സൃഷ്ടാവ്

മനോഹരങ്ങളായ പൊയ്മുഖങ്ങളുണ്ടാക്കി ശേഖരിച്ച് വയ്ക്കുമായിരുന്നു അയാൾ. ആവശ്യക്കാരെത്തിയാൽ വിൽക്കും. പക്ഷേ അധികം ആവശ്യക്കാരുണ്ടായിരുന്നില്ല. പറയത്തക്ക ആദായമൊന്നും കിട്ടാതിരുന്നിട്ടും ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നതിന്റെ ആത്മ സംതൃപ്തിയിൽ അയാൾ സന്തോഷവാനായിരുന്നു. ആ ആഹ്ളാദമായിരുന്നു അയാളുടെ ലാഭം.

അയാൾക്ക് ഒരു ചെറിയ തൊഴിൽ ശാലയുണ്ട്. ഉത്സവകാലത്തേക്ക് വേണ്ടി സാമഗ്രികൾ സാമാഹരിക്കും. ഉത്സവകാലമാകുമ്പോൾ പലതരം ആവശ്യങ്ങളുമായി കുട്ടികൾ വരും. കഥകളിക്കാരന്റേത്, മാൻഡ്രേക്കിന്റേത്, മായാവിയുടേത്, രാക്ഷസന്റേത്, എന്ന് പറഞ്ഞ് അവർ അയാളെ തേടിയെത്തും. തടി, ലോഹങ്ങൾ, മുത്തുകൾ, നാരുകൾ, തൂവലുകൾ തുടങ്ങി ഒട്ടനവധി വസ്തുക്കൾ കൂട്ടിച്ചേർത്തുണ്ടാക്കണം ഈ രൂപങ്ങളൊക്കെ. ഘോഷയാത്രയോടെയാണ് ഉത്സവങ്ങൾ അവസാനിക്കുക. എല്ലാം കഴിഞ്ഞതിനുശേഷം പിരിഞ്ഞു കിട്ടിയതിൽ നിന്ന് കുറച്ച് കാശാണ് അവർ അയാൾക്ക് കൊടുക്കുക.

മിക്കപ്പോഴും ബാക്കിയാവുക നഷ്ടക്കണക്കുകൾ ആണ്. നോക്കൂ, അവർക്കായി രാപ്പകലില്ലാത്ത പ്രയത്നിച്ചതാണ് അയാൾ. നഷ്ടക്കച്ചവടത്തിന് ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ തുനിഞ്ഞപ്പോഴെല്ലാം അയാൾ തോറ്റു പോവുകയാണുണ്ടായത്. തന്റെ നഷ്ടങ്ങൾ മറ്റുള്ളവർക്ക് ഗുണമാണുണ്ടാക്കുന്നതെങ്കിൽ ഇനിയും തുടരണമെന്ന് അയാൾക്ക് തോന്നി. കണക്കുകൾ പരിശോധിക്കുമ്പോൾ എല്ലാമെടുത്ത് വലിച്ചെറിയാൻ തോന്നും. അപ്പോൾ അവ അയാളെ നോക്കി മന്ത്രിക്കും “നീൻറെ യത്നത്തിന്റെ വില നിനക്കുള്ളതാണ്”

ഒരിക്കൽ ഒരു ഉത്സവ കാലത്ത്, അയാൾ ഒരു രൂപം ഉണ്ടാക്കുകയായിരുന്നു. എത്രയൊരുക്കിയിട്ടും പൂർണ്ണത കൈവരിക്കാത്തൊരു മുഖം ആയി അത്. പുനഃക്രമീകരങ്ങൾ പലതും നടത്തി നോക്കി. കണ്ണൊരുക്കിയപ്പോൾ മൂക്ക് നേരെയാവുന്നില്ല. മൂക്ക് തയ്യാറായപ്പോൾ ചെവി ചേരില്ലെന്നായി. ആണോ പെണ്ണോ അല്ല, രാജനോ രാക്ഷസനോ അല്ല, മായാവിയോ മാൻഡ്രേക്കോ അല്ലേയല്ല! അയാൾ ആ മുഖം കുട്ടികളെ കാണിച്ചു നോക്കി. അതിനെ തിരിച്ചും മറിച്ചും നോക്കി അവരും പറഞ്ഞു.
“അറിയില്ല”
വേണേൽ വിലയില്ലാതെ എടുത്ത് കൊള്ളാമെന്നവർ പറഞ്ഞു. അയാൾക്കതിന് സമ്മതമല്ലായിരുന്നു. വിലയില്ലാതൊന്നും ഈ ഭൂമിയിലുണ്ടാവില്ലെന്ന സത്യം അയാളന്നേരം അവരുമായി പങ്ക് വച്ചു. കുട്ടികൾ അയാളുടെ വാക്കുകൾ അവജ്ഞയോടെ തള്ളിക്കളഞ്ഞു.

തോറ്റ് പിൻവാങ്ങാൻ അയാൾ തയ്യാറല്ലായിരുന്നു. തന്നെയും തന്റെ കഴിവിനെയും പരിഹസിച്ചവരെ ഒരു പാഠം പഠിപ്പിക്കണമെന്ന് അയാൾക്ക് തോന്നി.

കൂർത്ത പല്ലുകളും കൂമൻ കണ്ണുകളും എണ്ണി തീരാത്തത്ര കാലുകളും, ഉരുണ്ട രൂപവും, ഇരുണ്ട നിറവുമേകി അയാൾ അതിനെ പുനഃസൃഷ്ടിക്കാൻ തുനിഞ്ഞു. രാവും പകലും കടന്നു പോയി. ഏതൊരു വസ്തുവിനും സ്ഥായിയായൊരു മുഖവും രൂപവുമുണ്ടാകണമെന്ന് വാശിപിടിച്ച അയാൾ പര്യവേക്ഷണങ്ങൾ പ്രതിജ്ഞാബദ്ധതയോടെ തുടർന്നു. ആകെ പരിക്ഷീണിതനായി ജോലി പൂർത്തിയാക്കുമ്പോഴും തിരിച്ചറിയാനാവുന്നൊരു മുഖം അതിനുണ്ടായിരുന്നില്ല.

പക്ഷേ അന്നുവരെ ഒരിടത്തും ദർശിച്ചിട്ടില്ലാത്ത ഭീകര രൂപം കണ്ട് അയാൾ പോലും ഭയന്നു. അയാൾ അതെടുത്തണിഞ്ഞ് തെരുവിലേക്കിറങ്ങി. ആർത്തലച്ച് വരുന്ന ഭീകര സത്വത്തെ കണ്ട് ജനം ഓടിയൊളിച്ചു. മനുഷ്യനും, മായാവിയും, മാൻഡ്രേക്കും, രാജാവും, രാക്ഷസരും എന്തിന് ദൈവങ്ങൾ പോലും ആ ഭീകര സത്വത്തിന് മുന്നിൽ തോറ്റ് തുന്നം പാടി.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. ചെറുകഥകൾ എഴുതാറുണ്ട്