അതിജീവിത

“അസ്ഥിയിൽ നിന്നുള്ള അസ്ഥിയായും
മാംസത്തിൽ നിന്നുള്ള
മാംസമായും
എന്നെ നിർമ്മിച്ച
പരമ പിതാവേ…
യുദ്ധങ്ങളുടെ നാഥാ…
വഴി നടത്തിയാലും ഈ അതി ജീവിതയെ ….”

‘അങ്കിൾ നോവുന്നു….’
‘കവച്ചുവയ്ക്കെടി തങ്കം ….
തുടകൾ ഇനിയും വിടരട്ടെ’..

ഈർച്ചവാളിൻ കടച്ചിൽ
നൊമ്പരം
‘കയറ്റിവയ്ക്കെടി തങ്കം’
ഇടയ്ക്കിടെ ഒരലർച്ച
ആപ്പടിച്ചുപിളർത്തും
കരിഞ്ചരടിൻ നേർത്തരേഖ….
പച്ചമരം
ഓർത്തുപോയ്-
പണ്ട്‌ വീട്ടുമുറ്റത്തെ ഈർച്ചപ്പണി
കൂർത്ത വാളിന്റെ
കീഴ്ത്തല
മേൽത്തല
ആരോഹണാവരോഹണ
ചലനവേഗം….
കടക്കുന്നു ഹൃദയത്തിലും
മൂർച്ചയേറിയ വാൾത്തല….

അരണ്ട വെളിച്ചം
കാണാം
ചുമർ നിറയെ
തിരുവെഴുത്തുകൾ
കുരിശടി
കൽ പ്രതിമ
അമ്മമടിയിൽ അവശ നാം ക്രിസ്തു –
സത്യപുരുഷൻ
അവർക്കുമുന്നിൽ ഞാനിതാ
വിവസ്ത്ര
അമ്മേ….
നാഥാ ….
തിരുവസ്ത്രം കൊണ്ടെന്റെ
നഗ്നത മറച്ചാലും….

കൊതിച്ചു –
ഒരു മൃദുചുംബനം
മൃദുലാലിംഗനം …
ആരുടെയും ചുണ്ടുകൾ
നെറുകയിൽ തൊട്ടില്ല
ആരുടെയും കണ്ണുകൾ
ഹൃദയത്തെതൊട്ടില്ല
ആരുടെയുംലിംഗങ്ങൾ
ആഴത്തെ തൊട്ടില്ല
ആരുടെയും നിശ്വാസങ്ങൾ
കുളിർമഴയായ് ഉടൽ തൊട്ടില്ല …

അപരിചിതമായ
ശബ്ദാവേശങ്ങൾ മാത്രം
മുഴങ്ങിക്കേട്ടു.
പറിച്ചെടുത്തുവോ
അവരെന്റെ
ഇരുമുലകളും ?
അശുദ്ധമാക്കിയോ
അവരതിൻ വിശുദ്ധി …?

പൊരുതി തോറ്റവർ..
ഊഴം കഴിഞ്ഞവർ
ഒന്നൊന്നായ് ഇരുളിൽ മറഞ്ഞു…

ആർത്തിമുഴുത്തവന്റെ
അടിവസ്ത്രം
മുട്ടോളമുരിഞ്ഞു
അകാലത്തിൽ സ്‌ഖലിച്ചൊഴുകി
അശുദ്ധശുക്ലം

വീണ്ടുമൊരൂഴത്തിനായ്
പമ്മി നിൽക്കുന്നതാ
തോറ്റപോരാളി
ജാള്യനായ്…

‘കൊണ്ടു പോടാ നിന്റെ
കച്ചിക്കിഴങ്ങ് ‘ –
അടുത്ത ഊഴത്തിനായ് അലറി
ക്ഷമകെട്ടവൻ
മെല്ലെ മാറി
ഉന്നം പിഴച്ച വാനരൻ …

നിലാവെളിച്ചം
നിഴൽ ചായ്ഞ്ഞു ചരിഞ്ഞു
കുരിശടി ശോപുരം
കുരിശും പതിച്ചു
ഉഴുതിട്ട ദേഹത്ത് ….

ദിശ മാറിയോ പൂർണ്ണ ചന്ദ്രൻ
ഓർത്തുപോയ് –
പണ്ട്
കനലടുപ്പിൽ
അമ്മ
ചുട്ടു കോർത്ത പപ്പടം….

ഓത്ത* വരൊന്നൊന്നായ്
കളം വിട്ടു
പടക്കളം ശൂന്യം
ചീത്തയായൊന്നുമില്ലീയുലകിൽ..
ഓർത്തുവയ്ക്കാൻ ഈ
ഉടലിനെന്ത് മഹത്വം….

‘ആളെണ്ണ മെത്ര?”
“ധൈര്യമായ് വരൂ
പേടിയാകുമെങ്കിൽ
അമ്മയ്ക്കരികിൽ കിടത്താം “
വാക്കുതന്നവനെവിടെ ?

വേച്ചുവേച്ചെണീറ്റു
വയ്യ…
ചായ്ഞ്ഞൊന്നിരുന്നു
നീറ്റലയ്യോ…ദേഹം

കുരിശടിച്ചുമരിൽ
തിരുലിഖിതങ്ങളിൽ നിന്നതാ ഇറങ്ങിവരുന്നു
സ്‌ഖലനവേഗം തെറ്റിയ
പാഴ് ശുക്ലത്തെ
ചുമലിലേറ്റി ചുമക്കാൻ
നെയ്യുറുമ്പിൻ പട

മണത്തു നോക്കുന്നു നായ്ക്കൾ
മണ്ണിലാണ്ട അനാഥ ജന്മങ്ങളെ …
പെടുക്കുന്നതിന്മേൽ
വഴിയടയാളം മറക്കാതെ

പള്ളി മണിച്ചരടിൽ
ഒന്നു മുട്ടാൻ കൊതിച്ചു
വിളിച്ചുണർത്തട്ടെ
കല്ലെറിയാൻ
പൗരജനത്തിനെ…

“കേറെടീ… കാളീ
കൈനീട്ടം താ….”

ഓട്ടോക്കാരൻകൂകിയുണർത്തി.

**കച്ചി ക്കിഴങ്ങ് – പാകമാകാത്ത കപ്പ – ശേഷി ഇല്ലാത്ത ലിംഗമെന്ന് ധ്വനി

**ഓത്തവർ – ലൈംഗിക വേഴ്ച്ചയിലേർപ്പെട്ടവരെന്ന് നാട്ടുമൊഴി.

**തെരുവു വേശ്യകളെ ആദ്യ ഓട്ടത്തിൽ വണ്ടിയിൽ കയറ്റിയാൽ ആ ദിവസം ധാരാളം ഓട്ടം കിട്ടുമെന്നു ഓട്ടോ തൊഴിലാളികളുടെ വിശ്വാസം (തിരുവനന്തപുരത്തെ ഓട്ടോ തൊഴിലാളികൾ പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ….)

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്