എന്റെ കവിതയെ പ്രണയിക്കാമോ നിനക്ക്?

കണ്ണുകളിൽ പ്രണയം തിളങ്ങുന്നൊരു പെണ്ണല്ല ഞാൻ​.

​​ചിറകുവിരിച്ച് നിന്നോടൊത്തു പറക്കാനും,

ആഴത്തണുപ്പിൽ ഉട​ൽച്ചൂട് പറ്റിത്തിമിർക്കാനും,

തീരാവഴികളിൽ സമയപ്പേടി കൂടാതലയാനും,

അത്രമാത്രം ഹരിതാഭയുള്ളൊരു പെണ്ണല്ല ഞാൻ​.

ഹൃദയത്താൽ വിളിക്കുമ്പോൾ ഉടൽ കളഞ്ഞോടി വരാൻ​,​

​​നക്ഷത്രങ്ങൾ പൂക്കുന്ന താഴ്‌വാരത്തിലുറങ്ങാൻ,

പൈൻ മരക്കാടുകൾ സ്വപ്നം കാണാൻ;

കാത്തിരിക്കുന്ന – തികച്ചും ഈർപ്പരഹിതയായൊരു പെണ്ണ്​.

നില്ക്കൂ,​ ​തിളയ്ക്കുന്നുണ്ട് ഉള്ളിലൊരു കവിത;

പൊട്ടിത്തെറിച്ച്,​ ​അഴിഞ്ഞുലഞ്ഞ്,​ ​ചുറ്റിപ്പടർന്ന്

സ്വപ്നങ്ങൾ വരയ്ക്കാനും

വരുതിയിൽ നിർത്താനും കെ​ൽപ്പുള്ളവൾ​

​അവളെ,​ ​​​എന്റെ കവിതയെ പ്രണയിക്കാമോ നിനക്ക്​.

സ്വപ്നാടനം

പച്ച പുതച്ചു മയങ്ങുന്ന സ്വർഗ്ഗമേ,

ഇത്തിരി നേരം അരികിൽ നിൽക്കട്ടെ ഞാൻ;

സ്വച്ഛസ്മരണകൾ നേർത്ത തൂവാലയാൽ

തപ്തമെൻ നോവുതുടച്ചു നീക്കുംവരെ.

അപ്പുറം മറ്റൊരു ലോകം,​ ​നിരന്തരം-

നിദ്രയിൽപ്പോലും നിയമങ്ങൾ കാക്കണം;

നിത്യം വിരിയാവസന്ത​ ​പ്രതീക്ഷയിൽ-

ചുട്ടുപൊള്ളുന്ന വഴികൾ നടക്കണം​.

ഇത്തിരി നേരം നിലാവു വരയ്ക്കുന്ന –

ചിത്രമായ് നിന്നുടൽ തൊട്ടു നിൽക്കട്ടെ ഞാൻ;

നിന്റെ തണുപ്പിൻ മൃദുല മൗനങ്ങളിൽ-

എന്റെ പദങ്ങൾ അലിഞ്ഞു തീരുംവരെ;

കൂടെ നടന്നോർ പറഞ്ഞ കവിതകൾ –

പാടെ മറന്നുടലൂർന്നു പറക്കണം;

നിന്നോടു മാത്രം സ്വകാര്യം പറയുവാ-

നുള്ളിൽ ചിലങ്ക ചിതറിച്ചിരിയ്ക്കണം;

കണ്ണുനീരല്ലെൻ കവിൾ നനഞ്ഞുമ്മകൾ,

​​മ​​ഞ്ഞധരത്തിന്റെ പീയൂഷ മുദ്രകൾ !

ഇത്തിരി നേരം ചിറകുകൾ ചേർത്തൊരു-

ചിത്രപതംഗത്തിൻ നൃത്തമാകട്ടെ ഞാൻ​.

ആനുകാലികങ്ങളിൽ എഴുതുന്നു. ക്ഷീരവികസന വകുപ്പിൽ ഉദ്യോഗസ്ഥ. തിരുവന്തപുരം സ്വദേശി​