അമ്മമ്മ പോയന്ന് പകൽ

അമ്മമ്മ പോയന്ന് പകൽ
ഒറ്റക്കുണർന്നിരിക്കണു!
ബ്രഷുകൾ താനെ കുളിച്ചൊരുങ്ങി.
അട്ടിപ്പാത്രം നേരം വൈകീട്ടും
അന്നം തേടിയലഞ്ഞു.

ഊറിയ കണ്ണുകൾക്ക്
വര പിഴച്ചു.
യൂണിഫോമുകൾ ചുളിവും പേറി
സ്കൂളിലേക്ക് വലഞ്ഞു നിശബ്ദമായി.
തനിയെ ആടില്ലെന്ന് ചിണുങ്ങി
ഊഞ്ഞാല് പിന്നെ
ചരടു പൊട്ടിച്ചു.

അടുപ്പിൽ വിറകു കയറിയില്ല.
കഞ്ഞിക്കലം വെന്തില്ല.
മുറ്റത്തെ കുറ്റിച്ചൂല്
ബെൽറ്റയഞ്ഞ് ആരെയോ തേടി
വേലി ചാടി.
അന്തിത്തിരിക്കും
മുറിവിൽ ചുറ്റാനും
എളുപ്പം ചിന്തിക്കിട്ടും
പഴഞ്ചേലകൾ വീടുമാറിപ്പോയി.
തീൻ മുറിയിൽ
ഉപ്പോ പുളിയോ പിഴക്കവേ
രണ്ട് കൈകൾ
വേവാത്തതിന്റെ അരുചി..!

കടിച്ചു വിഷം കളയാൻ
തായ്ത്തടി വേരായ്
ആരും വന്നില്ല.
ആലയിൽ പുല്ലും പിണ്ണാക്കും മുളച്ചില്ല.
വീട് പടുത്തപ്പോൾ
അതിരു കല്ലും കിട്ടാനില്ല.

എന്നാലും,
പറമ്പിൽ
അടിമുടി പൂത്തുലഞ്ഞങ്ങനെ നിൽക്കുന്നു
വകതിരിവില്ലാത്തൊരു പാഴ്മരം.
വീടപ്പടി കുഴിമൂടിവച്ചൊരാ
പുതുമണ്ണിലായതതിന്റെ ഭാഗ്യം !

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി. വക്കാട് തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്