സുബീഷ് തെക്കൂട്ട്
നിറമില്ലാത്ത മഴവില്ല്
ഒരൊറ്റ
ചെടിയിൽ
ഒരിക്കലും
കൊഴിയാത്ത
രണ്ടിലകളാകണം.
പ്രണയം
ശലഭമായി
നമ്മെ
ചുംബിക്കണം.
നമുക്കൊരു
കുഞ്ഞ്
പിറക്കണം
അവനെ
സൂര്യനെന്ന്
വിളിക്കണം.
നമ്പൂരി
കുമ്പിടുന്ന
കോവിലിൽ
നായാടിത്തെയ്യമായി
ഉറയണം
അവൻ.
പിന്നെയും
കുഞ്ഞ് പിറക്കണം,
അവൾ നദിയാകണം
നിളയാകണം
പൊന്നാനിയിലെ
മാപ്പിളക്കും
പട്ടാമ്പിയിലെ
നായർക്കും
വധുവാകണം.
കേൾക്കുന്നുണ്ടോ
പെണ്ണേ
മതമില്ലാത്ത
മക്കൾക്ക്
നാം
മരമാകാമെന്ന്.
പേരിടാത്ത
ഋതുക്കൾക്ക്
നാം
വസന്തമാകാമെന്ന്.