മണൽച്ചിപ്പികൾ

കരിങ്കണ്ണുതട്ടി 

ചിതറുന്ന വാക്കേ 

പെരും ചീളുകൊണ്ടെൻ 

വഴിക്കണ്ണുടഞ്ഞേ.

നിണം തൊട്ട വാക്കിൻ 

പൊരുൾ കണ്ട നാളിൽ 

നിനക്കോർമ്മയുണ്ടോ 

നിരാലംബ ജൻമം?

നുകം കെട്ടിയോടും 

ദുരാഗ്രഹക്കാലം 

വഴിക്കെത്ര ചക്രം 

വലിക്കുന്നു നിത്യം.

സ്വരം താഴ്ത്തിയാരോ 

വിളിക്കുന്നു ദൂരെ 

മരുപ്പച്ചയാവാം 

മഴത്തുള്ളിയാവാം.

കടിച്ചൂറ്റുവാനായ് 

മുഴുഭ്രാന്തരാവാം 

പകച്ചോടിയെത്തും 

മൃഗക്കൂട്ടമാവാം.

എനിക്കെന്റെ വാക്കിൻ 

കരൾചോപ്പു തായോ 

ഇരുട്ടിന്റെ ദിക്കിൽ 

ജ്വലിച്ചൊന്നുദിക്കാൻ.

ബലിക്കാക്കയല്ലെ-

ന്നരിപ്രാക്കൾ വന്നീ 

കടൽത്തീര സന്ധ്യയ്

ക്കെടുക്കട്ടെയന്നം.

കുളിപ്പിച്ചെടുക്കും 

മണൽചിപ്പിതോറും 

പിടയ്ക്കുന്ന കണ്ണിൻ 

കതിർമുത്തു തായോ. 

പകലാണിവൾ, ജീവന്റെ വാക്കുകൾ,അവസാനത്തെ മനുഷ്യൻ (കവിതാ സമാഹാരങ്ങൾ), സോബ് ഓഫ് സ്ട്രിങ്ങ് സ് (ഇംഗ്ലീഷ് കവിതാ സമാഹാരം), മാലാഖ മത്സ്യം (കഥാ സമാഹാരം) എന്നിവയാണ് പ്രധാന കൃതികൾ. സാഹിത്യ അക്കാദമി കനകശ്രീ പുരസ്കാരം, ആശാൻ പ്രൈസ്, ഒഎൻവി ഫൗണ്ടേഷൻ യുവകവി പുരസ്കാരം, മലയാറ്റൂർ പുരസ്ക്കാരം, വയലാർ രാമവർമ്മ കാവ്യാ പുരസ്കാരം, കലാകൗമുദി മഹാകവി പള്ളത്ത് രാമൻ പുരസ്ക്കാരം തുടങ്ങി നിരവധി അവാർഡുകൾ. കോളേജ് അദ്ധ്യാപികയാണ്.