ചമ്പുരായൻ മൂഷികൻ വെമ്പലോടെ ഉണർന്നു.
വാലു നഷ്ടപ്പെട്ട മകൻ കതിരേശൻ, വാലിൽ കുത്തിച്ചാടുന്ന ജയസിംഹൻ, ഗജസിംഹൻ, നരസിംഹൻ, വിക്രമസിംഹൻ ആദിയായ സഹപാഠികളുടെയിടയിൽ ഞെരിഞ്ഞമരുന്ന പഠനമുറിയായിരുന്നു അയാളുടെ പുലർകാലവേളയിലെ കുളിര്, അഗ്നിശുദ്ധി ചെയ്ത വിയർപ്പാക്കി മാറ്റിയത്.
ചുണ്ടുകൾ കൂടുതൽ കൂടുതൽ കൂർത്തു കൂർത്തു വന്നു. എഴുന്നു നിന്ന എണ്ണം പറഞ്ഞ മീശ രോമങ്ങൾ താളത്തിൽ തുള്ളിക്കളിച്ചു കൊണ്ടിരുന്നു. കുറിയകുറിയ മോതിരങ്ങളണിഞ്ഞപോൽ തിളങ്ങുന്ന ബലമുള്ള നീണ്ട വാല് പുളഞ്ഞുകൊണ്ടിരുന്നു. കൈകൾ രണ്ടും അക്ഷമയോടെ മുഖത്ത് ഉരച്ചു കൊണ്ടിരുന്നു.
മൂവായിരാമാണ്ട് ഒന്നാം മാസം, ഒന്നാം തിയതി.. ഇന്നാണ് പ്രവേശനോത്സവം. സാമ്പത്തിക വർഷാരംഭം ഒന്നാം മാസത്തിലേക്കു മാറ്റിയിട്ട് സഹസ്രാബ്ദം ഒന്നു കഴിഞ്ഞു. പുതുവർഷാരംഭത്തിൽ തന്നേയായിരുന്നില്ലേ വിദ്യാരംഭവും വേണ്ടത്. പിന്നെന്തായിരിക്കും അത് മാത്രം മാറ്റാതെ വെച്ചൊണ്ടിരുന്നത്.
കാലാവസ്ഥയുടെ ന്യായം നിലനില്ക്കുകയില്ല. അതിപ്പം എങ്ങനെ വേണേലും മാറ്റിത്തീർക്കാമല്ലൊ!.
‘മഴ പെയ്യട്ടെ’,’മഴ മാറട്ടെ’,’വെയിലാവട്ടെ’,’തണലാവട്ടെ’… എന്നുവേണ്ട , ഒക്കെയും ഒരാജ്ഞയിൽ ശരിപ്പെടുത്താവുന്നതേയുള്ളു.
വിലകൊടുത്ത് വാങ്ങിയ ഒരു ചിപ്പിൽ കുത്തി നിറയ്ക്കാൻ പറ്റിയ കൃത്രിമ തലച്ചോറുകൾ. ചെറുതായി ചെറുതായി വരും തോറും ശക്തിയിൽ, യുക്തിയിൽ, കൂടുതൽ കരുത്താർജ്ജിക്കാൻ പാകപ്പെടുത്തിയെടുത്ത പരമാണു മസ്തിഷ്കങ്ങൾ.
പ്രകാശ വേഗങ്ങൾ കീഴ്പ്പെട്ടിരിക്കുന്നു. തമോഗർത്തശക്തികൾ ആവാഹിച്ചെടുക്കപ്പെട്ടിരിക്കുന്നു. പക്ഷേ…ചിലർക്കു മാത്രം. ആരാണ് ആ “ചിലർ” എന്ന് അവർ തീരുമാനിക്കും. വളരെ കുറച്ചുപേരുൾപ്പെട്ട ഒരു കേന്ദ്ര കമ്മറ്റി. അവരും വേണ്ടപ്പെട്ടവരും അവർക്കാവശ്യമുള്ള മണ്ണും മരങ്ങളും ദൈവങ്ങളും. എപ്പോൾ ജനിക്കണം,, എപ്പോൾ കിടക്കണം, എപ്പോൾ ഉണരണം, എപ്പോൾ രമിക്കണം, എപ്പോൾ മരിക്കണം… ഒക്കെയും മുൻകൂട്ടി, അളന്നും തൂക്കിയും നിശ്ചയിക്കാം.
കാലനില്ലാക്കാലം ഒരു വർഗ്ഗത്തിനു പ്രാപ്യം. മറുപക്ഷം ജനാധിപത്യത്തിലും, മൃഗാധിപത്യത്തിലും, മരാധിപത്യത്തിലും പ്രാധിനിത്യാടിസ്ഥാനത്തിൽ പൊരുതിക്കോണ്ടേയിരിക്കുന്നവർ. ആദി പരാശക്തി, അഭിനവ പരാശക്തിക്ക് വഴി മാറുന്നു.
മഹാമൃത്യുഞ്ജയ മന്ത്രം കാലഹരണപ്പെട്ടിരിക്കുന്നു. മാർക്കണ്ഡേയ നാമധാരികളായിരുന്ന പൂർവ്വിക മൂഷിക പിതാമഹന്മാരേയോർത്ത് ചമ്പുരായൻ നെടുവീർപ്പെട്ടു.
കണികാണുവാനുണരുന്ന വെമ്പലോടെ അയാൾ കിടക്കവിട്ടുയർന്നു. കണ്ണു തിരുമ്മി കതിരേശനെ കുലുക്കിയുണർത്തീ.
അഞ്ചരയ്ക്കും ഏഴിനും ഇടയ്ക്കുള്ള കൂട്ടപ്പൊരിച്ചിലിനു ശേഷം, ഇരുവരും സ്കൂള് ലക്ഷ്യമാക്കി പാഞ്ഞു. മഹാമേരുവായി നിന്ന,ആ കെട്ടിട സമുച്ചയത്തിനു മുന്നിൽ, ആകാശത്തിനു കീഴേ നിന്ന് പ്രതീക്ഷയോടെ കിതച്ചു. കതിരേശനു കീഴടക്കാനുള്ള ഉയരങ്ങളെയോർത്ത്, ഒരു നെടുവീർപ്പുതിർത്തുകൊണ്ട് അവനെ വണ്ടിയിൽ നിന്നിറക്കി വിട്ടു.
എന്തെല്ലാം മാറ്റങ്ങൾ! ‘അനന്തം,അജ്ഞാതം,അവർണ്ണനീയം’ ഈ ലോകഗതി ഇനിയെങ്ങോട്ടാണ്.
മൂഷിക വംശം മുഴുവനും, ആചാരവേഷങ്ങളണിഞ്ഞ് നിരനിരയായിരുന്ന് വിലസുന്നതും, നടുക്കൊരു മൂഷികാസനത്തിൽ കതിരേശൻ ഉപവിഷ്ടനാകുന്നതും ചമ്പുരായൻ ഒരു നിമിഷാർദ്ധത്തിനുള്ളിൽ ഓർത്തു തള്ളി.
കാലം സ്വപ്നം കണ്ട് കളയാനുള്ളതല്ല. സ്വപ്നങ്ങൾ ശേഖരിച്ചുവച്ച് കളപ്പുരകൾ നിറയ്ക്കാനുള്ളതാണ്.
കിപ്ലിംഗ് സായിപ്പിന്റെ സ്വപ്നങ്ങളിൽ മാത്രം സംസാരിച്ചിരുന്ന മൃഗലോക പ്രതിനിധികൾ, ഇങ്ങനെ പെരുകിയുയരുമെന്നാരു കണ്ടൂ… അന്ന്. അത് വായിച്ചും വരച്ചും ചലച്ചിത്രങ്ങളാക്കിയും ഉല്ലസിച്ചിരുന്ന കുട്ടികളേയും കുട്ടിക്കളി നടത്തിയ മുതിർന്നവരേയുമോർത്ത് ദു:ഖിച്ചിരുന്ന മാതാപിതാക്കൾ, സ്വപ്നത്തിലെങ്കിലും ഇങ്ങനെ ഒരു വിദൂര സാധ്യത പ്രതീക്ഷിച്ചിരുന്നിരിക്കുമോ?
കപ്പയുടെ കാർന്നിറങ്ങുന്ന കമർപ്പിൽ നിന്നും തൊലി പൊളിച്ചു പുഴുങ്ങി മുളക് ചമ്മന്തിയിൽ മുങ്ങിയ രുചിഭേദങ്ങളിലേക്കുള്ള വേഷപ്പകർച്ച, അടുക്കളയിൽ പെരുമാറിക്കൊണ്ടിരിക്കുമ്പോൾ ചമ്പുവിൻ്റെ ചിന്തകൾക്കിടയിലൂടെ മിന്നി മറഞ്ഞു. പെറുക്കി ജീവിതത്തിൽ നിന്നും ഉയർപ്പിലേക്കുള്ള യാത്രയിലെ തലമുറകളുടെ കുരിശിന്റെ വഴികളെ മനസ്സാ നമിച്ചു.
കണ്ഠകൗപീനാദി തൊങ്ങലുകളിൽ മുങ്ങിയ മനുഷന്മാരാണ് പാറാവിനും ചപരാസി വേലക്കും തൂപ്പിനും ഉദ്യാന പാലത്തിനു മൊക്കെ. നായ്ക്കളെ മാത്രം ഒരിടത്തും മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. ഏതോ നൂറ്റാണ്ടിലെ കൂട്ട വംശഹത്യയിൽ അന്യം നിന്ന് പോയിരിക്കാം. ബന്ധനങ്ങളിൽ നിന്നുള്ള മോചനം, ആധുനിക വത്കരണത്തിലേക്കും വികസനത്തിലേക്കുമുള്ള ഒരു പ്രധാന ചുവട് വയ്പാണ്. സ്വാഭാവികമായും ഉന്മൂലനീകരണത്തിൻ്റെ ആദ്യ നറുക്കു വീണത് നീണ്ട നാക്കിനും ചുരുണ്ട വാലിനും തന്നെ. മനുഷ്യൻ തന്നെ കുരച്ച് തുടങ്ങിയിരിക്കുന്നു; കടിച്ചും.
പ്രധാനാദ്ധ്യാപകന്റേയും മറ്റദ്ധ്യാപകരുടെയും ജോലികൾ ഏതോ അജ്ഞാത കേന്ദ്രവുമായി ഉറപ്പായും ബന്ധിതമാണ്. അവർ ഹ്യൂമനോയിഡുകളാണോ? അല്ലയോ? എന്നു പോലും ഉറപ്പിച്ച് പറയാൻ വയ്യ. കതിരേശന്റെ സഹപാഠികളുടെ കാര്യവും അങ്ങനെ തന്നെ.
അതിപുരാതനവും ആദിമവുമായ ലിപിരൂപങ്ങളാണവിടെ പഠിപ്പിച്ചു കൊണ്ടിരുന്നത്. എങ്കിലും ചമ്പുവും കതിരേശനും പ്രതീക്ഷ കൈവിട്ടിരുന്നില്ല. മൂഷികർ പുസ്തകങ്ങൾ കരണ്ട് തിന്നുന്ന സ്വഭാവം എന്നേ കൈവിട്ടിരുന്നു. അവർ മാർജ്ജാരന്മാരുമായി ചങ്ങാത്തം സ്ഥാപിക്കാൻ അശ്രാന്ത പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു. വെള്ളെലികളും മുയലുകളുമായി സംബന്ധം തുടങ്ങിയിരിക്കുന്നു. ലഹരിപോലെ പുസ്തക ഗന്ധം അവരെ മത്തുപിടിപ്പിച്ചിരിക്കുന്നു.; തീർച്ച
പണ്ടൊരു മാമുനി വളർത്തി വലുതാക്കിയ മൂഷികസ്ത്രീയെപ്പോലെ, അതീവ സുന്ദരിയായിരുന്നു അവൾ. അതിപ്രശസ്തവും അതീവ സുരക്ഷിതവും അതിഗംഭീരവുമായ ഒരു ജനിതക പരീക്ഷണശാലയുടെ പൊന്നോമന മകൾ. വെളുവെളെത്തിളങ്ങുന്ന വെള്ളിരോമങ്ങൾ, ചുവന്നു കൂർത്ത ചുണ്ടുകൾ, തിളക്കമാർന്ന കണ്ണുകളിലെ ചടുല നർത്തനങ്ങൾ.
ആദ്യകാഴ്ചയിൽതന്ന പ്രപഞ്ചസൗന്ദര്യം മുഴുവനായും അവളുടെ ശരീരത്തിലേക്ക് കേന്ദ്രീകരിച്ചത് പോലെ ചമ്പുരായന് തോന്നി. സെഡ് കാറ്റഗറി പാറാവുകാരിൽനിന്ന് സുരക്ഷിതമായൊരകലം പാലിച്ചുകൊണ്ട് അവൻ അവളെ പിൻതുടർന്നു. അവൾ സ്വന്തമെന്നു വിശ്വസിച്ചിരുന്ന രാജ്യത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിലേക്ക് ഒഴുകിയിറങ്ങും വരെ. (ഇക്കാലത്ത് ഓരോ പരീക്ഷണ ശാലയും ഓരോ രാജ്യമാണ്.)
ചമ്പുരായൻ നിരാശനായില്ല. ജന്മജന്മാന്തരങ്ങളായിട്ടാർജ്ജിച്ച തുരംഗനിർമ്മാണശക്തി അവൻ്റെയുള്ളിൽ ജ്വലിച്ചുണർന്നു. ആരംഭ പൂജകളോ മന്ത്രവാദങ്ങളുടെ അകമ്പടിയോ, ഒന്നുമില്ലാതെ, പല്ലുകളും നഖങ്ങളും കടുപ്പമേറിയ ഭൂമിയിൽ ആഴ്ന്നിറങ്ങി. ഏഴോ എട്ടോ മാസത്തെ കഠിന പ്രയത്നം. അവളുടെ രാജ്യത്ത് ഒരു പടിക്കെട്ടിനടിയിൽ അവനെത്തിപ്പെട്ടു. അവളുറങ്ങുന്ന സ്വർണ്ണക്കൂട് അവൻ മറഞ്ഞിരുന്നു കണ്ടു. ചുണ്ടുകൊണ്ട് കൂടിനു വെളിയിലേക്ക് നീണ്ടുനിന്ന വാലിലൊന്നു തൊട്ടു. അവളൊന്നു ഞരങ്ങി. തല മേല്പോട്ടാക്കി മുഖമുയർത്തി. കണ്ണുകൾ താളത്തിൽ തുള്ളിക്കളിച്ചു. പല്ലുകൾ മോണയിലുരഞ്ഞുണ്ടായ ശുദ്ധസംഗീതധാരയിൽ ചമ്പുരായൻ അലിഞ്ഞു ചേർന്നു. സുരക്ഷാമണിമുഴങ്ങി. അവൻ പിൻവലിഞ്ഞു.
എന്തോ പ്രത്യേകതയുള്ള എതോ ഒരു രാത്രിയിൽ സ്വർണ്ണക്കൂട് തുറന്നു കിടന്നിരുന്നു. ആപൽ മണി മുഴങ്ങിയില്ല.… അവർ യാത്രയായി.. ഇരുണ്ട തുരംഗത്തിലൂടെ.… സുഗന്ധധൂപം നിറഞ്ഞു കവിഞ്ഞ എലി മാളങ്ങളിലൂടെ… സമൃദ്ധി വിളമ്പിയ പത്തായത്തിനുള്ളിലൂടെ… വിളഞ്ഞു തുളുമ്പിയ മരച്ചീനിക്കാടുകളിലൂടെ…
യുഗങ്ങൾ ശരവേഗത്തിൽ പാഞ്ഞു. മുന്നീർക്കുടമൊന്നുടഞ്ഞു. വെളുത്ത നാലുപേർ മരിച്ചു വീണു. കറുത്ത കതിരേശൻ ഉണർന്നെണീറ്റു. പാകം ചെയ്ത ആഹാരപദാർത്ഥങ്ങൾ ചിട്ടയോടെ ഭക്ഷിച്ച്, കതിരേശൻ ഉന്മേഷത്തോടെ വളർന്നു. പല്ലുകൾക്കു മൂർച്ച കുറഞ്ഞു. നഖങ്ങൾ നീട്ടി വളർത്താൻ കിൻ്റർ ഗാർട്ടൻ അദ്ധ്യാപകർ അനുവദിച്ചില്ല. വാലിന് നീളം കുറയുന്നുണ്ടോ എന്ന് അവൻ ദിവസേന അളന്നു നോക്കുന്നപോലെ ചമ്പുരായനു തോന്നി.
ആറു മാസങ്ങൾക്കു മുമ്പ് അതുവരെയില്ലായിരുന്ന ഒരു തരിപ്പും കിരുകിരിപ്പും വലതു ചെവിക്ക് പിറകിൽ അവൾക്ക് അനുഭവപ്പെട്ടു. ആരോ ചെവിക്കുള്ളിൽ സ്വകാര്യം പറയുന്ന പോലെ. മധുരത്തിൽ പൊതിഞ്ഞ സുദൃഢമായ ആജ്ഞകൾ.
മുന്നിലെ വെള്ള പൂശിയ ഭിത്തിയിൽ പുതിയൊരു വെള്ളിത്തിര വിടർന്നു വന്നു. മങ്ങിയ വെളിച്ചത്തിൽ കോണിപ്പടികൾക്കടിയിൽ പരുങ്ങി നിൽക്കുന്ന ചമ്പുരായൻ മൂഷികൻ. അലാറം ഓഫു ചെയ്യുന്ന കറുത്ത് തടിച്ച കരങ്ങൾ. അവളുടെ ഉറക്കം മുടക്കാതെ ആരോ ഒരാൾ സ്വർണ്ണക്കൂടിൻ്റെ വാതിൽ തുറന്നിടുന്നു.…അയ്യോ!! തുടർന്നു വന്ന കാഴ്ചകൾ അവൾക്കു താങ്ങാനായില്ല. കണ്ണുകളിറുക്കിയടച്ചു…തലയിണയിൽ മുഖമമർന്നു.…
പഴയ ബന്ധുര കാഞ്ചനക്കൂട്ടിലേക്കുള്ള മടക്കയാത്രയുടെ അനിവാര്യതയും, അതിനായുള്ള റൂട്ടു മാപ്പും മുന്നിൽ തെളിഞ്ഞു. ഓർമ്മപ്പെടുത്തലുകൾക്ക് ഭീഷണിയുടെ നിറം കലർന്നു.
ജനിതകശാസ്ത്രവൂം ബയോണിക്സും റോബോട്ടിക്സും ഒക്കെ മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുന്നു.… ചില മനുഷ്യരും!
പുന: പ്രവേശനം പഴയപോലെ ആസ്വദിച്ചിട്ടുണ്ടാകുമോ, ആ വെള്ളെലിപ്പെണ്ണ്. അവളുടെ പേരെനിക്കറിയില്ല. ചമ്പുരായൻ അവളെ ഒരു പേരു ചൊല്ലി വിളിച്ചിരുന്നില്ല. അല്ലെങ്കിൽ തന്നെ ഒരു പേരിലെന്തിരിക്കുന്നു… പേരുള്ള എത്രയോ പേരിതിലേ ഇഴഞ്ഞു നടക്കുന്നു.
ചമ്പുരായൻ കൈകാലുകൾ ഭൂമിയിലേക്ക് ശക്തിയിലൂന്നിപ്പിടിച്ചു. മുതുകുയർന്നു നിന്നു.
വിഘ്നേശ്വരനു വേണ്ടി മാത്രമല്ല… കടലിനും സൂര്യനും കറുത്ത മേഘങ്ങൾക്കും കൊടുമുടികൾക്കും മറ്റു പലതിനും വേണ്ടി..
….. മൂഷിക സ്ത്രീ മാത്രമല്ല, പുരുഷനും മക്കളും മൂഷികരായി തുടർന്നു.