അടുത്തൂൺ

നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. തൊടിയിലെ കൂറ്റൻ വാകമരത്തിൻ്റെ നനഞ്ഞ ഇലച്ചാർത്തുകൾക്ക് ഇടയിലൂടെ സൂര്യപ്രകാശം അരിച്ചരിച്ച് ഭൂമിയിലേക്ക് എത്തുന്നതിന് ഇനിയും സമയമെടുക്കും. പെയ്തു തോർന്ന മഴയ്ക്കു പിന്നാലെ അടുത്ത മഴ ഉടനുണ്ടാവും എന്ന അറിയിപ്പോടെ കരിമേഘങ്ങളുടെ ഒരു കൂട്ടം തന്നെ നനഞ്ഞ ആകാശച്ചരിവിലൂടെ പിന്നെയും ഒഴുകിയെത്തുകയാണ്.
ഇന്നും ശാരദ അമ്മായി തൻ്റെ പതിവ് പ്രഭാത നടത്തത്തിന് മുടക്കം വരുത്തിയില്ലല്ലോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു.

ഞങ്ങളുടെ വീടിൻ്റെ കിഴക്കേച്ചരിവിലാണ് അമ്മായിയുടെ വീട്. എൻ്റെ അമ്മയുടെ ഒരു അകന്ന ബന്ധുവായിരുന്നു ആറടി നീളവും ഒത്ത ശരീരപ്രകൃതിയുമുള്ള ശാരദ അമ്മായി. താലൂക്ക് ഓഫീസിലെ ദീർഘകാല സേവനത്തിനു ശേഷം അവർ വിരമിച്ചിട്ടിപ്പോൾ എട്ടുപത്തു വർഷമായിക്കാണും.

കഴിഞ്ഞ കുറേ കൊല്ലങ്ങളായി എന്നും രാവിലെ ആറു മണിക്ക് മുമ്പുതന്നെ അവർ തൻ്റെ രാവിലത്തെ നടത്തം ആരംഭിക്കാറുണ്ട്. അവരുടെ ഭാഷയിൽ പറഞ്ഞാൽ ‘മനസ്സിനെയും ,ശരീരത്തെയും ഒന്ന് റിഫ്രഷ് ചെയ്തെടുക്കാനുള്ള ഒറ്റമൂലിയാണ് ഈ പ്രഭാത നടത്തം.

തലയിൽ ക്യാൻവാസ് തൊപ്പി ധരിച്ച് ചൂരലിൻ്റെ കുറുവടി വലത്തു കയ്യിൽ ചേർത്തു പിടിച്ച് തല അല്പം ഇടതു വശത്തേക്ക് ചരിച്ചുപിടിച്ചു കൊണ്ട് മെയിൻ റോഡിലേക്ക് അവർ എന്നും ഇറങ്ങിപ്പോകാറുള്ളത് ഞങ്ങളുടെ വീടിൻ്റെ കിഴക്കുവശത്തുള്ള പോക്കറ്റ് റോഡിലൂടെയാണ്.

റോഡ് ക്രോസ് ചെയ്ത് കവലയിൽ എത്തുന്നതിന് മുമ്പു തന്നെ ജാസ്മിൻ ആൻ്റിയും, മോളി സിസ്റ്ററും, സുലോചന ടീച്ചറും അവരോടൊപ്പം ചേരാറുണ്ട് അമ്മായിയെപ്പോലെ തന്നെ തടിമിടുക്കും, കാര്യ പ്രാപ്തിയും ഉള്ളവർ തന്നെയായിരുന്നു അവരുടെ കൂട്ടുകാരികളും.

ജിവിതത്തിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളോടും വളരെ പോസിറ്റീവ് ആയി പ്രതികരിക്കുന്നവരും, സർക്കാർ സർവീസിലെ വിവിധ തസ്തികകളിൽ നിന്നും ഏകദേശം ഒരേ സമയത്ത് വിരമിച്ചവരുമായ ആ നാൽവർ സംഘത്തിന് പരസ്പരം മനസ്സിലാക്കാനും, ഏതു പ്രതസന്ധിയിലും കൈവിടാത്ത ആത്മസുഹൃത്തുക്കളായി മാറാനും അധിക സമയമൊന്നും ആവശ്യമുണ്ടായിരുന്നില്ല.

അവരുടെ വിരസ നിമിഷങ്ങളെ സചേതനമാക്കാനുള്ള ഊർജ്ജം മുഴുവൻ നല്കാനും, സ്വപ്നങ്ങൾക്കു മേൽ വർണ്ണപ്പൊലിമ നിറച്ചു കൊണ്ട് സന്തോഷത്തിൻ്റെ വിത്തുകൾ വാരി വിതറാനും രാവിലത്തെ ആ ഒരു മണിക്കൂർ സമയം അവരെ തീർച്ചയായും സഹായിച്ചിട്ടുണ്ടാവും.

അവരുടെ നാലുപേരുടെയും സൗഹൃദവും, ഉറക്കെയുള്ള സംസാരവും ,തനിക്കു താൻപോരിമയും കണ്ട് ആദ്യകാലങ്ങളിലൊക്കെ ഞങ്ങളുടെ നാട്ടിലെ അവരുടെ സമപ്രായക്കാരുൾപ്പെടുന്ന മുതിർന്ന തലമുറ നെറ്റി ചുളിച്ച്, മൂക്കിൽ വിരൽ വച്ച് ‘പെണ്ണുങ്ങൾക്കിത്ര അഹമ്മതിയോ’ എന്ന് അടക്കിപ്പിടിച്ച് പറയുമായിരുന്നു.

എന്നാൽ ഇത്തരം പറച്ചിലുകളൊന്നും തങ്ങളെ ബാധിക്കുന്നതേയില്ല എന്ന മട്ടിലുള്ള അവരുടെ നാലു പേരുടെയും പെരുമാറ്റം അത്തരം ദോഷൈകദൃക്കുകളുടെ വായടപ്പിച്ചു എന്നു പറയുന്നതാവും ശരി.

ഞങ്ങളുടെ കുടുംബക്കാരുടേയും ബന്ധുക്കളുടെയും ഇടയിൽ ഒരു പിടിവാശിക്കാരിയെന്നും ആരോടും അധികം കൂട്ടുകൂടാത്തവളെന്നുമൊക്കെ പരക്കെ അറിയപ്പെടുന്ന ശാരദയമ്മായി എങ്ങനെയാണ് ഈ കൂട്ടുകെട്ടിൽ അകപ്പെട്ടതെന്നോർത്ത് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.

വലിയ അടുപ്പമൊന്നും ആദ്യകാലങ്ങളിലൊന്നും എനിക്കും അമ്മായിയോട് ഇല്ലായിരുന്നു. എന്നിരുന്നാലും സാധാരണ നാട്ടിൻപുറങ്ങളിലുള്ള മറ്റു സ്ത്രീകളെപ്പോലെ പെരുമാറാതെ എപ്പോഴും വേറിട്ട സ്റ്റൈലിൽ ജീവിക്കുന്നത് എന്തിനാണെന്ന് ഒരിക്കൽ ഞാൻ അവരോട് നേരിട്ടു തന്നെ ചോദിച്ചിട്ടുണ്ട്.

അപ്പോൾ മൂക്കിൻ തുമ്പത്ത് പറ്റിപ്പിടിച്ച വിയർപ്പുകണങ്ങൾ ശ്രദ്ധയോടെ തുടച്ചു മാറ്റിക്കൊണ്ട് അവർ ഒന്നു പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു.

”വിശ്വം പലപ്പോഴും ജീവിതം നമ്മളോട് അനീതി കാണിച്ചു എന്ന് നമ്മൾ പരിതപിക്കാറുണ്ട്.”
ശ്വാസമെടുക്കാനായി ഒന്നു നിർത്തിയിട്ട് അവർ പിന്നെയും തുടർന്നു. “എൻ്റെ അഭിപ്രായത്തിൽ നമ്മൾ ഓരോരുത്തരും തന്നെയാണ് പലപ്പോഴും നമ്മുടെ ശത്രുക്കളായി മാറുന്നതും ജീവിതം ദു:സ്സഹമാക്കി മാറ്റുന്നതും.”

വിശ്വമോഹിനി എന്ന എൻ്റെ പേര് ചുരുങ്ങി വിശ്വം എന്ന ചെല്ലപ്പേരിൽ അവർ വിളിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ അവരുടെ നല്ല ഒരു ശ്രോതാവായിരിക്കാൻ ഞാൻ നിശ്ചയിച്ചത് പെട്ടെന്നായിരുന്നു.

എൻ്റെ മുഖത്തെ വിവർണ്ണത കണ്ടിട്ടെന്നവണ്ണം അവർ ചോദിച്ചു ‘ഞാൻ പറഞ്ഞു വരുന്നത് വിശ്വത്തിന് മനസ്സിലാവുന്നുണ്ടാ ?

അതിനു മറുപടിയായി ഞാൻ ഉവ്വ് എന്ന് തലയാട്ടി

അപ്പോൾ സന്തോഷത്തോടെ അമ്മായി വീണ്ടും പറയുകയാണ്. ”വിവിധ ജില്ലകളിലായി 28 വർഷങ്ങളായിരുന്നു ഞാൻ സർക്കാരിനെ സേവിച്ചത്. അന്നൊക്കെ കുട്ടികളുടെ കാര്യവും, കുടുംബ കാര്യങ്ങളുമൊക്കെയായി തീർത്തും കഷ്ടപ്പാടു തന്നെയായിരുന്നു “.

“ആകാശത്തിലെ നക്ഷത്രങ്ങളുടെ ഭംഗിയോ നിലാവിൻ്റെ കുളിർമ്മയോ ഇക്കാലത്തിനിടയ്ക്ക്ഞാൻ അറിഞ്ഞിട്ടില്ല. ഓഫീസിൽ നിന്നും വീട്ടിലേക്കും അവിടെ നിന്നും വീണ്ടും ഓഫീസിലേക്കും എണ്ണയിട്ട ഒരു യന്ത്രം കണക്കെ എന്നും ഞാൻ ഓടുകയായിരുന്നു”.

‘ചുറ്റും ഉദിച്ചയരുന്ന സൂര്യപ്രഭയോടും, പെയ്തൊഴിയുന്ന മഴ മേഘങ്ങളോടും സമരസപ്പെടുന്നതു പോലെ തന്നെ എൻ്റെ സ്വന്തം ജീവിതത്തോടും ഇഴുകിച്ചേർന്നു കൊണ്ട് ഒന്നിനും വേണ്ടിയല്ലാതെ കുടുംബമെന്ന ഒറ്റ വലക്കീഴിൽ ഞാൻ എന്നെ തളച്ചിട്ടു എന്നു പറയുന്നതാവും കൂടുതൽ ശരി. പക്ഷേ ഇനിപ്പോൾ പ്രാരാബ്ദങ്ങളെല്ലാം ഒഴിയുകയ്യും, സർക്കാർ തന്നെ അടുത്തൂൺ നല്കി പറഞ്ഞു വിടുകയും ചെയ്തു. അതു കൊണ്ടു തന്നെ ഇത്ര കാലവും കഷ്ടപ്പെട്ടു ജീവിച്ച ജീവിതം ഇഷ്ടപ്പെട്ടു ജീവിക്കാൻ ഞാൻ തീരുമാനിച്ചതിൽ തെറ്റില്ലെന്നാണ് എൻ്റെ പക്ഷം.”

അവർ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങൾക്ക്ചുറ്റുമുള്ള വായൂ മണ്ഡലത്തിലാകെ പോസിറ്റീവ് എനർജിയുടെ സ്പാർക്കിംഗ് ഉണ്ടാവുന്നത് ഞാൻ അനുഭവിച്ച് അറിയുകയായിരുന്നു.

അന്ന് അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷേ വിലക്കുകളും തടസ്സങ്ങുമില്ലാതെ സ്വച്ഛമായി ഒഴുകാൻ മോഹിക്കുന്ന സ്വപ്നങ്ങളുടെ ഒരു പുഴ അവരുടെയുള്ളിലുണ്ടെന്ന് എനിക്ക് പെട്ടെന്നു തന്നെ മനസ്സിലായി. സത്യത്തിൽ അവരുടെയുള്ളിലെ സ്വാതന്ത്ര്യദാഹിയായ സ്ത്രീയെ തിരിച്ചറിഞ്ഞപ്പോൾ മുതൽ എനിക്ക് അവരോടുള്ള ബഹുമാനവും അടുപ്പവും കൂടി വരികയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.

പിന്നീടുള്ള ഒഴിവു സമയങ്ങളിൽ പലപ്പോഴും ഞാൻ അവരുടെ വീട്ടിൽ ചെല്ലുകയും വെറുതെ സംസാരിച്ചിരിക്കുകയും പതിവായി. എപ്പോൾ ചെന്നാലും ചൂടുള്ള ഫിൽറ്റർ കോഫിയോടൊപ്പം കായ വറുത്ത തോ, അവൽ വിളയിച്ചതോ, നേന്ത്രപ്പഴനുറുക്കോ ഒക്കെ അവർ എന്നെ നിർബന്ധിച്ച് കഴിപ്പിക്കാറുണ്ട്.

നിറഞ്ഞ വാത്സല്യത്തോടെ എന്നോടു സംസാരിക്കുമ്പോഴും സ്ത്രീ ശാക്തീകരണത്തിൻ്റെ ആവശ്യകതയെപ്പറ്റിയും യുവതലമുറയുടെ കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യത്തെക്കുറിച്ചുമൊക്കെ വാചാലയാവുകയും ചെയ്യാറുണ്ടായിരുന്ന ശാരദ അമ്മായി പക്ഷേ ഇന്നലെ എന്തുകൊണ്ടോ ഏറെ മൗനിയും വിഷാദവതിയും ആയിരുന്നു.

എന്തു പറ്റി അമ്മായി എന്ന എൻ്റെ ചോദ്യത്തിന് തികച്ചും ഉദാസീന മട്ടിൽ അവർ ഒരു മറു ചോദ്യം എന്നോട് ചോദിച്ചു.

”എന്തു പറയാനാ വിശ്വം. അടുത്തൂൺ പറ്റിക്കഴിഞ്ഞാൽപ്പിന്നെ പഴയൊരു തുണിക്കഷണം പോലെ പഴകിപ്പോകുന്ന ഞങ്ങളുടെയൊക്കെ ചിന്തകളും പെരുമാറ്റവും നിങ്ങളുടെ തലമുറയ്ക്ക് അസഹ്യവും അപമാനകരവുമാ’യിത്തോന്നുന്നുണ്ടോ’? “

“ഒരിക്കലുമില്ല. അമ്മായിയുടെ ശുഭാപ്തി വിശ്വാസവും പ്രസരിപ്പുമൊക്കെ സത്യത്തിൽ ഞങ്ങളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത് ” എന്ന് ഞാൻ മറുപടി പറഞ്ഞത് ആത്മാർത്ഥമായിട്ടു തന്നെയായിരുന്നു.

“അല്ല. സാധാരണ അമ്മായിക്ക് ഇങ്ങനെയൊന്നും തോന്നാറില്ലല്ലോ. ഇന്ന് എന്തു പറ്റി.” ഞാൻ വീണ്ടും ചോദിച്ചു.

”ഒന്നുമുണ്ടായിട്ടല്ല. എന്നാലും നമ്മുടെ ജീവിതവുമായി ചേർത്തുവച്ചിരിക്കുന്ന ചില ആളുകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത പിൻവാങ്ങലുകളും ,കുറ്റപ്പെടുത്തലുകളും ചിലപ്പോഴെങ്കിലുമൊക്കെ…. ” അവർ അർദ്ധോക്തിയിൽ നിർത്തിയിട്ട് നിലാവു പോലെ ഒന്നു ചിരിച്ചു.

പിന്നെ ഉറച്ച സ്വരത്തിൽ പറഞ്ഞു, “വാർദ്ധക്യം നമ്മെ വലിച്ചുകൊണ്ടു പോകുന്നത് ഏതെല്ലാം വഴികളിലൂടെയായിരിക്കുമെന്ന് അറിയില്ല. രോഗം, കഷ്ടപ്പാട് ,ഒറ്റപ്പെടൽ ഒക്കെയുണ്ടായേക്കാം. എന്തിനേയും സ്വീകരിക്കാൻ സന്നദ്ധമായ ഈ മനസ്സ് ഉള്ളിടത്തോളും ശാരദയെ തോല്പിക്കുവാൻ ആർക്കും ആവില്ല വിശ്വം.”

ശാരദയമ്മായി പറഞ്ഞു നിർത്തിയപ്പോൾ വല്ലാത്ത ഒരു വിമ്മിട്ടം എന്നെയും വന്നു പൊതിയുന്നതും കൊഴിഞ്ഞു പോകുന്ന ഓരോ ദിവസവും എൻ്റെയും പെൻഷൻ ദിനത്തിലേക്കുള്ള അകലം കുറച്ചു കൊണ്ടിരിക്കുകയാണെന്നും ചരിത്രം എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷമവൃത്തമാണെന്നും ഒരു നടുക്കത്തോടെ ഞാൻ തിരിച്ചറിയുകയായിരുന്നു.

പ്ലാനിങ് ബോർഡ് റിട്ടേഡ് ഉദ്യോഗസ്ഥ. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശി. ക്വാറന്റൈൻ, വിശുദ്ധയുടെ ജനനം എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.