ഇടവപ്പാതിയെന്നു കേൾക്കുമ്പോൾ
ഇഞ്ചിക്കണ്ടത്തില്‍ നിരത്തിയ
ചോരക്കാലിയിലകളെ നനച്ച്
ആകാശം,
ഒരു ചാറ്റല്‍മഴപ്പനിനീര്‍ തളിക്കുന്നു.
തൂമ്പയിലെ മണ്ണ് കൊട്ടിക്കളഞ്ഞ്,
ചാണകം മെഴുകിയ തിണ്ണയിലെത്തുന്നേരം
അതു പേമാരിയായ് കനക്കുന്നു.
കാലവര്‍ഷമെന്നു നിനയ്ക്കുന്നേരം
തുമ്പിക്കൈവണ്ണത്തില്‍ പെയ്തു നിറയുന്നു,
പാടവും തോടും തൊടിയും തോരാമഴയില്‍.
നനഞ്ഞൊലിച്ച ഒരു പ്രഭാതം
മടിപിടിച്ചുണർന്നു വരുന്നു.
മീനുകള്‍ നിറഞ്ഞ്, വാലുമാക്രികൾ പെരുകി
പെരുമഴക്കാലം.
തുലാവര്‍ഷത്തെയോർക്കുമ്പോള്‍ പൊടുന്നനെ
ഉച്ചവെയില്‍ മങ്ങി
ഇടികുടുക്കത്തോടൊരു മഴ
തുള്ളിക്കൊരു കുടം പെയ്തൊഴിയുന്നു.
ജപമാലയുടെ മണികള്‍ ഈറനടിച്ചു നനയുന്നു,
ഒരു ലുത്തിനിയപ്രാർത്ഥന കുട നിവര്‍ത്തുന്നു.
മഴ തോർന്നിട്ടും
മരം പെയ്യുന്ന ഒരു സന്ധ്യ,
കുന്നിറങ്ങി വരുന്നു.
വെയില്‍ പെയ്യുമീ ഗ്രീഷ്മത്തില്‍
മഴക്കാറ്റുകൊണ്ടും മഴനൂലുനൂറ്റും
ഞാനൊരു മഞ്ഞു പരവതാനി
ഓര്‍മയാൽ നെയ്യുന്നു.