“മിടിപ്പു നിൽക്കുന്നതിനു മുന്നേ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം”
പരീദ് മൂപ്പരുടെ വാക്കു കേട്ടപാതി ഓടിക്കൂടിയ നാട്ടുകാർ പാതി ജീവനുമായി കടൽകരയിൽ കിടക്കുന്ന അമ്മദ്ക്കയെ താങ്ങിയെടുത്തു തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പലപ്പോഴായി ആശുപത്രി കിടക്കയിൽ നിന്നും എഴുനേൽക്കാൻ ശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ശരീരമാസകലം വരിഞ്ഞു മുറുക്കിയ ഉപകരണങ്ങൾ തടസ്സമായി നിന്നു. കണ്ണുകൾ പതുക്കെ തുറക്കാൻ ശ്രമിച്ചുവെങ്കിലും അത് വിഫലമായി. ഇരുട്ടു കണ്ണിനെ ബാധിച്ചിരിക്കുന്നു.
പള്ളി ലക്ഷ്യമാക്കി ടോർച്ചു വെളിച്ചത്തിൽ സുബഹി ബാങ്ക് വിളിക്കാനായി മുക്രിക്കയും ഒരു കയ്യിൽ പട്രോമാക്സും മറു കയ്യിൽ പാൽപാത്രവുമായി ചായക്കട തുറക്കാൻ ഹംസാക്കയും പുറപ്പെടുമ്പോഴുള്ള പുലർക്കാലം. അത് വരെ തൊണ്ട കീറുമാറ് ഉച്ചത്തിൽ പൂവൻ കോഴി കൂവി വിളിച്ചിട്ടും ഉണരാത്ത ഗ്രാമവും ഗ്രാമത്തിലെ നാട്ടുകാരും ഉണരുകയായി,രണ്ടു രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള മുക്കുവ ഗ്രാമം.
മുക്രിക്കയുടെയും ഹംസാക്കയുടെയും യാത്രപോക്കോട് കൂടി പിന്നീടങ്ങോട്ട് ബഹളമാണ്. ഉറക്കമുണർന്ന കാക്കമാരും വള്ളമിറക്കാൻ പോകുന്ന മാപ്പിളമാരും അവരെ യാത്രയാക്കുന്ന കെട്ടിയോൾമാരും അടുക്കള ബഹളം കാരണം ഉറക്ക ചൂടിൽ മൂടി പുതച്ചു കിടന്നിരുന്ന മക്കളും നമസ്കരിക്കാൻ പള്ളി ലക്ഷ്യമാക്കി പോകുന്നവരും സുബ്ഹിക്ക് ശേഷം ഓത്തു പള്ളിയിൽ പോകേണ്ട കുട്ടികളും, പാൽ, പത്രം വിതരണത്തിനു പോകുന്നവരും അങ്ങനെയങ്ങനെ….
ഈ ബഹളങ്ങൾക്കിടയിലാണ് ഹംസാക്കയുടെ ചായക്കട ചർച്ചകളുടെ ചൂട് രാവിനെ വരവേൽക്കുന്നത്. പതിവ് രാഷ്ട്രീയ ചർച്ചകളിൽനിന്നും വ്യത്യസ്തമായി അന്ന് അഴിമുഖം മണൽ തിട്ടകളാൽ മൂടുന്നതിനെ പറ്റിയാണ് ചർച്ച. ഇത്തവണയും അഴിവെട്ടൽ നീണ്ടു പോകുന്നു, മണൽ തിട്ട കൂടി കൂടി വരുന്നു
“അല്ല അതിപ്പോ എങ്ങനെയാ ഈ അഴി മാടാവുന്നത് ?
“വർഷാവർഷം കടൽ കരയിൽ നിന്നും ക്ഷോഭിച്ചു കൊണ്ട് പോകുന്ന മണലാണോ അതോ അങ്ങ് ദൂരെ നിന്നും പുഴയിലൂടെ ഒഴുകി വരുന്ന മണലാണോ ?”
‘ഏതായാലുമെന്താ മുറ പോലെ മണല് വഞ്ചിയിൽ വെട്ടി കൊണ്ടുപോകുന്നുണ്ട്.’
മാടായി കഴിഞ്ഞാൽ അഴിവെട്ടൽ നാട്ടുത്സവമാണ്. കഴിഞ്ഞ തവണ തന്നെ കോൺട്രാക്ടർ മുഹമ്മക്കു ഒന്നും കിട്ടിയില്ല; മണലെല്ലാം കടലിലേക്കു ഒഴുകി പോയത്രേ..!
‘സത്യത്തിൽ ഒഴുകി പോയതാണോ അതോ മണൽ വെട്ടി കടത്തിയതാണോ ?’
ഈ ചർച്ചകൾക്കിടയിൽ ഒരു കുറ്റി പുട്ടും ചായയും മോന്തിക്കുടിച്ചു വീണ്ടും ഒരു സ്ട്രോങ്ങ് ചായ കാത്തിരിക്കുകയാണ് അമ്മദ്ക്ക.
കെട്ടിയോൾ പഴയ തലയണ കീറിയതിൽ നിന്നും കിട്ടിയ കള്ളി കുപ്പായവും കള്ളിമുണ്ടും ഒപ്പം തലയിൽ ഒരു തോർത്തും. വെറും കെട്ടിയോൾ എന്ന് പറഞ്ഞാൽ ശെരിയാവില്ല മുഴുത്ത പ്രേമം തലക്കടിച്ചു പ്രമാണിയായ ഹാജിയുടെ മകളെ രാത്രിക്കു രാമാനം അസ്സലായി ഇറക്കി കൊണ്ടന്നു താലി കെട്ടിയതാണ് .
വള്ളത്തിന്മേൽ നീണ്ട ഇരുപത്തിമൂന്നു വർഷത്തെ ജീവിതം. ചാട്ടകുട്ടിയായി തുടങ്ങി പടി പടിയായി കയറ്റം കിട്ടി അമരത്തു കയറിയിരിക്കാനുള്ള സ്ഥാനാരോഹണത്തിന്നു മുന്നെയാണ് പടി തെറ്റി വീണു കുറഞ്ഞ കാലം കിടപ്പിലായതും ഭാരം കൂടിയ പണികൾ എടുക്കാൻ പറ്റാതെയായതും. ചെറിയ കൂലിപ്പണികൾ എടുത്ത് കുടുംബം കഴിഞ്ഞു പോകുമ്പോഴാണ് പരീദു മൂപ്പരുടെ വള്ളത്തിന്മേൽ അമരക്കാരൻ വേണമെന്ന വാർത്ത അമ്മദ്ക്കയുടെ ചെവിയിലുമെത്തിയത്.
നാട്ടിലെ പ്രമാണിയായ വള്ളക്കാരൻ പരീദ്ക്കാടെ കയ്യും കാലും പിടിച്ചാണ് അങ്ങേരുടെ വള്ളത്തിൽ പണിക്കു തരമൊപ്പിച്ചത്. പ്രാരപ്തങ്ങൾ കുമിഞ്ഞു കൂടിയതല്ലാതെ കണക്കു പുസ്തകത്തിൽ ലാഭം എഴുതി ചേർക്കാനില്ലായിരുന്നു. നാട്ടിൽ ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും കടം കിട്ടാനില്ലാത്ത വറുതിയുടെ കാലം. ട്രോളിംഗ് നിരോധനം കാരണം ഗ്രാമം എങ്ങും കഷ്ടപ്പാടും ദുരിതവും, ആരും ആരെയും സഹായിക്കാൻ പറ്റാത്ത നിസ്സഹായത ട്രോളിംഗ് നിരോധനത്തിന്റെ പിന്നാമ്പുറ കാഴ്ചകളാണ്.
അങ്ങനെയാണ് വള്ളക്കാരൻ പരീദ് മൂപ്പരുടെ അരികിൽവീണ്ടുമെത്തി കേണഅപേക്ഷിച്ചത്. അമരക്കാരൻ അമ്മദ്ക്കയെ സ്ഥാനാരോഹണം എന്ന നിലക്ക് പരീദ് മൂപ്പര് തങ്ങളുപ്പാപ്പ നൽകിയ കോടി കൈമാറി വള്ളത്തിലേക് കയറ്റിയിരുത്തി.
നാളുകളായി കരയ്ക്കു കയറ്റി വെച്ചിരുന്ന വള്ളങ്ങൾ തലേ ദിവസമാണു വെള്ളത്തിലിറക്കിയത്. സുബഹി നമസ്കാരം കഴിഞ്ഞു വരുന്ന ആളുകളെയും കൂട്ടിയാണ് പരീദ് മാപ്പിളയുടെ വള്ളം പുറപ്പെടാറ്. അതുവരെ നേരത്തെ വന്നവർ നിലാ വെട്ടത്തിൽ വലകളിലെ പേച്ച് വർക്കുകൾ തീർത്തും ഒരു വട്ടം കൂടി എൻജിൻ സ്റ്റാർട്ട് ചെയ്തു നോക്കിയും അവശേഷിക്കുന്ന കള്ളികളിലെ വെള്ളം കോരി ഒഴിച്ചും അമരക്കാരൻ ജാറത്തിലെ തങ്ങളുപ്പാപ്പ നൽകിയ കോടി മുറുക്കി കെട്ടിയും കാത്തുനിൽക്കും. കരയോട് ചേർന്ന് കിടക്കുന്ന രണ്ടു ചെറു ഫൈബർ വള്ളങ്ങളിലിൽ കയറി വരുന്ന ആളുകളെയും കാത്തു പുഴയുടെ ആഴങ്ങളിൽ കിടപ്പായിരിക്കും. ആളുകൾ എല്ലാം എത്തി എന്ന് ഉറപ്പു വരുത്തി അമരത്ത് നിന്നും കൊമ്പത് നിന്നും സ്രാങ്കിനു വിവരം കിട്ടിയാൽ വള്ളം അറബി കടലിനെ ലക്ഷ്യമാക്കി പുറപ്പെടുന്നത്.
കായലിലെ ഓളങ്ങളെ തള്ളിമാറ്റി അറബി കടലിനെ ലക്ഷ്യമാക്കി പുറപ്പെടുമ്പോൾ കടലമ്മ ശാന്തമായ തിരമാലയെ തരുന്നത് വരെ കാത്തു. കിഴക്ക് അഴിമുഖത്ത് പതിയെ വരുന്ന കടൽ തിരമാലയിലേറി കടലമ്മയുടെ മടിത്തട്ടിലേക്കുകടന്നു. മൈലുകൾ താണ്ടി ആഴകടലിലേക്… പിന്നെ സ്രാങ്കിന്റെ ഊഴമാണ്. എല്ലാവരും സ്രാങ്കിന്റെ ഓർഡർ കാത്തിരിക്കും അതങ്ങനെയാണ്. മീറ്ററുകൾക്കപ്പുറമുള്ള മീനിന്റെ പോലപ്പ് വരെ കണ്ടത്തുന്നതിനു സ്രാങ്കിനു പ്രത്യേക കഴിവുണ്ടായിരിക്കും.
അതികം വൈകാതെ നമ്മുടെ വള്ളത്തിനും സ്രാങ്കിന്റെ ഓർഡർ കിട്ടി. അയിലയുടെ പോലപ്പ്. ഇതുവരെ സ്വതന്ത്രമായി വിഹരിച്ചിരുന്ന അവർ കടലിന്റെ ഓളപ്പരപ്പിൽ നൃത്തം ചെയ്യുന്നു. ഓർഡർ കിട്ടേണ്ട താമസം ചാട്ടകുട്ടികളായ മൂന്നു പേരും കടലിന്റെ ആഴങ്ങളിലേക് ഊളിയിട്ടിറങ്ങി. ഒരുമിച്ചു വലയിളക്കിയുള്ള കൊയ്ത്ത്. ദിവസങ്ങളുടെ വറുതിക്ക് അറുതി വരുത്തി അതൊരു നല്ല ഒന്നാംതരം അയില ചാകരയായിരുന്നു. രണ്ടു ചെറു വള്ളങ്ങൾ നിറയെയും വലിയ വള്ളത്തിലെ രണ്ടു കള്ളിയും നിറഞ്ഞു. സ്രാങ്കിന്റെ വാക്കുകൾക്ക് വില കൽപ്പിക്കാതെ മൂന്നാം കള്ളിയും നിറച്ച് ബാക്കി വന്നത് കടലിൽ ഉപേക്ഷിച്ചുകൊണ്ട് വള്ളങ്ങൾ കരലക്ഷ്യമാക്കി കുതിച്ചു.
എല്ലാവരുടെ മുഖത്തും സന്തോഷത്തിന്റെ കണ്ണുനീർ. എത്രയും വേഗം ഹാർബറിൽ എത്തി ചേരണം. മറ്റുള്ളവർ എത്തുന്നതിന്റെ മുന്നേ കര പിടിക്കണം, ഇല്ലങ്കിൽ വില കുറയും. കയ്യിലുള്ള മീനിന്റെ ഗുണമല്ല പ്രാധാന്യം എത്തുന്ന സമയമാണ്. ജീവത്തിൽ പുറകിലോട്ടു ചിന്തിക്കുന്ന മനുഷ്യന്റെ അവസ്ഥ പോലെ.
സന്തോഷനിമിഷങ്ങൾക്ക് ആയുസ്സ് വളരെ കുറവായിരുന്നു. പെട്ടന്നാണ് ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടിയതും കാറ്റ് വീശി തുടങ്ങിയതും. കാറ്റിന്റെ വേഗത കൂടുന്നതിനനുസരിച്ചു തിരമാലകളുടെ ശക്തിയും കൂടി. ശക്തമായ തിരമാലകൾ വള്ളങ്ങളെ പിടിച്ചു കുലുക്കി കെണ്ടേയിരുന്നു. വലിയ തുള്ളിയിട്ടുള്ള പേമാരി, അതിശക്തമായ കാറ്റ്. കൂറ്റൻ തിരമാലകളെ സൃഷ്ടിച്ചു വള്ളത്തെ ആഞ്ഞടിക്കുന്ന തിരമാലയിൽ നിന്നും മഴയിൽ നിന്നും വഞ്ചി നിറയുന്ന വെള്ളം എത്ര കോരി ഒഴിച്ചിട്ടും പതിമടങ്ങു കൂടുകയല്ലാതെ കുറയുന്നില്ല. ഒടുവിൽ ഭയപ്പെടുത്തിയത് സംഭവിച്ചു. ചെറു വള്ളങ്ങൾ കരക്കടുത്തുവെങ്കിലും ആദ്യം ഒരു കള്ളിയിലെ മീനുകളെയും പിന്നീട് രണ്ടു കള്ളിയിലെ മീനുകളെയും കടലിലേക്കു തന്നെ കോരി കളഞ്ഞു. ഭാരം കുറച്ച് അഴിമുഖത്തേക് കടന്നുവെങ്കിലും കൂറ്റൻ മണൽ തിട്ടയിൽ ഇടിച്ചു വള്ളം രണ്ടായി പിളർന്നു.
കര ലക്ഷ്യമാക്കി എല്ലാവരും നീന്തി രക്ഷപ്പെട്ടുവെങ്കിലും കൂട്ടത്തിൽ അമ്മദ്ക്ക മാത്രം ബാക്കിയായി. നീന്തി കരക്കടുക്കാനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല. കഴിവിന്റെ പരമാവധി തിരമാലകളെ തള്ളി മാറ്റി നീന്തിയെങ്കിലും ചുഴിയിലും അടിയൊഴുക്കിലും പെട്ട് അയാളവശനായി. പ്രതിസന്ധികളെ മറികടന്നു വീണ്ടും അയാൾ കര ലക്ഷ്യമാക്കി നീന്തൽ തുടരുമ്പോഴാണ് ഓളപ്പരപ്പുകൾ പെട്ടന്ന് അപ്രത്യക്ഷമായത്.
ആശുപത്രി കിടക്കയിൽ തന്നെ ആരോ തട്ടി വിളിക്കുന്ന പോലെ തോന്നി. കൈകാലുകൾ വീണ്ടും വരിഞ്ഞു മുറുകുന്നത് പോലെ. കാലുകൾ വീർത്തു വലുതാകുന്നു. ഒരു ആനയുടെ ശക്തി വന്നു ചേർന്ന പോലെ… പെട്ടന്ന് തന്നെ ചുക്കി ചുളിയുന്നു… ഞെരമ്പുകൾ എല്ലാം കൂടുകൂട്ടുന്നു… എല്ലുകൾ പൊടി പൊടിയാകുന്നു… തുറക്കാൻ പറ്റാത്ത കണ്ണുകളിൽ ഇരുട്ട് നിറയുന്നു. ഇരുട്ട്… വീണ്ടും വെളിച്ചം… ചുറ്റിലും മൗനമായി എല്ലാവരും നോക്കി നില്കുന്നു… വീട്ടുകാർ… നാട്ടുകാർ… എല്ലാവരും എന്തല്ലാം പറയുന്നു. മറുപടി പറയുന്നത് കേൾക്കാതെ അവര് ഒരു നോക്ക് നോക്കി മറയുന്നു. ഒടുവിൽ എങ്ങും ശൂന്യത, താൻ മാത്രം ബാക്കിയാവുന്നു.
റോഡിലൂടെ ഒരു പ്രതിഷേധ പ്രകടനം പോകുന്നു അഴിമുഖത്തെ മണൽ തിട്ട നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ചു.
തന്നെ കരയിലെത്തിച്ച കടലമ്മ വർഷാവർഷം അമ്മദ്ക്കയെ തേടി ക്ഷോഭിച്ചു വരാറുണ്ട്, കാണാത്ത ദേഷ്യത്തിൽ കര കടല് എടുക്കാറുമുണ്ട്.