പ്രശസ്ത നാടക സംവിധായകനും നടനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാടക ലോകത്ത് പുത്തൻ പരീക്ഷണമായി മോഹൻലാലും മുകേഷും പ്രധാന വേഷത്തിൽ അഭിനയിച്ച ‘ഛായാമുഖി’യുടെ സംവിധായകനാണ്. മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണൻ.
പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങി. മുപ്പതോളം നാടകങ്ങൾ എഴുതി. അറുപതിൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ്. 2008-ൽ മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കി.
പ്രമേയത്തിൻ്റെ പ്രത്യേകതയും സമകാലിക വിഷയപ്രസക്തിയും സംവിധാനമികവും ഏറെ ചർച്ച ചെയ്യപ്പെട്ട ‘മകരധ്വജൻ’ എന്ന നാടകം, സ്ത്രീയുടെ സ്വത്വവേവലാതികളെയും സ്ത്രീശാക്തീകരണത്തെയും പ്രമേയമാക്കിയ ‘കറ ‘ എന്ന ഒറ്റയാൾ നാടകം, ‘താജ് മഹൽ’ എന്ന ശക്തമായ രാഷ്ട്രീയബിംബം പ്രമേയമാക്കിയ കവിതയുടെ ദൃശ്യാവിഷ്കാരമായ ‘താജ്മഹൽ’ എന്ന നാടകം എന്നിവ പ്രശാന്ത് നാരായണൻ്റെ പ്രവർത്തനവഴികളിൽ ശ്രദ്ധേയമായവയിൽ ചിലതാണ്. ദേശാഭിമാനി പത്രത്തിന് വേണ്ടി എം.ടി യുടെ ജീവിതവും മികച്ച കൃതികളും കോർത്തിണക്കി ചെയ്ത ‘മഹാസാഗരം’ എന്ന നാടകം ഏറെ ചർച്ചചെയ്യപ്പെട്ടു. മണികർണ്ണിക, ടാഗോറിന്റെ തപാലാപ്പീസ്, ഭാസന്റെ ഊരുഭംഗം, ദൂതഘടോത്കചം, ഷേക്സ്പിയറിന്റെ ഹാംലറ്റ് തുടങ്ങിയവയും സംവിധാനവഴികളിലെ മികച്ച തെളിവുകളാണ്. പതിനേഴാമത്തെ വയസ്സിൽ ‘ഭാരതാന്തം’ എന്ന ആട്ടക്കഥ എഴുതി ചിട്ടപ്പെടുത്തി. പിന്നീടത് പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുകയും ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെടുകയും ഉണ്ടായി. ഇന്തോ-ജർമ്മൻ പ്രോജക്റ്റിന് വേണ്ടി യൂറിപ്പിഡിസിന്റെ പ്രസിദ്ധ കൃതി ‘മിഡിയ’ ആട്ടക്കഥാരൂപത്തിൽ എഴുതി.
2003 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കൂള്ളഅവാർഡ്, 2011 ൽ ദുർഗ്ഗാദത്തപുരസ്കാരം, 2015 ൽ എ പി കളയ്ക്കാട് അവാർഡ്, 2016ൽ അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്. പ്രശാന്ത് നാരായണന്റെ ചെയർമാൻ ഷിപ്പിൽ 2015 ജൂലൈയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതാണ് കളം എന്ന നാടക പരിശീലനക്കളരി . തീയറ്റർ രംഗത്തും സിനിമാ രംഗത്തും ശ്രദ്ധേയരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്യാൻ ഇതിന് കഴിഞ്ഞു .
ഛായാമുഖി, നാടക ടിക്കറ്റ്, ഭാരതാന്തം , പ്രശാന്ത് നാരായണന്റെ അഞ്ച് നാടകങ്ങൾ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് .