നമ്മളുറങ്ങുമ്പോൾ
ഉണർന്നിരിക്കുമ്പോൾ
എപ്പോഴെങ്കിലും
ഹൃദയത്തിന്റെ ഭൂപടത്തിൽ
ആരോ
വളഞ്ഞു പുളഞ്ഞൊരു
വര വരക്കുന്നു.
നമ്മളറിയാതെ
ഇന്നലെ വരെ
ചേർന്ന് നിന്നിരുന്ന
നമ്മുടെ സ്വാർത്ഥതയുടെ
ഒരു ഭാഗം പറിച്ചെടുക്കുന്നു.
നാം കരയാൻ ശ്രമിക്കുന്നു
കരയരുതെന്നവർ പറഞ്ഞതോർക്കുന്നു
കണ്ണുകളടച്ച് സ്‌മൃതികളുയർത്തുന്നു
ഓർമകളെ അടക്കം ചെയ്യാൻ
പാടുപെട്ടൊരു കുഴികുത്തുന്നു
നീറുന്നവയെ അതിലിട്ട്
മണ്ണ് നിറച്ച്
ശ്വാസം മുട്ടിച്ച് ഒതുക്കാൻ
ശ്രമിക്കുന്നു
എന്നിട്ടെന്ത്,
ചാവും ചിതയും പഞ്ഞമില്ലാത്തോർമകൾ
ഭൂമി കീറി
വീണ്ടും കണ്ണ് തുറക്കുന്നു
അപ്പോൾ നാമെന്തു ചെയ്യും?
ഓര്മകളിലേക്കൊരു എത്തിനോട്ടം
ഇരുട്ടിൽ തപ്പിത്തടഞ്ഞപ്പോൾ
വെളിച്ചം വീശിയത്
ഹൃദയങ്ങൾ പ്രണയവിലാസം കൊണ്ട്
പ്രസാദമൂട്ടിയത്
ഇങ്ങനെ പതിയെ,
ഓർമകൾക്ക് സംവദിക്കാൻ
അവസരം നൽകും
അപ്പോളവ നമ്മെ
തൊട്ടുണർത്തും
നാം മെല്ലെ
തിരിഞ്ഞു നോക്കും
ഇന്നലെ വരെ അടുത്തുണ്ടായിരുന്ന
പുഞ്ചിരി തൂകുന്ന പൈൻ മരക്കാട്
നമ്മെ വിട്ടകലുന്നു
വിധിക്ക് മുമ്പിൽ
നിസ്സഹായരാണ് നാം
സഹിക്ക മാത്രം
എന്നാശ്വസിക്കും
ഒന്നുറപ്പാണ് ,
ആ പൈൻ മരത്തിലിനിയും
കാട്ടുകുയിലുകൾ കൂടുവെക്കും
ആ പുഞ്ചിരിക്ക് ചുറ്റും
കുഞ്ഞു ചിറകടിച്ച് നാട്ടു തത്തകൾ
പറക്കും
മുട്ടയിടും
അടയിരിക്കും
നേരമാകുമ്പോൾ ആകാശം മുട്ടെ
പറന്നുല്ലസിക്കും
അവ സൂര്യനെ പെറും
ചന്ദ്രനിൽ പ്രതിഫലിക്കും.