ഷീമ മഞ്ചാൻ
പെൺകഥ
തവള ചത്തുവീർത്തതു പോലെ
ആൾക്കൂട്ടത്തിന്
മുന്നിൽ അവൾ
വിവസ്ത്രയായി കിടന്നു.
കാഴ്ചകൾ കുത്തിനിറച്ച
കണ്ണുകളിൽ
അവസാനകാഴ്ച കണ്ട
പകപ്പ്
അവസാനിച്ചിരുന്നില്ല.
ഭ്രാന്തൻനായ്ക്കൾ ആർത്തിയോടെ
നക്കിച്ചോപ്പിച്ച ചുണ്ടുകളിൽ
മൃദുഹാസം പൊടിഞ്ഞിരുന്നു.
അമ്മിഞ്ഞപ്പാൽ
കുടിച്ച് വറ്റിച്ചവന്റെ
പല്ലാഴ്ന്ന്
അവളുടെ മാറിടത്തിൽ
വാകപ്പൂക്കൾ ചിതറി കിടന്നു
എണ്ണിയാലൊടുങ്ങാത്ത
മക്കളുമായി നാഭിബന്ധമുള്ള
പൊക്കിൾച്ചുഴിയിൽ
മുരിക്കിൻ പൂക്കൾ വാടിക്കിടന്നു.
ചാരിത്ര മലിനീകരണത്താൽ
മൂക്കുപൊത്തിയ
സദാചാരക്കണ്ണുകളിൽ
നിലത്തെറ്റിയ
ചുഴിപ്പുഴകളൊഴുകുന്നു
കിടപ്പിലെ വിവിധ
ആംഗിളുകൾ പകർത്തിയ
ക്യാമറക്കണ്ണുകളിൽ
ചുവിടിsറാത്തൊരു
പെൺമുഖമുണ്ട്
പരിണാമഗുപ്തിയില്ലാത്ത
കഥക്കണ്ണുള്ള
ഒരു വെറും പെണ്ണ്.
കടൽ, കാന്തം
ഒരാകാശത്തിന് കീഴെ
ഒരുമിച്ചിരുന്നിട്ടും
നിന്റെ
ഹൃദയപ്പുഴ ഒഴുകിയത്
മറ്റൊരു
കടലിലേക്കായിരുന്നില്ലേ ?
കടലിലൊന്നിക്കാമെന്ന്
കരുതി
ഞാനൊഴുകി
എത്തുമ്പോഴേക്കും
വരണ്ട ഭൂമിക
എന്നെ
വലിച്ചൂറ്റി
കളഞ്ഞില്ലേ ?
കാന്തം
പോകുമ്പോൾ
കൊണ്ടുപോയതെന്റെ
ഹൃദയമായിരുന്നു.
നെഞ്ച് വിങ്ങിയ വേദനയാൽ
അത് അടയാളപ്പെടുത്തി
മറയുന്നതിന് മുമ്പുള്ള നോട്ടവും
വിരൽ തൊട്ട തണുപ്പും
മാത്രമാണിനിയെന്റെ സ്വന്തം.
ബോധചിന്ത നഷ്ടപ്പെട്ട
ഉപയോഗശൂന്യമായ
എന്നെ
തിരിച്ചെടുക്കേണ്ടതിനി
നീയാണ്.
എത്ര അകലേയ്ക്കോടി മറഞ്ഞാലും
നിന്റെ കാന്തിക വലയത്തിലേക്ക്
എന്തിനാണ് വീണ്ടും
ആകർഷിക്കുന്നത് ?
അത് തരുന്ന മൗനത്തിൽ
നിന്ന് എങ്ങനെയാണൊന്ന്...
വീണ്ടും അവൾ
അവളൊരു ചിത്രകാരിയായിരുന്നു
കരിക്കട്ട കൊണ്ടും പച്ചിലകൊണ്ടും
മുറ്റത്തും ചുമരിലും വരച്ചു.
അമ്മ കൈയ്യടിച്ചു
അച്ഛനുമ്മ നൽകി
ചേട്ടൻ കോരിയെടുത്തു
ചേച്ചി ചേർത്തു നിർത്തി
അവൾ പെണ്ണായി
കൂടുതൽ മൗനിയും.
ചിത്രങ്ങൾ
അവളായ്
വിപ്ലവം
അസഹിഷ്ണുത
പ്രതിഷേധം
സ്വപ്നങ്ങൾ
ക്യാൻവാസിൽ
സംസാരിച്ചു.
ചിലർ നെറ്റി ചുളിച്ചു
ചിലർ ഒറ്റപ്പെടുത്തി
ചിലർ സ്നേഹിച്ചു
സഹിക്കാനാവാതെ വീട്ടുകാർ
വർണ്ണ ബോധമില്ലാത്തവന്
അവളെ വിറ്റു.
അയാൾ ചായപ്പെൻസിലൊടിച്ചു.
നാവും ചുണ്ടും തുന്നിച്ചേർത്തു.
കണ്ണിൽ എരിക്കിൻ...