ദിശതെറ്റിപ്പറക്കുന്നവർ

സ്വപ്നത്തില്‍
അവർ ഉണക്കമുന്തിരിയും
ഈന്തപ്പഴവും
കരിപ്പെട്ടിയും ചേർത്ത്
എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.
ഇടിയിറച്ചിയും മീൻപൊരിച്ചതും
ഒരുക്കിവെച്ച്
എന്നെ കാത്തിരിക്കുന്നു.
സ്വപ്നത്തിൽ
ഞാൻ വയൽവരമ്പിലൂടെ
അലസമായൊഴുകുന്നു.
എൻറ മഞ്ഞപ്പട്ടുപാവാടയുടെ
കസവുഞൊറികളിൽ
ഒരു പുൽച്ചാടി ഇറുക്കിപ്പിടിച്ചിരിക്കുന്നു.
തൊങ്ങലുകൾപോലെ
വയലറ്റുകൊന്തൻപുല്ലിൻറ
സൂചികൾ തറയ്ക്കുന്നു.

തുമ്പപ്പൂവിനാൽ ചേമ്പിലവട്ടകയിൽ
താറാവിനെ മേയ്ക്കുമ്പോൾ
തലയാവുന്ന ചെറുപൂക്കൾ
പാദങ്ങളെ ചുംബിക്കുന്നു.

കുളിപ്പിന്നൽ മുടിയിഴകളിൽ
നിന്നൊരു നന്ത്യാർവട്ടപ്പൂവ്
വയൽക്കിളികളെ നോക്കുന്നു.
മുടിയിൽനിന്നൊരുനീർമണി
കൊത്തലുണ്ണിയുടെ നെറുകയിൽ
മഴച്ചാറ്റലാവുന്നു.

തഴച്ചനെല്ലോലകളെയും
പൊടിച്ചു വരുന്ന കതിരുകളെയും
തെങ്ങോലത്തുമ്പുകളെയും
നാട്ടുമാമ്പൂക്കളെയും
തേക്കിലച്ചോപ്പുകളെയും
വാഴക്കുടപ്പനെയും
തഴുകിയൊരിളം തെന്നൽ
വയൽകടന്നുപോകുന്നു.

ജാഗരത്തിൽ ഞാനെൻറ
പ്രാരബ്ധങ്ങളുടെ
കണക്കുനോക്കുന്നു.
ജീവിതത്തിൻറ
ആസ്തിബാധ്യതകളെ
തട്ടിക്കിഴിക്കുന്നു.
മിച്ചമധികമില്ലെന്നറിഞ്ഞു വിളറുന്നു.
ആകസ്മികതയുടെ ലഹരിയിൽ
നിന്നൊരിറ്റുനുണയുന്നു.
വിറ്റു കളഞ്ഞ സമയത്തെക്കുറിച്ചു
ഖേദിക്കുന്നു.

ചരക്കുമുറിയിൽ
ഉണ്ടായേക്കുമെന്നു കരുതുന്ന
നിർണ്ണയിക്കപ്പെടാത്ത സമയത്തെ
ലാഭത്തിൽ ചിലവഴിക്കാനായേക്കുമോയെന്ന്
ആകുലപ്പെടുന്നു.

നഷ്ടങ്ങളുടെ കണക്കുകൂട്ടി
അക്കങ്ങൾ മാഞ്ഞുപോകുന്നു.
സ്വപ്നത്തിൽ മഞ്ഞെന്നുകരുതി
കഞ്ചാവുപുകയിൽ ഞാനലിഞ്ഞുപോകുന്നു;
ഫ്രഞ്ചുമാരിഗോൾഡിൻറ മണം
എൻറ ഓർമ്മകൾക്ക് ഉത്പ്രേരകമാകുന്നു.

ജാഗരത്തിൽ
ഞാൻ പെരിവിങ്കിൾ പൂക്കളിലേക്കും
മഞ്ഞക്കിളിയുടെ നനഞ്ഞ
തൂവലുകളിലേയ്ക്കും
കയ്യാലയിൽ നിന്നു ഞാന്നുകിടക്കുന്ന
കണ്ണിൽത്തുള്ളികളിലേയ്ക്കും
ദിശതെറ്റിപ്പറക്കുന്നു.

നിങ്ങളുടെ മനസിൽ
ഇപ്പോൾ എന്തുനടക്കുന്നുവെന്ന്
എനിക്കറിയില്ല.

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.