ഷൈല തോമസ്
കടലിരമ്പം
ഇരുളിലേക്കുണരാനാണ്
പകലത്രയും കുടിച്ചുവറ്റിച്ചത്
നിലാവിൽ നീരാടുവാനാണ്
വെയിലിനെ ഉരിഞ്ഞെറിഞ്ഞത്
നക്ഷത്രങ്ങൾക്ക് വിരിയാനാണ്
സൂര്യനെ ചെമ്പട്ടിൽ പൊതിഞ്ഞത്
കടലിരമ്പങ്ങൾക്ക് കാതോർക്കുവാനാണ്
മണൽത്തരികളിൽ മുഖംപൂഴ്ത്തിയത്
എന്നിട്ടും,
അറിയാതെ പോയിഞാൻ,
നിലാവു പെയ്തതും
നക്ഷത്രങ്ങൾ വിരിഞ്ഞതും
അറിയാതെ പോയി..
ഇരുളുമൂടിയ തിരയനക്കങ്ങളിൽ
മണലുതിർന്നതും
മുടിയുലഞ്ഞതും
കടലിനാഴങ്ങളിൽ
ഓർമ്മകൾ മാഞ്ഞതും
അറിയാതെ പോയി
ഒടുവിൽ
മൂന്നാം പുലരിയിലേക്കുണരവേ
ആരോ ഉപേക്ഷിച്ച ശംഖിനുള്ളിൽ
കടലിരമ്പുകയും
മണലിൽ ശീതമുറയുകയും
ആകാശത്ത് ഒരു പകൽനക്ഷത്രം
മെല്ലെത്തെളിയുകയും ചെയ്തു...