അവളിലേക്ക് നടക്കുമ്പോൾ

കവിത എഴുതുന്നവളെ
പ്രണയിക്കരുത്.
അവൾ
തിരികെ
പ്രണയിച്ചില്ലെങ്കിലും
നിങ്ങളെ
കൈ രേഖകൾ പോലെ
ഒരിക്കലും മായാത്ത
വരികളാക്കി കളയും.
എത്ര ഉരച്ചാലും
മാറ്റ് കുറയാത്ത
ഒന്നായി അവളിൽ
നിങ്ങൾ
തിളങ്ങി നിൽക്കും.

അവളെഴുതുന്ന
വരികൾ
നിങ്ങൾക്കുള്ളത്
എന്ന് കരുതി
ഉള്ളിൽ
ഒരു നിലാവ് പെയ്യും.

കൊടും കാട്ടിൽ
ഇരുട്ടിൽപ്പെട്ടവളെ പോലെ
ഭയത്താൽ
അവളിലെ വിഷാദി
ഉള്ളു നീറി കുറിച്ചത്
വായിച്ച്
അവളെ
ചേർത്ത് പിടിക്കാൻ
നിങ്ങൾ കൊതിക്കും.

വിളറിയ ഒരു
പകൽ പോലെ
ക്രമമില്ലാത്ത
അക്ഷരങ്ങൾക്കിടയിൽ
നിന്ന്
പറയാതെ തന്നെ അറിഞ്ഞ സ്നേഹത്തെ
നിങ്ങൾ
കണ്ടെടുക്കും.
അതിലെ സൂചകങ്ങൾ
നിങ്ങൾക്കുള്ളത്
എന്ന് തെറ്റിദ്ധരിക്കും.

കവിതയിൽ
പരക്കുന്ന
മരണത്തിന്റെ ഗന്ധം
നിങ്ങളെ ശ്വാസം മുട്ടിക്കും.

നിനച്ചിരിക്കാതെ
പെട്ടെന്ന് വന്നു പോയ
മഴ പോലെ
കണ്മുന്നിൽ
നിന്ന് പൊടുന്നനെ
അവൾ മാഞ്ഞു പോകുമോ
എന്ന് നിമിഷം തോറും
നിങ്ങൾ
ഉത്കണ്ഠപ്പെടും.

എന്നാൽ
അവൾ
വരഞ്ഞ കവിത
അവസാന ശ്വാസം വരെയും
നിങ്ങളെ
അവളിലേക്ക് തന്നെ
നടത്തിക്കും.

അവളുടെ പ്രണയം
തിരക്കിനിടയിലും
തന്നെ മാത്രം തേടിയിരുന്ന,
കണ്ണിൽ നിറയെ കവിത
പടർന്ന
ഒരു കാലത്തിൽ…
എന്നോ
നിശ്ചലമാക്കപ്പെട്ട
ഭൂതകാലത്തിന്റെ
കല്പടവുകളിൽ….
അവളെ കാത്തിരിക്കും

ഉള്ളിൽ
ആ ഉന്മാദിയോടുള്ള
സ്നേഹത്താൽ
ഉലഞ്ഞ്
കാഴ്ചയും കേൾവിയും
സ്പർശവും എല്ലാം
ഒരുവനിലേക്ക്
ചുരുക്കി
ധ്യാനത്തിലെന്ന പോലെ
കവിതയിൽ
ലയിച്ച്
അവൾ
അപ്പോൾ തന്റെ പ്രണയത്തെ
എഴുതി പൂർത്തിയാക്കുന്ന
തിരക്കിൽ ആവും.

കോട്ടയം സ്വദേശി. ഇപ്പോൾ കാസറഗോഡ് താമസം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം, എംഫിൽ. ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തക. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു.