ഉത്രാടരാത്രിയിലൊറ്റയ്ക്കിരിക്കുമ്പോൾ
ഉമ്മറത്തെമ്പാടും നൊമ്പരങ്ങൾ.
ഓർമ്മകൾ പൂത്തിറങ്ങുന്ന നിലാവിലി
ന്നാരോ കൊളുത്തുന്നു കൈത്തിരികൾ .
പൊട്ടിച്ചിരികൾ വിടർത്തുന്ന പൂക്കളം
അത്തം മുതൽ പത്തിൽ തീരുകില്ല.
ഒത്തൊരുമിച്ചു ചിരിച്ചാലും തീരാത്ത
പുത്തനരങ്ങുകളാ
യിരുന്നു.
നോക്കിലും വാക്കിലും പൂക്കളം തീർത്തൊരാൾ
പെട്ടെന്നണഞ്ഞു പോയ,ന്ധകാരം.
ഒറ്റയ്ക്കു തോളിൽ ചുമന്ന പഞ്ഞങ്ങളെ
ഇട്ടെറിഞ്ഞെങ്ങോ പോയി, ശിഷ്ടമീ ഞാൻ.
ഉണ്ണിയു,ണ്ടായിരം കാതമകലത്തി-
ലിക്കുറിയെത്തുമെന്നാശിക്കുന്നു.
സ്വപ്നങ്ങളെയ്തു പഠിപ്പിച്ച ജീവനാ –
ണായോധനത്തികവേറിയവൻ.
ഓരോ നിഴലനക്കത്തിലും മോഹിച്ചു
ആരു വന്നില്ലേലുമുണ്ണിയെത്തും.
ഉണ്ണിയില്ലാതെ കൊഴിഞ്ഞൊരോണങ്ങളെ
എണ്ണിക്കുഴഞ്ഞങ്ങിരുന്നു, ഞാനും.
ആരും വരില്ലെന്നറിയാമതെങ്കിലും
ആരാനുമിന്നിങ്ങുവന്നെങ്കിലോ ….
മറ്റൊരോണം വരെ നീളില്ല , നിശ്വാസം
പെട്ടെന്നൊരു മിന്നൽ കത്തിയുള്ളിൽ.
ഉത്രാട രാവിന്നലിഞ്ഞു തീരും മുൻപേ
എത്തണേയെന്നുള്ള പ്രാർത്ഥനയായ് .
മുറ്റുന്നൊരോർമ്മ തികട്ടുന്നു കണ്ണിലൂ
ടെത്ര തടഞ്ഞിട്ടും പൊട്ടിപ്പോയി.
വാർദ്ധക്യമെന്തൊരു വാർദ്ധക്യമാണുണ്ണീ
വാതിൽപ്പടിയിലെ കാത്തിരിപ്പ് ….
ഏകാന്തതയ്ക്കൊരു കൂട്ടിരിപ്പ് ….