തെരുവിൽ, അവൾ വരയ്ക്കപ്പെട്ടു.
തുരുമ്പെടുത്തതെങ്കിലും രാകിയ
മൂർച്ചയുള്ള കത്തി കൊണ്ട്.
അവസാനമതിന്റെ
അഗ്രം കൊണ്ട് തൊണ്ടക്കുഴി വരച്ചു.
ജീവിക്കട്ടെ, എവിടെയെങ്കിലും.
നഗ്നമാക്കപ്പെട്ട ചിത്രത്തിന്റെ
ആദ്യ കഥ കേട്ട്കഴിഞ്ഞ
ചിത്രകാരനവളെ ചെതുമ്പലുകൾ
തുന്നിപ്പിടിപ്പിച്ചതിൽ പല നിറങ്ങൾ
കലർന്ന ഉടുപ്പിടുവിക്കുന്നു, നീന്തട്ടെ.
ചെകിളപ്പൂക്കളുടെ മൊട്ടുകളിലയാൾ
വെള്ളം തേവുന്നു, തടം കെട്ടുന്നു.
ഉരുണ്ട കണ്ണുകളിൽ ഇറങ്ങിപ്പോയ
തലേന്നത്തെ ദിവസത്തെ ഭയത്തിന്റെയാഴം
കനപ്പിച്ചു വരയ്ക്കുന്നു.
ഉന്മാദത്തിന്റെ പടനിലങ്ങളിൽ
പൊട്ടാത്ത പടച്ചട്ട ചാർത്തുന്നു.
തലക്ക് മുകളിലൊരു ശുക്രനക്ഷത്രവും.
ജീവിച്ചോട്ടെ, എവിടെയെങ്കിലും.
കാൻവാസ്
പണ്ടാരോ പച്ച വരച്ചുപേക്ഷിച്ച
പൂപ്പൽ പടർന്നടർന്ന നാഗരിക
ഭിത്തിയുടെ ഫോസിലുകൾ.
‘കാണ്മാനില്ലെ’ന്ന അടിക്കുറിപ്പോടെയവൾ
അവിടെയാകമാനം തൂക്കപ്പെട്ടു.
കാണാമറയത്തു ജീവിച്ചിരിക്കെ
തൂക്കിലേറ്റപ്പെട്ടോൾ.
രക്ഷപ്പെടട്ടെ, എവിടെയെങ്കിലും.
നാട്ടുകാർക്കവൾ അക്വേറിയത്തിൽ നിന്ന്
പസഫിക്കിലേക്ക് തോന്ന്യവാസിയായി
ഇറങ്ങിപ്പോയവളായിരുന്നു.
അവരുടെ പുളിച്ചു തികട്ടിയ വാക്കുകൾക്ക്
പിത്തരസത്തിന്റെ മഞ്ഞ.
തള്ളിപ്പറച്ചിലിന്റെ സഞ്ജയനദിനം
പച്ചയായ മനുഷ്യ മാംസത്തിന്റെ
രുചിയിൽ ദഹിക്കാത്ത വയറുമായി
ഏമ്പക്കമിട്ടടുത്ത ഇരയെ തേടുന്നു,
നീലിച്ച പൊന്മാനുകൾ..
അപ്രത്യക്ഷരാകുന്ന ദൈവങ്ങളുടെ
ഫോട്ടോകളിലെന്ന പോലെ
ഇമചിമ്മാതെയവളിരുന്നില്ല.
ജീവിക്കട്ടെ, എവിടെയെങ്കിലും.
കാണ്മാനില്ല!
“ഭൂമിയുടെ ഊത നിറമുള്ള,
ആറടിപ്പൊക്കത്തിൽ നിഴലുള്ള,
യൗവനത്തിലും വിരിയാത്ത
നിരതെറ്റിയ പല്ലുകളുള്ള,
ഏത് കൊടും വേനലിലും ആരും നിറഞ്ഞ
പുഴയെന്ന് വിളിക്കാത്ത മെല്ലിച്ച ഉടലുള്ള,
അരണ്ട വെളിച്ചത്തിൽ മുനിഞ്ഞു കത്തുന്ന
വെള്ളാരം കണ്ണുകളുള്ള,
ശാപങ്ങളുടെ ഇരുമ്പാണി തൂങ്ങും
സംഗീതം മരിച്ച കാതുകളുള്ള,
തീരാത്ത വിതുമ്പലുകളിൽ കോടിപ്പോയ
തണുത്തു കരുവാളിച്ച ചുണ്ടുകളുള്ള,
പൊട്ടിച്ച കയറിൽ ചോര കല്ലിച്ചു
തഴമ്പു വീണ മൂക്കുള്ള,
പടവെട്ടലിൽ പാതി മുറിഞ്ഞ
വാൾപ്പുരികമുള്ള ‘മൊണാലിസ’യെന്ന
പെൺമീനിനെ കാണ്മാനില്ല “!
തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥരോട്
ഫോട്ടോഗ്രാഫർ പറഞ്ഞു;
സ്റ്റുഡിയോയിൽ ഒരിക്കൽ തിടുക്കപ്പെട്ടെടുത്ത
ഫോട്ടോയിലെ കലങ്ങിയ കണ്ണുകൾ
വൃത്തനിബിഢമൊ ചുണ്ടിൽ കൊളുത്തിയ
അമർത്തിയ ചിരിക്ക് /നിലവിളിക്ക്?
പ്രാസരസമോയില്ലായിരുന്നു.
ചൂണ്ടയിൽ കൊത്തിയത് പോലെ
അവളുടെ നീണ്ട തുറിച്ച നോട്ടം
വല്ലാത്ത പിടച്ചിലോടെ വെല്ലുവിളിച്ചിരുന്നു.
സർ ജീവിക്കട്ടെ, എവിടെയെങ്കിലും.
തെരുവിൽ, അവൾ വിൽക്കപ്പെട്ടു
എന്നറിയുന്നു.
വില്പനക്കാർക്ക് തെരുവെന്നാൽ,
എന്തും വിൽക്കാനുള്ള വികസിതമായ
ഇരുണ്ട ഭൂഖണ്ഡമായിരുന്നു.
അവൾക്ക് വീടതിൽ, അവികസിതമായ
ഗ്രഹണം ബാധിച്ച ഉപഭൂഖണ്ഡവും.
ഉപേക്ഷിച്ചിറങ്ങിയ ആ വീട്ടിലവളൊരു
അളവ് തെറ്റിപ്പണിത കുടുസ്സു മുറി.
അവൾ തെരുവിന്റെ നാവിലെ പാട്ടായി.
വീടിന്റെ പ് രാക്കായി.
അവൾ ,വിചാരണയുടെ തെരുവിലെ
വെള്ളം വറ്റിയ വീപ്പയിൽ നിന്ന്
പിടഞ്ഞുണർന്നു നിലച്ച
അവസാനത്തെ(?) പെൺമീൻ.