നിങ്ങളുടെ ചരമക്കുറിപ്പ് വായിക്കാനായി
എനിക്ക് തിരിച്ച് വരാനാവില്ല
എന്നെ കാത്തിരിക്കുന്നത് ഓർമകളുടെയും
നഷ്ടങ്ങളുടെയും ഒഴിയാബാധകളായിരിക്കും
ഞാനുപേക്ഷിച്ച് പോയ എൻറെ സ്വപ്നങ്ങൾ
എൻറെ പ്രണയങ്ങൾ
കർക്കിടകത്തിലെ വറുതിയും വിശപ്പും
ധനുമാസത്തിലെ മഞ്ഞും കുളിരും
മനം തുറക്കാത്തത് കൊണ്ട് മരിച്ച് പോയ
പ്രണയങ്ങളുടെ ആത്മാക്കൾ
എന്നെക്കാത്തിരിക്കുന്നത്
നഷ്ടങ്ങളുടെ കെടാക്കണക്കാണ്
കടം വാങ്ങിച്ച് തിരിച്ച് തരാത്ത സുഹൃത്തുക്കൾ
പ്രണയമൊഴി വാങ്ങി മുഖം തിരിച്ച അയൽക്കാരി
ചുംബനം തരാമെന്ന് പറഞ്ഞ് ലൈബ്രറിയിലേക്ക്
ക്ഷണിച്ച് മുങ്ങിയ സഹപാഠി
ആദ്യ സുരതത്തിൻറെ ഓർമകൾ കടം തന്ന്
പടിയിറങ്ങിയ കാമുകി.
ഇവരൊക്കെ എന്നിൽ അവരുടെ പക തീർക്കും
എനിക്ക് തകർന്ന് പോയ ഹൃദയങ്ങളുടെ
കഷണങ്ങൾ കാണേണ്ടി വരും
പാതി എഴുതി വെച്ച
പ്രണയ ലേഖനങ്ങളുടെ
ചോരപ്പാടുകൾ തിരയേണ്ടി വരും
പൂർത്തിയാവാത്ത കനവുകൾ
തപ്പേണ്ടി വരും
അത് കൊണ്ട്
എനിക്ക് വേണ്ടി നിങ്ങൾ ചരമക്കുറിപ്പെഴുതരുത്.