സുനി
തിരുശേഷിപ്പുകൾ
മൗനം
പുതച്ചുറങ്ങുന്ന
മഹാമേരു.
ആകാശം തൊട്ടിട്ടും
വികാരങ്ങളില്ലാതെ.
രണ്ടു പെണ്ണുങ്ങൾ
പ്രതീക്ഷകളുടെ
മഴവെള്ളപ്പാച്ചിലിലാണ്
കടലാസ്സുതോണികൾ
മുങ്ങി മരിച്ചത്.
ഇരട്ടകൾ
ഭാഗിച്ച് കിട്ടിയ
വീടിനകത്ത്
വീണ്ടും അതിരിട്ടാണ്
അടുക്കള രണ്ടാക്കിയത്
ഭൂപടം
വിയർപ്പുകൊണ്ട്
അതിരുകളില്ലാത്ത
ഒരു ഭൂപടം വരക്കണം
ഉറുമ്പുകളറിഞ്ഞത്
ഉറമ്പരിച്ചു
തുടങ്ങുമ്പോഴാണ്
ശവം
മിണ്ടിത്തുടങ്ങുന്നത്.
യാത്ര
തോറ്റുപോയത്
എവിടെ നിന്നാണെന്ന്
ഓർത്തെടുക്കാനാണ്
യാത്ര പോയത്.
ഞാൻ
കുടിച്ച് വറ്റിച്ചത്
കടലോളം
പുകച്ച് കളഞ്ഞത്
വാനോളം
മുടിച്ച് തീർത്തത്
മലയോളം
മദിച്ച് നടന്നത്
മദയാനയായി....
ചിരവ
തലയുയർത്തി തനിച്ചിരിപ്പാണ്
ചിരകുവാൻ കൂർപ്പിച്ച പല്ലുമായ്
ചുമരിലലങ്കോലമായി ചിരവ.