ഭൂമിയെപ്പുണരാന്‍

ശ്രദ്ധിച്ചിട്ടുണ്ടോ
പഴുത്തിലകള്‍ പതിക്കുന്നത്
ഭൂമിയില്‍?
അവ ഭൂമിയെ ചുംബിച്ചു കൊണ്ട്
കമിഴ്ന്നു കിടക്കും
പച്ചയായിരുന്നപ്പോള്‍
സൂര്യനു നേരെ നെഞ്ചുവിരിച്ചു നിന്നവ.

കണ്ടിട്ടുണ്ടോ പക്ഷികള്‍
മരിച്ചു വീഴുന്നത്
ഭൂമിയില്‍?
അതു വരെയും ഭൂമിക്കഭിമുഖം
ആകാശങ്ങളിലുയര്‍ന്നിരുന്നവ
ആകാശാഭിമുഖം മലര്‍ന്നു കിടക്കും.

ഓര്‍ക്കുന്നുവോ ജലാശയങ്ങളില്‍
ചത്തുപൊന്തിയ മത്സ്യങ്ങളെ?
അതുവരെയും ഭൂമിക്കഭിമുഖം
നീന്തിത്തുടിച്ചിരുന്നവ
ജലത്തില്‍ മലര്‍ന്നടിച്ച്
പൊങ്ങിക്കിടക്കും.

ശരിയാണ്,
ഭൂമിക്കഭിമുഖം മുന്നോട്ടേക്കേ
ചരിച്ചിരുന്ന മനുഷ്യരെ
ശ്വാസം നിലയ്ക്കുമ്പോള്‍
മലര്‍ത്തിക്കിടത്തും
ആകാശത്തിനു നേരെ.

അപ്പോള്‍ ശത്രുമിത്രങ്ങള്‍
മുഖത്തേക്ക് തുറിച്ചു നോക്കും.
മരിച്ചവര്‍ മറ്റുള്ളവരുടെ
മുഖത്തേക്കെന്ന പോലെ.
മരിച്ചാലും മരിക്കാതെ.

ആകയാലെന്നെ
കുമ്പിട്ടു കിടക്കാനനുവദിക്കണേ!
ഭൂമിയെ പുണര്‍ന്ന്
ചുംബിച്ചു കിടക്കട്ടെ.
കരിയിലയായി മണ്ണില്‍.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.