ചരിത്രത്തിന്റെ രേഖപ്പെടുത്തലുകള്‍ക്ക് ആധികാരികത വരുന്നത് അതിനോടു അനുബന്ധിച്ചുള്ള വിവരങ്ങളുടെ വാസ്തവികതയും വിശ്വാസ്യതയും ശാസ്ത്രീയമായ തെളിവുകളും മൂലമാണ്. അനുമാനങ്ങളിലൂടെ സൃഷ്ടിക്കുന്ന ചരിത്രങ്ങള്‍ ഒന്നും തന്നെ ചരിത്രമായി കരുതാന്‍ കഴിയുകയില്ല. അത് മനുഷ്യരുടെ ഭാവനകളില്‍ നിന്നും ഉരുത്തിരിയുന്ന കേവലവര്‍ത്തമാനങ്ങള്‍ മാത്രമാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരാള്‍ അനുഭവം പറയുകയാണെങ്കില്‍ അതിനെ എങ്ങനെ സ്വീകരിക്കുക? അല്ലെങ്കില്‍ മരിച്ചവരുമായി സംസാരിച്ചു, അദൃശ്യനായ ഒരാളോട് സംസാരിച്ചു തുടങ്ങിയ മനുഷ്യ സഹജമായ ഭാവനകളെ ഒരിയ്ക്കലും ചരിത്രമായി പില്ക്കാലത്ത് കൊണ്ടുവരാനോ സ്ഥാപിക്കാനോ കഴിയില്ല. മിത്തുകള്‍ ആയ പലതും ഇങ്ങനെ ഉള്ള അശാസ്ത്രീയത മാത്രം കൈമുതലായുള്ള വിശ്വാസങ്ങള്‍ ആണെന്നതും അതിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ സ്പര്‍ദ്ധകള്‍ ഉണ്ടാകുന്നു എന്നതും കേവലം ജുഗുപ്ത്സാവഹമായ കാര്യങ്ങള്‍ ആണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യരുടെ ചിന്താഗതികള്‍, വിദ്യാഭ്യാസം കൊണ്ടോ അറിവു കൊണ്ടോ അനുഭവം കൊണ്ടോ മാറ്റാന്‍ കഴിയുന്നില്ല എന്നുള്ള സംഗതി നിഷേധിക്കാന്‍ കഴിയാത്ത ഒരു വാസ്തവം ആണ്. കുറ്റബോധം അഥവാ പാപബോധം ജനിതകവശാല്‍ ചിന്തകളില്‍ എപ്പോഴും മനുഷ്യനെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഈ പാപബോധത്തില്‍ നിന്നാണല്ലോ മനുഷ്യര്‍ മതങ്ങള്‍ക്കും ദൈവങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും വിത്തിട്ടതും വളമിട്ടതും മരമാക്കിയതും. നരവംശ ശാസ്ത്രം ഇന്ന് എത്തിനില്‍ക്കുന്ന വികാസ പരിണാമങ്ങളില്‍ നിന്നുകൊണ്ടു നോക്കിയാല്‍ മനുഷ്യന്റെ ഉത്പത്തിയും പരിണാമവും വികാസവും കുടിയേറ്റങ്ങളും വളരെ വിശാലവും വ്യക്തവുമായി അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം. പല സിദ്ധാന്തങ്ങളും തിരുത്തപ്പെടുന്നുണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നുമുണ്ട് . പക്ഷേ അവയൊന്നും ഒരിയ്ക്കലും പരിണാമത്തെ നിരുത്സാഹപ്പെടുത്തുകയോ നിഷേധിക്കുകയോ ചെയ്യുന്നുമില്ല.
1960 കളില്‍ എഴുതിയ പുസ്തകമാണ് ആര്യന്മാരുടെ കുടിയേറ്റം കേരളത്തില്‍. ഈ പുസ്തകത്തില്‍ കേരളം രൂപീകരിക്കപ്പെട്ടതും, ഇവിടെ ജനവാസം വികാസം പ്രാപിച്ചതും എങ്ങനെ എന്നതിനെക്കുറിച്ചുള്ള അനുമാനങ്ങള്‍ ആണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ പുസ്തകം പ്രതിപാതിക്കുന്നതനുസരിച്ചു കേരളം എന്നത് കടല്‍, കരയായ ഒരു പ്രദേശം ആണെന്നതും ഈ കരയിലേക്ക് ഉത്തരേന്ത്യയില്‍ നിന്നും ഭാഗ്യപരീക്ഷണത്തിലൂടെ കടല്‍യാത്ര നടത്തി കടന്നുവന്ന ബ്രാഹ്മണരുടെ കുടിയേറ്റം സംഭവിച്ചതും അതിനെത്തുടര്‍ന്നു വനഭൂമിയായിരുന്ന കേരളം ഒരു മനുഷ്യാവാസ കേന്ദ്രമായി വികാസം പ്രാപിക്കുകയുണ്ടായി എന്നുമാണ്. വാസ്കോഡ ഗാമയെപ്പോലെ ഒക്കെ സാഹസികമായി പുതിയ ആവാസ വ്യവസ്ഥ കണ്ടു പിടിച്ച്, രൂപീകരിച്ച് അതിലേക്കു ബ്രാഹ്മണരെ കുടിയേറ്റിയ ആളിനെ പരശുരാമന് എന്നു വിളിക്കുന്നു. ആദ്യകാല സമൂഹം കടലോരത്തിലാണ് വളര്‍ന്നത് എന്നും പിന്നീട് അവ വികാസം പ്രാപിക്കുകയും ചെയ്യുകയുണ്ടായി എന്നു സൂചിപ്പിക്കുന്നു. ബ്രാഹ്മണര്‍ തങ്ങളുടെ ആവശ്യാര്‍ത്ഥം കൂടെ കൊണ്ട് വന്ന ഭൃത്യന്മാരായ നാഗന്മാരാണ് പില്ക്കാലത്ത് നായര്‍ സമൂഹമായത് എന്നും അതേപോലെ സിലോണില്‍ നിന്നും വന്നെത്തിയ ഈഴവരും ഇവിടെ പ്രമുഖരായിരുന്നു എന്നും പുസ്തകം അടയാളപ്പെടുത്തുന്നു. ഇവിടെ ഉണ്ടായിരുന്ന ആദിവാസികള്‍ ആണ് മറ്റൊരു ജനവിഭാഗം. വന്നവരോടു ഒട്ടും ഇണങ്ങാതെ നിന്ന അവരില്‍ കുറച്ചു പേരൊക്കെ പതിയെ ഇണങ്ങി വരികയോ മെരുക്കി എടുക്കുകയോ ചെയ്തു എന്നും അവരാണ് പില്ക്കാലത്തെ ശൂദ്രരെന്നും പുസ്തകം പറയുന്നു. രസാവഹമായ ഒരു നിഗമനം ഇതില്‍ കാണാന്‍ കഴിഞ്ഞത് , ജാതി ഉണ്ടായതും ജാതികളിലെ നിയമങ്ങള്‍ ഉണ്ടായതും തൊഴില്‍ വിഭാഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എന്നും അതല്ലാതെ ബ്രാഹ്മണര്‍ ഉണ്ടാക്കിയതല്ല എന്നുമാണ്. ബ്രാഹ്മണര്‍ ജാതി തിരിച്ചിട്ടില്ല എന്നും ഓരോ തൊഴില്‍ ചെയ്തവര്‍ ആ തൊഴില്‍ ചെയ്യുന്നവരുടെ കൂട്ടം ആയി തിരിഞ്ഞെന്നും അവര്‍ സ്വയം ഓരോ ജാതികള്‍ ആയി മാറുകയും അവരുടെ നിയമങ്ങള്‍ അവര്‍ ഉണ്ടാക്കുകയും ചെയ്യുകയും ഇവ കാലക്രമേണ മനുവിന്റെ പുസ്തകം അടക്കമുള്ളവയില്‍ ചേര്‍ക്കപ്പെടുക ആണുണ്ടായത് എന്നുമാണ്. അതുപോലെ മറ്റൊരു നിഗമനം ഒരു സര്‍വ്വേയുടെ ലിസ്റ്റ് കൊടുത്തിട്ടു സാഹിത്യകാരന്മാരുടെ ശതമാനം കണക്ക് കൂട്ടുകയും ജനസംഖ്യാനുപാതാതില്‍ മുന്നില്‍ ഉള്ള ഈഴവര്‍ അടക്കമുള്ളവരില്‍ 2 ശതമാനം മാത്രവും എന്നാല്‍ ചെറിയ ജനസംഖ്യാനുപാതം ആണെങ്കിലും ആര്യന്മാരുമായി ബാന്ധവമുള്ള ജനവിഭാഗങ്ങളില്‍ നായര്‍, അമ്പലവാസികള്‍ , ക്ഷത്രിയര്‍ എന്നിവര്‍ക്ക് അറുപത് ശതമാനം വരെ സാഹിത്യകാരന്മാര് ഉണ്ട് ഇത് ആര്യ സങ്കലനത്തിന്റെ ഗുണം ആണു എന്നു സമര്‍ത്ഥിക്കുന്നതാണ്. . ബ്രാഹ്മണ മേധാവിത്വത്തിനെ ലഘൂകരിക്കുകയും അതില്‍ ഭയപ്പെടത്തക്കതായ ഒന്നുമില്ല എന്നും വിശദീകരിക്കാന്‍ ഉള്ള തീവ്രമായ ഒരു ശ്രമത്തിനപ്പുറം പുസ്തകം പങ്കുവയ്ക്കുന്ന വിഷയങ്ങളില്‍ സത്യങ്ങളെക്കാള്‍ കഥകള്‍ , അനുമാനങ്ങള്‍ മാത്രമാണു കൂടുതല്‍ എന്നു മനസ്സിലാക്കുന്നു .ചരിത്രത്തെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഇത് വായിക്കാന്‍ സമയം കളയുന്നത് കൊണ്ട് ഒന്നും ലഭിക്കാന്‍ കഴിയില്ല എന്നതാണു ഈ വായന നല്കിയ തിരിച്ചറിവ് .
ആര്യന്മാരുടെ കുടിയേറ്റം കേരളത്തില്‍ -1 (ചരിത്രം)
കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
പഞ്ചാംഗം ബുക്ക് ഡിപ്പോ
വില : ₹ 2.25