകൾക്ക്
ഇന്നവൾ
പടനായിക.

പിറന്ന മണ്ണിൽ
വേട്ടയാടപ്പെടുന്നവർക്ക്
ഉടവാളേന്തിയ
സുൽത്താനയായ്…
ദേശദ്രോഹികൾക്കുമേൽ
പതറാതെ
പൊരുതുന്ന ഐഷയായ്…
അവൾ,
വൻകരയോളമുയരുന്ന
ഒരു ദ്വീപാകുന്നു.

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.