ജിഷ.കെ
അനുകരണ കലയെന്ന ജീവിതം
ഏറ്റവും ലളിതമെന്ന
അതിജീവന കല
മുറിപ്പെടുമ്പോൾ
പൂർവ്വജന്മത്തിലേക്ക് നാട് കടത്തപ്പെടുന്ന
എന്റെ തന്നെ വേദനകൾ..
സഹയാത്ര
ഈ യാത്ര നമുക്കൊരുമിച്ചാവാം
വഴിയിലൊരിടത്തും നമുക്ക്
താവളങ്ങൾ വേണ്ടല്ലോ
സമയം തെറ്റി ഓടുമ്പോൾ
പതിവുപോലെ നിനക്ക്
പരിഭ്രമവും വേണ്ട
കൂകി വിയർത്ത വേഗതയെ
ഒരുവട്ടം പരിഹസിക്കാം
ചുമലോരം ചാഞ്ഞുറങ്ങുന്ന
പരാതിക്കെട്ടുകളെ നമുക്ക്
വഴിയിലിറക്കി വിടാം.
നമുക്കിടയിൽ സ്ഥാനം പിടിച്ച
അപരിചിതരായ
അസ്വസ്ഥതകളെ
കണ്ടില്ലന്ന് വെയ്ക്കാം
ഒരല്പനേരത്തേക്ക്
നീ പെയ്തിറങ്ങുവോളം
ഏറെ നേരം കണ്ണിലൊട്ടിക്കിടന്ന
ആ വിഷാദബിന്ദു
സഹയാത്ര ചെയ്യട്ടെ
നമുക്കൊപ്പം
മറവിത്തുരങ്കത്തിലേക്ക്.
ഇനിയൊരല്പനേരമല്ലേയുള്ളൂ
ഇരുൾക്കാട്ടിലീകൃഷ്ണമണികൾ
പൊഴിച്ചിട്ടാലെന്ത്?
നിനക്കേറെയിഷ്ടമുള്ള
ചുവന്ന മഞ്ചാടി...