അപരാഹ്നത്തിൽ ഒരു കൂമന്റെ പാട്ട്

വെളിച്ചത്തിന്റെ പണിതീരാത്ത
ഇരുണ്ട മാളത്തിനുള്ളിലേക്ക്
കഴുക്കോലിലൂടെ
*ഇൻട്രോവേർട് കൂമന്റെ
പിച്ചവയ്ക്കൽ.

തികച്ചും
പകൽ മാന്യനായി വാഴുമതിന്
ഇരുത്തത്തിൽ
ഉത്തമത്തം.

വെളിച്ചത്തോടുള്ള
സ്വന്തം ഭയത്തെ
പേടിപ്പെടുത്താൻ
മനുഷ്യപ്പറ്റില്ലാത്ത കാട്ടുപൂച്ചയുടെ
മുഖഭാവത്തോടെയിരുന്നാൽ
ഇങ്ങനെയും
അതിജീവിക്കാമെന്നത്
ഇരുൾ പറ്റുന്നു .

അത്ര രസത്തിലല്ലതിന്റെ
ബന്ധുക്കളുമായുള്ള
അന്തർധാരയും
അയൽക്കാരുമായുള്ള
ഇഴയടുപ്പവും.

പകലാക്രമത്തിലവരുടെ
കുറ്റോം കുറവും
വെട്ടും കുത്തും ഒളിയമ്പുമേറ്റ്
നിശബ്ദമായതിന്റെ
ബൗദ്ധികധ്യാനം.

ചുറ്റുമുള്ളവരിൽ നിന്നെല്ലാം മാറി
പിറുപിറുത്തു കൊണ്ടത്
വെളിച്ചത്തിൽ നിന്ന്
ഇരുട്ടിലേക്ക് തന്ത്രത്തിൽ
പതുങ്ങാനുള്ള ശീലം പഠിപ്പിച്ച
അഥീനയെ തിരയുന്നു.

മുതുകിൽ ഭാരവുമേറിപ്പോകുന്നതിന്റെയാവാം,
പറക്കുമ്പോഴെല്ലാം പാകപ്പിഴ.
മഹാലക്ഷ്മിയെ
തോളിലേറ്റിപ്പറക്കുന്ന ചിത്രത്തിൽ
ദുഃഖത്തിന്റെ തൂവലത് പൊഴിച്ചിടുന്നു.

ചുകപ്പൻ കൺമിഴിച്ച്
ഉരിച്ച തേങ്ങയുടെ മോന്തയുമായി
പകലുറങ്ങും കൂമനെ
കെണി വയ്ക്കുന്നു
മനുഷ്യപ്രേതങ്ങൾ.

നിരാലംബമാണതിന്നേക
പരാശ്രയത്വം.
അതിനാൽ തന്നെ
അതിജീവനത്തിന്റെ കടമ്പ
അനായസം പറന്ന് കടക്കുന്നു
ഒച്ചയുണ്ടാക്കാതെ.

ഇരുട്ടിലെ സകലമാന
കൊള്ളരുതായ്മകൾക്കും നേരെ
പ്രപഞ്ചം പിടലിക്ക്
കരുതിവെച്ച ക്യാമറക്കണ്ണുമായ്
കുമ്പിടിയെപ്പോലതിന്റെ
നിശാചരസഞ്ചാരം.

ആട്ടിൻതോലണിഞ്ഞ
ചെന്നായയുടെ
അനുകരണം മാതിരി
മഹാതപസ്വിയുടെ മരവുരി
കുടഞ്ഞെറിഞ്ഞ് ഇരുട്ടിൽ
ഇരയ്ക്കുമേലുള്ള അന്ത്യകർമ്മം.

*’ശകുനപ്പിഴ തവ ജനിത’മെന്ന്
ആളുകൾ
എഴുതിത്തള്ളിയ
ജീവിതത്തോട് സമരമായി
കടുത്ത നിഷേധിയായി.

ഭൂമണ്ഡലത്തെ
ഭ്രമണം ചെയ്യുമതിന്റെ തല
ചന്ദ്രനെ
വെല്ലുവിളിക്കുന്നു.

വെള്ളത്തിൽ നിന്ന്
മീനിനെ കൊത്തിയെടുത്ത്
പൊങ്ങിപ്പറക്കും മാതിരി
ഇരുൾപൊന്തയിലുമക്ഷീണമായ്
ബഹുകേമം ഇരപിടുത്തം.

അയഞ്ഞു പോകുന്നു
കൂമന്റെ പിടിയിൽ നിന്ന്
അതിജീവനത്തിന്റെ
അവസാന കടുംപിടുത്തവും.

മരിക്കാറായ
സകലരുടെയും മൂളൽ പോലെ
‘ജനിച്ചു പോയില്ലേ
ജീവിച്ചുതീർത്തല്ലേ മതിയാവൂ…’
എന്നമട്ടിൽ തട്ടിൻപുറത്തിരുന്ന്
മുക്കിമൂളിത്തീർക്കുന്നതിന്റെ
പാവത്താൻ ജീവിതം.

*introvert – അന്തർമുഖൻ
**ശകുനപ്പിഴ തവ ജനിതം.. നളചരിതം ആട്ടക്കഥയിൽ നിന്ന്

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു