ദധീചി …. അങ്ങെവിടെ ?

എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.
കട്ടും ഭരിച്ചും മുടിച്ചവർ ഞങ്ങൾ തൻ
നട്ടെല്ലു കൂടി കവർന്നു പോയീടവേ,

മണ്ണിന്റെ മാറു പിളർന്നവർ, ഇന്നിതാ
പെണ്ണിന്റെ മാനം ഉരിഞ്ഞെറിഞ്ഞീടവേ,
ഉണ്ണുവാനായ് വിത്തു കുത്താനെടുത്തവർ
തിണ്ണമിടുക്കിന്റെ ന്യായം നിരത്തവേ
എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.

അബലന്റെ നേർക്കവർ വിരലൊന്നു ചൂണ്ടവേ
അരുതെന്ന് ചൊല്ലുവാൻ ആയുധം വേണമിനി .
അടിയാളർ-ഉടയാളർ ഭേദങ്ങൾ നിൽക്കവേ
അതു മാറ്റുവാനായൊ,രായുധം വേണമിനി .

അരക്കില്ലമതിലാണു ധർമ്മം വസിപ്പതു ,
മരിക്കാതെ കാക്കുവാൻ ആയുധം വേണമിനി .
അതു തീർക്കുവാനോരു നട്ടെല്ല് തേടവേ ,
അവിടെ പുരാണങ്ങൾ അങ്ങയെ ചൂണ്ടുന്നു

പുനർജനിച്ചിട്ടുണ്ടോ അങ്ങെന്നു തിരയുന്നു,
പകലും ഇരവും പലകുറി പലയിടം.
സന്ധ്യകൾ സന്ദേശവാഹകരാകുന്നു ,
കണ്ടതില്ലെന്നവർ പറയുന്നു തങ്ങളിൽ .

തിരയുന്നു അങ്ങയെ സ്മൃതികളുറങ്ങുന്ന
ആയിരം വിപ്ലവശവകുടീരങ്ങളിൽ .
അവരിലുണ്ടായിരുന്നങ്ങെന്നു ചൊല്ലുന്നു
അവനി തൻ കാലങ്ങൾ രേഖപ്പെടുത്തുവോർ .

ഇന്നവിടെ ശേഷിപ്പതിറ്റു ചാരം, അതിൽ
ഇന്നലെകൾ കനൽകെട്ടു മങ്ങിത്തുടങ്ങുന്നു.
ആകുന്നതില്ലതിനാൽ തീർത്തു കൊള്ളുവാൻ
ആത്മരക്ഷക്കൊരു ആയുധം ഒന്നിനി.

വരിക മഹാമുനേ, തരിക നിൻ നട്ടെല്ല്
അതിനാൽ പണിതിടാം ഞങ്ങൾ ഒരായുധം .
അടിപതറാത്തൊരു ധൈര്യത്തിനായുധം.
നേരിന്നു വേരാകുവാനിന്നൊരായുധം .

കാട്ടുനീതിയ്ക്കുമേൽ കാരിരുമ്പെന്ന പോൽ,
നാട്ടുകൂട്ടങ്ങൾക്ക് കൂട്ടിന്നൊരായുധം.
കണ്ണുനീർ കാണവേ കണ്ണടിച്ചീടാത്ത
കാരുണ്യമെന്നുമേ കാക്കുന്നൊരായുധം.

വർഷങ്ങൾ കാത്തിരിക്കുന്നു, ഭവാൻ വരിക
വർഷമായ് ഈ തപ്തഭൂമിയിൽ പിന്നെയും .
ശാന്തിമന്ത്രങ്ങളിൽ കേട്ട പാഠങ്ങൾ പോൽ
ഒന്നിച്ചൊരാത്മശ്രേയസ്സിന്നു മാനവർ

ഒന്നായ് ചേരുന്ന നാൾ വന്നു കൂടുവാൻ,
വരിക ഭവാൻ, വിദ്യുത് ലതകൾ പൂവിട്ടൊരു
തരു പോലെ ശ്രേഷ്ഠമാം നട്ടെല്ലു തരിക,
യൊരു വജ്രായുധമൊന്നു തീർക്കേണ്ടതുണ്ടിനി.


*ദധീചി – പുരാണങ്ങളിൽ പറയുന്ന ഒരു മഹർഷി . ഇദ്ധേഹത്തിന്റെ അസ്ഥിയിൽ നിന്നാണ് വജ്രായുധം തീർത്തത്. ലോകനന്മയ്ക്കായ് അദ്ധേഹം പ്രാണത്യാഗം ചെയ്യുകയും, അതിനു ശേഷംഅദ്ധേഹത്തിന്റെ നട്ടെല്ലിൽ നിന്നു വജ്രായുധം ഉണ്ടാക്കുകയും ചെയ്തു എന്നാണ് കഥ.”

എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ജനനം. ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യകമ്പനിയിൽ ജോലി നോക്കുന്നു .