കാ(ള)കളി

കണ്ടിരിക്കെ നാല് കാലുകൾ
താളത്തിൽ മുന്നോട്ടു ചലിക്കുന്നു
കണ്ണടക്കെ മധുരമായതൊന്നു കേൾക്കുന്നു.

കാരണവർ തീപ്പെട്ടപ്പോൾ
കണ്ണുപൊത്തിക്കരയുന്നു
കരഞ്ഞു കരഞ്ഞു പെണ്ണിന്
വയറ്റിലുണ്ടാവുന്നു.

പുലപ്പേടിക്ക് പുടവമാറിയൊരുത്തി
പാടവക്കത്തേക്കോടുന്നു,
പിന്നിലെ പൊന്നന്റെ പൂവാങ്ങുന്നു.

കാരണവർ മരിച്ചവളും
പൂവാങ്ങിയവളും
തമ്മിൽ കാണുന്നു
അത് താനല്ലയോ
ഇതെന്ന് ചിരിക്കുന്നു.

പെറ്റവൾ പെറ്റത് പെട്ടെന്നൊരാൺകുഞ്ഞിനെ
ആൺകുഞ്ഞിന്റെ അമ്മയല്ലേ,
പെണ്ണ് പുലർക്കുന്നു.

പുല പുലരിക്ക് പെൺകുഞ്ഞിനെ പെറ്റു
എന്ത് കാര്യം!
പുല! പെണ്ണിനെ പെറ്റു!
പോയില്ലേ പൊരുളൊക്കെ!

ആൺകുഞ്ഞിനെപ്പെറ്റവളും
പെൺകുഞ്ഞിനെപ്പെറ്റവളും
തമ്മിൽ കാണുന്നു.
ഒട്ടുമേയൊന്നുപോലല്ലെന്ന്
കിതക്കുന്നു.
ഒന്നുകൂടി മരിക്കുന്നു.