ഭരണാധിപൻ കൊട്ടാരം വിട്ടതിൽ പിന്നെ,
ജനങ്ങളുടെ ആധി ഒഴിഞ്ഞിട്ടില്ല
അദ്ദേഹം രാജ്യം ഭരിച്ചത്
ഏറെ വീർപ്പുമുട്ടിയായിരുന്നു.
പടിയിറങ്ങിയ കൊട്ടാരത്തിൽ
തീപുകഞ്ഞതേയില്ല
പരിവാരങ്ങൾ ഭിത്തികൾ ചാരി ചടഞ്ഞിരുന്നു.
അദ്ദേഹത്തിൻ്റെ കുതിര അയവെട്ടാതെ,
ചെവികൾ കൂർപ്പിച്ച് കാത്തുനിൽക്കും പോലെ
രാജ്യമാകെ പകലും ഇരുട്ടു ബാധിച്ചിരുന്നു.
അദ്ദേഹം തിരിച്ചു വരാത്ത നിലയിൽ,
രാജ്യത്തെ ഉപേക്ഷിച്ചിരിക്കുന്നു.
താഴുകൾ തുരുമ്പിച്ച ആയുധപ്പുരയിൽ,
വീര്യമുറഞ്ഞതിൻ്റെ ഗന്ധം വമിക്കുന്നു.
അന്തപ്പുരത്തിലെ നെയ് വിളക്കുകളിൽ,
കരിന്തിരി കത്തിയമർന്നിട്ട് നാളുകളായിരിക്കുന്നു.
കൊട്ടാരമുപേക്ഷിച്ചരാജാവ് ജനതയുടെ നിലാവായിരുന്നു,
ഇന്നയാൾ പൊട്ടിത്തെറിച്ചേക്കാവുന്ന ടൈംബോമ്പ്.
വിശ്വാസഹത്യയിൽ പടികളിറങ്ങിയവൻ
ഓരോ കിനാവിലും നിറഞ്ഞു നിന്നവൻ
അവൻ്റെ കൊട്ടാരം അസാന്നിധ്യം കൊണ്ട് ചാരമായിരിക്കുന്നു
അധികാരം പടിയടച്ചു വെച്ച പിണ്ഡം
അതു കാക്കകൾ കൊത്താൻ ഭയക്കുന്നു
അതിലെ ദർഭപ്പുല്ലുകൾ ആയുധങ്ങളാകാം.
കാറ്റ് അരയാലിലകളിൽ മണികൾ കിലുക്കുന്നു
അകലെയെവിടെയോ ഒരാൾ ബോധവാനായിരിക്കുന്നു
അവൻ്റെ ശൗര്യം, ആർത്തി, വികാരങ്ങൾ,
അവൻ്റെ ബോധത്തിലൊടുങ്ങിക്കഴിഞ്ഞു.
ലക്ഷ്യമേ, ശാന്തിയുടെ ശരണാലയത്തിൽ സുഷുപ്തി
ഓർമ്മകൾ കത്തിയമർന്ന കൊട്ടാരത്തിൻ്റെ ചാരം.