അകം പൊരുള്‍

ഒറ്റമുറി മാത്രമുള്ള ആ ചായ്പ്പു പൂട്ടിയിറങ്ങുന്നതിനു മുൻപ്, കാലപ്പഴക്കം കൊണ്ട് മങ്ങി, അഴുക്കു പുരണ്ടു കിടക്കുന്ന കണ്ണാടിയിലേക്ക് ഒരിക്കല്‍ കൂടി ഒന്ന് നോക്കി. മഷിയിടാത്ത കണ്ണുകള്‍, പൌഡര്‍ മണം മറന്ന മുഖം, ഒട്ടിയ കവിളിണകള്‍, വാസനകള്‍ എന്നോ പടിയിറങ്ങിയപ്പോയ ശരീരം, അങ്ങിങ്ങായി എത്തി നോക്കുന്ന വെള്ളുത്ത നരകള്‍. എന്തോ പൊട്ടു വെക്കാന്‍ തോന്നിയില്ല . ‘അനശ്വര ജ്വല്ലറി പാനൂര്‍’ എന്നെഴുതിയ ചുവന്ന പ്ലാസ്റ്റിക്ക് സഞ്ചിയില്‍ അത് ഭദ്രമായി വെച്ച് , രണ്ടു മടക്കു മടക്കി, ബാഗിനുള്ളില്‍ തിരുകി വെച്ചു . ബാഗ് തൊട്ടു നോക്കി ഉറപ്പു വരുത്തി.

പുറത്ത് നല്ല മഴയുണ്ട്. മഴ മാറുന്നത് വരെ അല്‍പനേരം കൂടി ഇവിടെയിരിക്കാം . കുഞ്ഞിരാമേട്ടന്‍ ചെറുവാഞ്ചേരിയിലേക്ക് പോയിരിക്കുകയാണ് . കാലത്ത് പാല്‍ അവിടെയാണ് കൊടുക്കുന്നത് . നാല് പശുക്കള്‍, ഇരുപത്തിയഞ്ച് തെങ്ങുകള്‍, അര ഏക്കര്‍ കശുമാവ്, രണ്ടു പെണ്‍കുട്ടികള്‍, കൂടെ കുറച്ചു വിപ്ലവം കൂടിയായാല്‍ കുഞ്ഞിരാമേട്ടനായി. നല്ല മനുഷ്യനാണ് . കുഞ്ഞിരാമേട്ടന്‍ മാത്രമല്ല, ഇന്നാട്ടുക്കാര്‍ ഏറിയ പങ്കും നല്ലവാരാണ്. അല്ലെങ്കില്‍ തന്നെ പോലെ ഒരു സ്ത്രീക്ക് ഒറ്റക്ക് ജീവിക്കാന്‍ കഴിയുമോ ? അതും അന്യനാട്ടില്‍ .

മഴ മാറി .

‘കുഞ്ഞിരാമേട്ടാ … ഞാന്‍ പോവാണ് ’
‘ഞ്ഞ് എട പോവാന്‍’
‘അതെനിക്ക് അറിയില്ല .പക്ഷെ പോണം .’

ഒരാളെ കാണാനായിട്ട്. അതിനു വേണ്ടിയാണ് ഇവിടെ ഇത്രയുംകാലം നിന്നത് എന്ന് കൂടി പറയണമെന്നുണ്ടായിരുന്നു . പക്ഷെ പറഞ്ഞില്ല . എല്ലാവര്‍ക്കും ഉണ്ടാവും ഈ ജീവിതത്തിൽ അത്ര തെളിച്ചമില്ലാത്ത ഒരു ഒളിവു ജീവിതം .

താക്കോല്‍ ഏല്‍പ്പിച്ചു പതുക്കെ ഇറങ്ങി. ഉള്ളില്‍ ഒരു സങ്കടക്കടല്‍ ഉയരുന്നുണ്ട് . അതിന്‍റെ അലകള്‍ നെഞ്ചില്‍ വന്നു തട്ടി തിരിച്ചു പോവുന്നത് തനിക്ക് മാത്രം കേള്‍ക്കാം. തിരിഞ്ഞു നോക്കാന്‍ വയ്യ . തിരിഞ്ഞു നോക്കിയാല്‍ തനിക്ക് അഭയം തന്ന വീട് കണ്ണീര്‍ പൊഴിക്കുന്നത് കാണേണ്ടിവരും. എങ്ങു നിന്നോ അലഞ്ഞു തിരിഞ്ഞു വന്ന തണുത്ത തെക്കന്‍ കാറ്റിനൊപ്പം അവള്‍ ഇറങ്ങി നടന്നു .

കുഞ്ഞിരാമേട്ടന്‍ ഒരു പക്ഷെ ഇപ്പോള്‍ കട്ടന്‍ ചായയും കുടിച്ചു കോലായയില്‍ പത്രം വായിച്ചിരിപ്പുണ്ടാവും. ലക്ഷ്മിയേടത്തി പശുക്കളെ മാറ്റി കെട്ടി അടുക്കളയിലേക്ക് വീണ്ടും കയറിയിടുണ്ടാവും. കുട്ടികള്‍ രണ്ടു പേരും തലശ്ശേരിയിലെ കോളജിലെക്ക് പോയി കാണും . കൊണ്ടോട്ടിയിലേക്കുള്ള ബസിലിരുന്നു വെറുതെ ഓരോന്നും ഓര്‍ത്തു. മുഖത്തു വന്നടിക്കുന്ന കാറ്റ് മെല്ലെ ഉറക്കത്തിലേക്ക് ക്ഷണിക്കുന്നുണ്ട്‌ .

കൊണ്ടോട്ടി ആകെ മാറിയിരിക്കുന്നു . പതിനഞ്ചു കൊല്ലം മുമ്പ് ദാസന്‍റെ കൂടെ ഇവിടെ എത്തുമ്പോള്‍ കണ്ട കൊണ്ടോട്ടിയല്ല ഇത്. അഞ്ചു വര്‍ഷക്കാലം താനും ദാസനും ജീവിതത്തിലേക്ക് പിച്ച വെച്ചു നടക്കാന്‍ ശ്രമിച്ച സ്ഥലം .. ചെരുപ്പടി മല, മിനി ഊട്ടി,
ഊരകം മല. ദാസനും താനും ദാസന്‍റെ ലോറിയും കാണാത്ത സ്ഥലമില്ല.

ഓര്‍മ്മകളെ തല്‍ക്കാലം കുടഞ്ഞു കളഞ്ഞു ഒരു ഓട്ടോ വിളിച്ചു നേരെ പോലിസ് സ്റ്റേഷനിലേക്ക് തിരിച്ചു . പണ്ട് സ്കൂളില്‍ പോകുന്ന കാലത്ത് പോലീസും പോലീസ് സ്റ്റേഷനുമെല്ലാം കാണുമ്പോള്‍ തന്നെ കൈയും കാലും വിറക്കാൻ തുടങ്ങും. അന്നും ദാസന്‍ കൂടെയുണ്ട് എന്നതായിരുന്നു ഏക ധൈര്യം. ദാസന്‍ അന്ന് ഏഴിലും താന്‍ അഞ്ചിലും . ഏറെ കഴിയുബോഴാണ് നമ്മുടെ ഭയം തന്നെയാണ് പിന്നിട് നമുടെയൊക്കെ ശക്തിയായി പരിണമിക്കുന്നത് എന്ന് തിരിച്ചറിയും. അതുകൊണ്ടു തന്നെ പോലീസ് സ്റ്റെഷനിലേക്ക് കടന്നു ചെല്ലുബോള്‍ ഒട്ടും പേടി തോന്നിയില്ല . ഭയമിപ്പോള്‍ തന്നെ കണ്ടാല്‍ ഓടി ഒളിക്കും .

‘ ഉം ,എന്താ കേസ് ?’
‘കേസ്സോന്നും ഇല്ല സാര്‍ ,ഒരാളെ കാണാന്‍ വന്നതാ’
‘ആരെ?’
വനിതാ പോലീസ് അവരെ നല്ലവണ്ണം സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു .’
‘പേരറിയില്ല ‘
‘ഊരും പേരുമൊന്നും അറിയാതെയാണോ ഒരാളെ അന്യോഷിക്കുന്നത്?’
‘പണ്ടു ഈ സ്റ്റേഷനില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഒരു വനിതാ പോലിസ്.’ വളരെ പതുക്കെ അവര്‍ പറഞ്ഞു .
‘ഇവിടെയോ ?’
‘അതെ , നീണ്ട് , ഇരു നിറത്തില്‍ , കണ്ണട വെച്ച ,ഒരല്പം പ്രായമുള്ള….’
‘എടി , സുധേ , ഇവര് പറഞ്ഞു വരുന്നത് നമ്മുടെ റിട്ടയര്‍ ചെയ്ത സിനിയര്‍ സി പി ഒ സൈനബ മാഡത്തെക്കുറിച്ചാണ് . ‘

അതെ, ഒരു മുസ്ലിം പേരാണ് അവര്‍ക്കെന്നു പെട്ടന്ന് ഓര്‍മ്മ വന്നു . സിനിയര്‍ സി പി ഒ സൈനബ.

‘അവര്‍ റിട്ടയര്‍ ചെയ്ത് നാല് വര്‍ഷമായല്ലോ – ഇപ്പോള്‍ നാട്ടിലാവും’

നാട്, ആ വാക്കിനോട് ഇപ്പോള്‍ ഒരു തരം പുച്ഛമാണ് . ചെറുതും വലുതുമായ വേലിക്കെട്ടുകള്‍ക്കുള്ളില്‍ പച്ചയായ മനുഷ്യനെ ജാതി ജീവികളായി തളച്ചിടുന്ന ഇടങ്ങളാണ് ഓരോ നാടും. എല്ലാ കെട്ടുകളും കെട്ടുപാടുകളും പൊട്ടിച്ചേറിഞ്ഞവരാണ് താനും ദാസനും . തങ്ങള്‍ക്കു പിന്നില്‍ നാട് എന്നോ അസ്തമിച്ചിരുന്നു .

‘സാര്‍ അവരുടെ മേല്‍വിലാസം തരുമോ ?’
‘അങ്ങനെയൊന്നും തരാന്‍ പറ്റില്ല ‘ വനിതാ സി പി ഒ മാര്‍ തറപ്പിച്ചു പറഞ്ഞു .
‘സാര്‍ ഇല്ലെങ്കില്‍, ഇത് വാങ്ങണം ‘ ബാഗില്‍ നിന്ന് ചുവന്ന പ്ലാസ്റ്റിക്‌ കവര്‍ പുറത്തെടുത്ത് മേശപ്പുറത്ത് വെച്ചു .
‘പണ്ടു അവരില്‍ നിന്ന് വാങ്ങിയതാണ് ‘
‘എസ് എച്ച് ഒ വരട്ടെ , എന്നിട്ട് തിരുമാനിക്കാം’ വനിതാ വനിതാ സി പി ഒ മാര്‍ പരസ്പരം നോക്കി.

പത്തനംതിട്ടയിലെ മല്ലശ്ശേരിയില്‍ നിന്ന് താനും ദാസനും കൊണ്ടോട്ടിയില്‍ എത്തുന്നത് തൊട്ടു പാനൂരിലെ തൂവക്കുന്നിലെ ചെങ്കല്‍ മടയിലെ ജോലിയും , കുഞ്ഞിരാമേട്ടന്‍റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയതും വരെയുള്ള കാര്യങ്ങള്‍ എങ്ങനെയൊക്കെയോ ഒരു വിധം പറഞ്ഞൊപ്പിച്ചു . എച്ച് .എസ്. ഒ . എല്ലാം ക്ഷമയോടെ എല്ലാം കേട്ടു. ഒടുവില്‍ ഒരപേക്ഷയും ആ കവറും സ്റ്റേഷനില്‍ ഏല്‍പ്പിച്ച് അവര്‍ പുറത്തേക്ക് ഇറങ്ങി. ബസ് സ്റ്റോപ്പിലേക്ക് നടന്നു . അന്നേരം കൊണ്ടോട്ടി നഗരത്തിലൂടെ ഒരാബുലന്‍സ് നേരെ കോഴിക്കോട് ഭാഗത്തേക്ക് പാഞ്ഞു പോയി .

അതില്‍ ഒരു പക്ഷെ ചോരയില്‍ പൊതിഞ്ഞുകെട്ടി, തണുത്ത് മരവിച്ച് ഒരാള്‍ കിടക്കുന്നുണ്ടാവും .അരികില്‍ തളര്‍ന്നരിക്കുന്ന ഒരു പെണ്ണിനെ കാണാം .
മുന്‍ സീറ്റില്‍ കണ്ണട വെച്ച ഒരു വനിതാ പോലീസ് ഇരിക്കുന്നുണ്ടായിരിക്കും . ശവം ക്വട്ടേഴ്സിലെക്ക് കൊണ്ട് വരരുത് എന്നു ഇതിനകം ആരോ അവളോട്‌ പറഞ്ഞു കാണും . പോകാൻ ഒരിടമില്ലായെന്നും, ആംബുലന്‍സിന് കൊടുക്കാന്‍ തന്‍റെ കൈയിൽ പൈസയൊന്നും ഇല്ലെന്നും, പറഞ്ഞവള്‍ വനിതാ പോലീസിനെ കെട്ടി പിടിച്ചു കരയും . ‘മോളെ ’ എന്ന് വിളിച്ചു വനിതാ പോലീസ് അവളെ മാറോടു ചേര്‍ക്കും. പിന്നെ തന്‍റെ കൈയില്‍ കിടന്നിരുന്ന വള ഊരി അവളെ ഏല്‍പ്പിക്കും . നിസ്സഹായായ ഒരു പെണ്ണിനെ, മറ്റൊരു പെണ്ണിനല്ലാതെ മറ്റാര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയുക ..

ആംബുലന്‍സ് പോയ വഴിയിലേക്ക് ഇറങ്ങി നിന്നു . പിന്നെ നേരെ ചെരിപ്പടി മലയെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു . അവിടെ ദാസനും ദാസന്‍റെ ലോറിയും അവരുടെ കരിങ്കല്‍ ക്വാറികളും തന്നെ കാത്തിരിക്കുന്നു……

തൃത്താല സ്വദേശി. മലപ്പുറം നവോദയ വിദ്യാലയത്തില്‍ ലൈബ്രറിയന്‍. പറയജീവിതത്തിന്‍റെ അടയാളങ്ങള്‍ - (ഫോക്ക് ലോര്‍ പഠനം ,കേരള ഫോക്ക് ലോര്‍ അക്കാദമി,കണ്ണൂര്‍ ) തൂമങ്ങള്‍- (നോവല്‍ ) എന്നിവയാണ് പ്രസിദ്ധികരിച്ച കൃതികള്‍ .