വണക്കം ശ്രീ മുത്തുപ്പട്ടർ.
കശ്യപൻ എന്ന്
ആധാർ പേരുള്ള താങ്കൾക്ക്
ദക്ഷന്റെ മൂത്ത മോൾ
അദിതിയിൽ ജനിച്ച
മിസ്റ്റർ ദേവേന്ദ്രന് നല്ല
ചുട്ട അടിയുടെ കുറവുണ്ട്.
മഴയുടെ ദേവൻ
എന്ന പദവിയിലാണ്
താങ്കളുടെ മകൻ
ദേവേന്ദ്രൻ ഉള്ളത്.
പക്ഷേ, ആവശ്യമില്ലാത്തിടത്ത്
മഴ പെയ്യിച്ചും
അത്യാവശ്യമുള്ളിടത്ത്
തുള്ളി വെള്ളം കൊടുക്കാതെയും
അദ്ദേഹം ചിരിച്ചു കളിച്ചു നടക്കുന്നു.
പഞ്ചാശ്വ രാജാവിന്റെ പുത്രിയും
ഗൗതമ മുനിയുടെ ഭാര്യയുമായ
മഹതി അഹല്യയെ
അവരുടെ കെട്ടിയവന്റെ
വേഷത്തിൽ ചെന്ന് എട്ടിന്റെ ചതി
പണിഞ്ഞ ശ്രീ ദേവേന്ദ്രൻ
അഹല്യയുടെ യൗവനത്തിലെ
സിംഹഭാഗവും നശിപ്പിച്ചു കളഞ്ഞു.
അങ്ങേയറ്റം സ്ത്രീവിരുദ്ധമായ
ഈ നടപടി തികച്ചും അപലപനീയമാണ്.
കൈയുടെ ദേവനാണെന്ന് സ്വയം
അഭിമാനിക്കുന്ന
ശ്രീ ദേവേന്ദ്രന്
കേരളത്തിൽ കൈ കൊണ്ട് നടക്കുന്ന
രാഷ്ട്രീയ കൊലപാതകങ്ങളിൽ
വ്യക്തമായ അറിവ് ഉണ്ടായിരിക്കേണ്ടതാണെന്ന്
ഊഹമല്ല മുത്തുപ്പട്ടർ ജീ,
വസ്തുതയാണ്, വസ്തുത !
2010 ജൂലൈ 04 ഞായറാഴ്ച
രാവിലെ 8:05 ന്
മൂവാറ്റുപുഴയിൽ ഒരു പറ്റം ആൾക്കാർ
പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയപ്പോഴും
താങ്കളുടെ മകൻ
പച്ചപ്പരമ നിസംഗത പാലിക്കുകയായിരുന്നു
ശ്രീ മുത്തുപ്പട്ടർ സാർ !
തിരക്കുള്ള ബസ്സിലും
ട്രെയിനിലും തെരുവിലുമെല്ലാം
കാമം മുറ്റിയ പുരുഷക്കൈകൾ
പെണ്ണിന്റെ ദേഹത്ത്
തോണ്ടാൻ ചെല്ലുമ്പോഴൊക്കെ
കൈയുടെ ദേവനായ മിസ്റ്റർ ദേവേന്ദ്രൻ
അക്ഷരം മിണ്ടാതെ ബബിൾഗം
നുണച്ചോണ്ടിരിപ്പാണ് പതിവ്.
ആയതിനാൽ
ദേവരാജ പിതാവായ മുത്തുപ്പട്ടർ മാണിക്യമേ,
തിരക്കെല്ലാമൊഴിഞ്ഞ് താങ്കളുടെ മകനെ
ഒന്നു കണ്ടുകിട്ടുകയാണെങ്കിൽ
ചന്തിക്കു നുള്ളി ഇറുക്കി വട്ടം തിരിച്ച്
വേണ്ടത് വേണ്ടിടത്ത് ചെയ്യാൻ ഉപദേശിക്കുക.
അറിയണം മുത്തുപ്പട്ടർ സാർ,
അച്ഛന്റെ നന്മയാണ്
മകന്റെ ആയുസ്സ്.