ഭൂതകാലത്തിനുമുണ്ട് കഥ പറയാൻ ….

മാറ്റം പ്രകൃതി നിയമമായതിനാലാണ്
ഓർമ്മകൾക്കിത്ര സുഖം.
പറങ്കിമാങ്ങയുടെ ചാറ് മണക്കുന്ന
ബാല്യത്തിൽ നിന്നും,
ചോക്കുവരയുടെ
വെളുത്ത സീമകൾക്കുള്ളിൽ
തളച്ചിട്ട കൗമാരവും പിന്നിട്ട്
പഴയ
മുൾവേലികൾക്കിടയിലൂടെയുള്ള
ചെമ്മൺപാതയിലൂടെ
നടന്നു കയറിയ പ്രണയം
കറുത്ത കച്ചപുതച്ച
ടാറിൽ നൊന്തുപൊള്ളി’
സൗഹൃദങ്ങൾക്ക്
അനുവാദം കൂടാതെ
അകത്തേക്ക് പ്രവേശിക്കാൻ
എലുക നിർണ്ണയിച്ച്
കല്ലിട്ട് കെട്ടിപ്പൊക്കിയ
മതിലുകളില്ലായിരുന്ന ആവേശം,
ഒരു പുറത്ത് നിന്നു വിളിച്ചാൽ
മറുപുറത്ത് കേൾക്കാൻ മാത്രം അകലം.,
എല്ലാവർക്കും ഓടിക്കൂടുന്നതിന്
വിലക്കുകളില്ലാതിരുന്ന കാലം,
മൂക്കിന് ശ്വാസം എടുക്കാൻ
അനുമതി വേണ്ടായിരുന്ന സ്വാതന്ത്ര്യം,
എല്ലായിടത്തും കല്ലെറിയാൻ മാവ്,
നീന്തിക്കയറുവാൻ തോട്,
പ്രളയഭീതിയില്ലാത്ത
ഇടവപ്പാതി ,
ഞാറ്റുവേല,
പനിക്കാത്ത മഴ,
വിയർപ്പു മണക്കുന്ന
തൊഴിലിടങ്ങൾ,
ഒറ്റപ്പെടലില്ലാത്ത സ്നേഹത്തിനു മുന്നിൽ
തോറ്റു പോകുന്ന വിശപ്പ്,
മഷിപ്പച്ചയാൽ പോലും
മായ്ക്കാൻ കഴിയാത്ത ഒരുമ,
ഒളിക്കാൻ മാത്രം
ഒന്നുമില്ലാതിരുന്ന
സത്യത്തിൻ്റെ വിശുദ്ധി,
പിന്നിട്ടുപോയ
ഓരോ പ്രഭാതത്തേയും
ഉമിക്കരിയാൽ വെളുപ്പിച്ച്
കരിക്കലത്താൽ
അഞ്ജനമെഴുതിച്ച്
കരിവളയുടെ താളത്തിൽ
കിശോര തരളിതയിൽ
മുട്ടിയുണർത്തിയ ഭൂതകാലമേ,
അനശ്വര സ്വപ്നങ്ങളുടെ
താങ്ങാഭാരം കൊണ്ട്
ഭൂമി നൂറ് ഖണ്ഡങ്ങളായി
വിഘടിച്ചാലും,
വർത്തമാനവും, ഭാവിയും
നൂതന സങ്കല്പങ്ങൾ
ഏറ്റുവാങ്ങിയാലും
മറക്കാതെ ഈ ലോകത്തിൽ
പുഴുവാം മനസ്സിൽ പോലും
നീയല്ലോ മൃതസഞ്ജീവനി,
അറിയാതലിയും സത്യം !!

കേരള പോലീസിൽ കോൺസ്റ്റബിൾ . ഇപ്പോൾ കൊച്ചി സിറ്റിയിലെ തേവര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരുന്നു . ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. മലയാള സാഹിതി കൃതി പ്രത്യേക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. "മഴസവാരി" ആദ്യകൃതി . രണ്ടാമത്തെ പുസ്തകം "കടൽ ഉപേക്ഷിച്ചു പോകുന്നത്" പ്രസിദ്ധീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നു.