ഡോക്ടർ ഫ്രഡറിക് അന്റോണിയോ ലോഡ്ജ് മുറിയിലെ ഫർണീച്ചറുകളിൽ ആകമാനം ഒന്ന് കണ്ണോടിച്ചു. നിലാവിന്റെ നേരിയ കഷണങ്ങൾ ജനൽ പാളിയിലൂടെ അകത്തേക്ക് വിരൽനീട്ടുന്നു. പുറത്ത് വലിയ കുരിശു രൂപത്തോടു കൂടിയ ക്രിസ്റ്റീയ ദേവാലയവും വലിയ സെമിത്തേരിയും കാണാം. കുരിശ് നാട്ടിയ നിരവധി ശവക്കല്ലറകൾ നിലാവിൽ മയങ്ങി കിടക്കുന്നു. പരേതന്റെ പേരും ജനന മരണ തീയതികളും വ്യക്തമല്ല.
നിലാവിൽ ശവക്കല്ലറകൾക്കിടയിലൂടെ ഒരു രൂപം അനങ്ങുന്നതായി ഡോക്ടർക്ക് തോന്നി. ഏതോ ഡെമോൺ ആയിരിക്കും – ദുഷ്ട ആത്മാവ് – അതെന്ന് ഡോക്ടർ ഡോക്ടർ ചിന്തിച്ചു. മരച്ചില്ലകൾ ഇളകിയാടി.
പനീർ ശെൽവം അല്പം വിറയാർന്ന സ്വരത്തിൽ പറഞ്ഞു. ഡോക്ടർ നിങ്ങൾ ആ ജനവാതിൽ ഒന്നടയ്ക്കാമോ? ഏതു നശിച്ച സമയത്താണ് ഇങ്ങനെ ഒരു സ്ഥലത്ത് മുറിയെടുക്കേണ്ടിവന്നതാവോ. തിരുച്ചിറപ്പള്ളിയിലെ ഭാരതി ദാസൻ യൂണിവേഴ്സിറ്റി ഗസ്റ്റ് ലെക്ട്റെർ ആയിരുന്നു പനീർ ശെൽവം. രാമനാഥപുരത്തെ പല ലോഡ്ജുകളും തിരക്കി ചെന്നെങ്കിലും ഒന്നും തരപ്പെട്ടില്ല. പിറ്റേന്ന് ഏതോ വലിയ യോഗം നടക്കുന്നു പോലും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന നേതാക്കളെ കൊണ്ടും പാർട്ടി പ്രവർത്തകരെ കൊണ്ടും ലോഡ്ജുകൾ എല്ലാംനേരത്തെ തന്നെ നിറഞ്ഞു. ഒടുവിൽ കിട്ടിയതാകട്ടെ ഈ സെമിത്തേരിക്കടുത്ത ലോഡ്ജും.
നിലാവിൽ സെമിത്തേരി കാണാൻ ഒരു മനോഹാരിതയൊക്കെ ഉണ്ട്. റുമാനിയായിലെ ഡ്രാക്കുള പ്രഭുവിന്റെ കാർപാത്യൻ പർവത നിരകളിലെ കോട്ടയും പരിസരങ്ങളുമാണ് പനീർസെൽവത്തിന് ഓർമ്മ വന്നത്.
ഏതെങ്കിലുമൊരു ശവക്കല്ലറയിൽ നിന്ന് ഒരു ആത്മാവ് ഉടനെ ഇറങ്ങിവരുമെന്ന് അയാൾക്ക് തോന്നി.
ജനലിന്റെ കർട്ടൻ കാറ്റിൽ ഇളകിയാടി. അയാളുടെ ഉള്ളൊന്നു പിടച്ചു. ദൈവമേ ഏതെങ്കിലും ദുഷ്ട പിശാചുക്കൾ കയറി വരുമോ എന്തോ?
“ഡോക്ടർ, താങ്കൾക്ക് ആ കർട്ടൻ ഒന്ന് അടയ്ക്കാമോ?” അർമേനിയക്കാരനാണ് ഡോക്ടർ ഫ്രെഡറിക്. ‘അമ്മ തമിഴ്നാട് തഞ്ചാവൂർ കാരിയാണ്. അച്ഛനുമമ്മയും അർമേനിയായിൽ ജോലി സംബന്ധമായി കുറെ കാലം താമസിച്ചു. യെരേവാൻ യൂണിവേഴ്സിറ്റിയിൽ മെഡിസിന് പഠിക്കുമ്പോഴാണ് ഫ്രഡറിക്കിനെ പരിചയപ്പെടുന്നത്. മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുക്കുകയായിരുന്നു അദ്ദേഹം.
പെട്ടെന്ന് ഇടിമിന്നലുകൾ ആരംഭിച്ചു. ഒപ്പം മരച്ചില്ലകളെ ഉലച്ചു കൊണ്ട് ശക്തമായ കാറ്റും മഴയും. വിദ്യച്ഛക്തി ബന്ധം നിലച്ചു. പനീർ ശെൽവം മേശവലിപ്പിൽ നിന്നും മെഴുകുതിരിയെടുത്തു കത്തിച്ചു വെച്ചു. അതിനിടയിലാണ് ഒരു ബോർഡ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഇംഗ്ലീഷ് ആൽഫബെറ്റും പൂജ്യം മുതൽ ഒൻപതു വരെയുള്ള അക്കങ്ങളും കൂടാതെ യെസ്, നോ, ഗുഡ്ബൈ കൂടാതെ ചില ചിഹ്നങ്ങളുമുള്ള ബോർഡ്. അതോടൊപ്പം ഹൃദയാകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് കട്ടയും ഉണ്ടായിരുന്നു. പ്ലാൻചെറ്റ് (ഹൃദയാകൃതിയിലുള്ള കട്ട) അയാൾ ബോർഡിൽ അക്ഷരങ്ങൾക്ക് മേൽ വെച്ചു
ഉടനെ ഡോക്ടർ ചാടിയെഴുന്നേറ്റ് അയാളുടെ കൈകൾ പിടിച്ചു. നോ, ഡോണ്ട് പുട്ട് ദി പ്ലാൻചെറ്റ് ഓൺ ദി ബോർഡ്. അത് ഓജോ ബോർഡ് ആണ്?”
“ഓജോ ബോർഡോ, അതെന്താണ്.?”
“അതാണ് മരിച്ചവരുടെ ആത്മാവിനെ വിളിച്ചു വരുത്താനുള്ള ബോർഡ്.”
ഡോക്ടറുടെ കണ്ണുകളിൽ തീ പടരുന്നതായി അയാൾക്ക് തോന്നി. ദൈവമേ ഇതെന്തു പരീക്ഷണമാണ്. അതിനിടയിൽ ഓജോ ബോർഡിൽ വെച്ച പ്ലാൻചെറ്റ് പതിയെ ചലിക്കാൻ തുടങ്ങി. ഡോക്ടർ മൃദുവായി പ്ലാൻചെറ്റിൽ കൈപ്പത്തി അമർത്തി. അദ്ദേഹത്തിന്റെ കൈപ്പത്തി പ്ലാൻചെറ്റ് ഓരോ അക്ഷരങ്ങളിലേക്ക് വലിച്ചു കൊണ്ട് പോയി.
അത് കണ്ട് പനീർ ശെൽവം ഞെട്ടി. പുറത്തു നിന്ന് കാർട്ടനിടയിലൂടെ തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. പനീർ ശെൽവം വിറയ്ക്കുന്നത് ഡോക്ടർ അറിഞ്ഞു.
“നിങ്ങൾ കൂടി ഈ പ്ലാൻചെറ്റിന്റെ മുകളിൽ പതിയെ കൈ വെച്ചോളൂ. പക്ഷെ, നിശ്ശബ്ദനായിരിക്കണം. ഭയപ്പെടാനും പാടില്ല. മടിച്ചു നിന്നപ്പോൾ ഡോക്ടർ അയാളെ വീണ്ടും ക്ഷണിച്ചു. മനസ്സില്ലാ മനസ്സോടെ അയാൾ ഡോക്ടറുടെ കൈപത്തിക്കുമേൽ സ്വന്തം കൈപ്പത്തി അമർത്തി. പെട്ടെന്ന് ഉള്ളിൽ നിന്ന് ആർത്തലച്ചു വന്ന ഒരു ശബ്ദം പനീർ ശെൽവം തൊണ്ടയിൽ വെച്ചുവിഴുങ്ങി.
“ബീ കൂൾ, നമ്മോടൊപ്പം ഒരാത്മാവുണ്ട്. അത് നല്ല ആത്മാവാണോ അതോ ദുഷ്ട ആത്മാവാണോ എന്നാണറിയേണ്ടത്?” ഡോക്ടർ പറഞ്ഞു. അതിന് എന്തെങ്കിലും പറയാനുണ്ടാകും. “എനിക്ക്ഭയമാകുന്നു.” നാല്പത്തിരണ്ടുകാരനായ രാമനാഥ പുരത്തു കാരൻ ലെക്ചറരുടെ കണ്ണുകളിൽ ഭീതി നിഴൽ വിരിക്കുന്നത് ഡോക്ടർ മനസ്സിലാക്കി. കരുത്തുറ്റ ശരീരത്തിനുടമയായിരുന്നെങ്കിലും ഭീതിഅയാളെ പെട്ടെന്ന് കീഴടക്കുകയായിരുന്നു.
കർട്ടനിടയിലൂടെ ശബ്ദമുണ്ടാക്കി കൊണ്ട് ഒരു കടവാതിൽ അകത്തേക്ക് കയറി. അതിന്റെ ചിറകിൽ നിന്നുള്ള മഴത്തുള്ളികൾ ഡോക്ടറുടെ മുഖത്തേയ്ക്ക് പതിച്ചു. ലോഹം കൊണ്ടുള്ള ഒരു മെഴുകുതിരിക്കാൽ പനീർ ശെൽവത്തിന്റെ ഇടതു നെറ്റിയിൽ ആഞ്ഞു പതിച്ചു. തടവി നോക്കുമ്പോൾ ചൂടുള്ള ചോര.
“ഡോക്ടർ എന്നെ ആരോ ഇരുമ്പു കട്ട കൊണ്ടെറിഞ്ഞു.” നമുക്കിവിടുന്നു രക്ഷപ്പെടാം.
“നിങ്ങൾ ഭയപ്പെടാതിരിക്കൂ. മനസ്സുകൊണ്ട് സംയമനം പാലിക്കണം.
അതിനിടെ ജനൽ ചില്ലിൽ ആരോ ശക്തിയായി മുട്ടി.
“ആരാണത്. ഈ പാതി രാത്രിയിൽ?” ഡോക്ടർ ജനവാതിലിനടുത്തേയ്ക്ക് നീങ്ങി. ജനവാതിൽ പാതി തുറന്നു കിടക്കുകയായിരുന്നു. പക്ഷെ ആരെയും കണ്ടില്ല. പുറത്ത് കനത്ത ഇരുട്ട്പടർന്ന് കിടക്കുന്നു. കറുത്ത സമുദ്രം പോലെ. മിന്നൽ പിണരുകളിൽസെമിത്തേരിയിലെ ശവക്കല്ലറകളും സ്മാരക ശിലകളും ഉയർന്നു നിൽക്കുന്ന കുരിശുകളും തെളിഞ്ഞു. ഡോക്ടറുടെമനസ്സിൽ ഭയത്തേക്കാളുപരി അതെല്ലാം മനോഹാരിതയുള്ള കാഴ്ചകൾ കൂടിയായിരുന്നു.
ഏതോ ഒരു ശക്തി അകത്ത് പ്രവേശിച്ചതായി ഡോക്ടർക്ക് മനസ്സിലായി. കൂടുതൽ അതേകുറിച്ച് ശെൽവത്തോട് പറഞ്ഞില്ല. അയാൾ ബെഡിൽ കുനിഞ്ഞിരിപ്പാണ്. മുനിഞ്ഞു കത്തുന്ന മെഴുകുതിരി. നെറ്റിയിൽ നിന്നൊലിച്ചിറങ്ങിയ രക്തം ഒഴുകി ചുണ്ടുകളിൽ എത്താറായിരിക്കുന്നു.
വായിലേയ്ക്ക് ഒഴുകി വന്ന ചോരത്തുള്ളി ശെൽവം നാവു കൊണ്ട് തടവി. വായിൽ ഉപ്പുരസം.
“നമുക്കുടനെ പോകാം.” ശെൽവം ധൃതിപ്പെട്ടു. ഡോക്ടർ ബാഗിൽ നിന്ന് ഒരു മെഡിക്കേറ്റഡ് പ്ലാസ്റ് എടുത്ത് നെറ്റിയിലെ മുറിവിൽ ഒട്ടിച്ചു. കുറച്ചു വെള്ളം കൊണ്ടു വന്ന് ശെൽവത്തിന്റെ മുഖം വൃത്തിയാക്കി.
ഡോക്ടർ വീണ്ടും ഓജോബോർഡിന് മേൽ പ്ലാൻചെറ്റ് വെച്ചു.
“ഇനി നമുക്കിടയിൽ ഓജോ ബോർഡിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.” ഒരു മധ്യവയസ്കന്റെ അത്ര ദൃഢമല്ലാത്ത സ്വരം.
“ആരാ, ആരാ അത്?” ശെൽവം എണീറ്റ് നിന്ന് ചോദിച്ചു.
ഡോക്ടർ സ്വന്തം ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. ശെൽവം നിശബ്ദനായി.
ഡോക്ടർ പ്ലാന്ചെറ്റിൽ കൈവെച്ചു കൊണ്ട് ചോദിച്ചു. “ആരാ നിങ്ങൾ എന്താണ് വേണ്ടത്?”
“എനിക്ക് വേണ്ടത് തരാൻ നിങ്ങൾക്കാകില്ല. എനിക്ക് കാണേണ്ടത് നിങ്ങളെയുമല്ല.”
“പിന്നെ?”
“രാവിലെ ഇവിടെ ആരോ ഉണ്ടായിരുന്നു. അതാരാണെന്നെനിക്കറിഞ്ഞു കൂടാ. പക്ഷെ അവർ ആത്മാവിനെ വിളിച്ചു വരുത്താനുള്ള ശ്രമം നടത്തിയതായി എനിക്കറിയാം.”
“നിങ്ങൾ മരിച്ചിട്ട് എത്രയായി?” ഡോക്ടർ
“അധികം ആയിട്ടില്ല. രണ്ടു മൂന്നാഴ്ചയേ ആയിട്ടുള്ളൂ.”
“എത്ര വയസ്സുണ്ട്.”
“അൻപത്?”
വീണ്ടും ചില ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും അതിനൊന്നും മറുപടി ഉണ്ടായില്ല. പ്ലാന്ചെറ്റിൽ കൈവെച്ചു നോക്കിയെങ്കിലും ചലനമൊന്നും കാണുന്നില്ല.
“ഗുഡ് സ്പിരിറ്റ് കം. ഗുഡ് സ്പിരിറ്റ് കം.” ഡോക്ടർ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല.
പുറത്ത് പുലരി വെട്ടം ചെറുതായി തൂവൽ കുടയുന്നുണ്ട്. മരങ്ങൾക്കിടയിലും അന്തരീക്ഷത്തിലും മഴയും മഞ്ഞും ചേർന്ന് തണുത്ത ഒരു ആവരണം സൃഷ്ടിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ് മേഘശകലങ്ങൾ പോലെ മരങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്നുണ്ട്. സെമിത്തേരി രാത്രിയിലും പകലുമുള്ള കാഴ്ച്ചകൾ ഏറെ വിഭിന്നമാണ്.
റൂം ബോയ് ചായയും കൊണ്ടു വന്നു. ആവി പറക്കുന്ന ചായ ഒരു കവിൾ കുടിച്ചപ്പോൾ ഡോക്ടർക്ക് ഉന്മേഷം തോന്നി.
“ഇവിടെ ഇതിന് മുൻപ് ആരാണ് താമസിച്ചിരുന്നത്.?”
“രണ്ട് കോളേജ് വിദ്യാർത്ഥികൾ രണ്ടു ദിവസമായി ഇവിടെ താമസിച്ചിരുന്നു. അവർ ഇന്നലെയാണ് പോയത്.” റൂം ബോയ് പറഞ്ഞു.
“അവരുടെ അഡ്രസ് ഒന്ന് കിട്ടുമോ?”
“റിസപ്ഷനിൽ അന്വേഷിച്ചാൽ ചിലപ്പോൾ കിട്ടും. എന്താ സാർ കാര്യം.”
“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.”
“ബ്രേക്ക് ഫാസ്റ്റ് ഇങ്ങോട്ട് കൊണ്ട് വരണോ അതോ റെസ്റ്റാറന്റിലേയ്ക്ക് വരുമോ?”
“ഞങ്ങൾ അറിയിക്കാം.”
റൂം ബോയ് കതകു ചാരിക്കൊണ്ട് കടന്നു പോയി.
തലേന്ന് സംഭവിച്ച കാര്യങ്ങൾ ഒരു പ്രേത കഥ പോലെ ഡോക്ടറുടെ മനസ്സിലൂടെ മിന്നി മറയുകയായിരുന്നു. ശെൽവം ആകട്ടെ ഇനിയൊരു ദുശ്ശകുനത്തിനു കൂടി അവസരമൊരുക്കി ഒരുരാത്രി കൂടി ഇവിടെ തങ്ങേണ്ട എന്ന നിലപാടിലായിരുന്നു.
“ഡോക്ടർ, താങ്കളുടെ പ്രൊജക്റ്റ് ഇവിടെ വെച്ച് തീർക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമില്ല. നമുക്ക് മറ്റേതെങ്കിലും ലോഡ്ജിലേക്ക് മാറാം” ശെൽവം പറഞ്ഞു.
“നേതാക്കന്മാർ മരിക്കുമ്പോൾ സെന്റിമെൻസിന് വിധേയമായി ജീവിതം തുലയ്ക്കുന്നവരുടെ കഥകൾ എനിക്ക് കുറച്ചു കൂടി കണ്ടെടുക്കേണ്ടതുണ്ട്. കുറച്ചു കൂടി ഡാറ്റാസ് കളകട് ചെയ്യണം. അതു കൂടി ലഭിയ്ക്കുമ്പോഴേ നമ്മുടെ പ്രൊജക്റ്റ് സാധ്യമാകൂ. അതിന് പാവപ്പെട്ട മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങളിൽ പോകേണ്ടി വരും.
ഇളവരശിയുടെ അളങ്കനല്ലൂരിലും പോകേണ്ടതുണ്ട്”
ഇളവരശി ആരാണെന്നും അവൾ എന്താണ് ചെയ്യുന്നതെന്നുമെല്ലാം ഡോക്ടറേക്കാൾ കൂടുതൽ തനിക്കാണ് അറിയുന്നതെന്ന് ശെൽവം ചിന്തിച്ചു. പ്ലസ് ടുവിന് പഠിക്കുമ്പോൾ എൽടിടി പാർട്ടിയോട് ചെറിയ ആഭിമുഖ്യം ഉണ്ടായിരുന്നു. പിന്നീട് അവരുടെ നിലപാടുകൾ പലതും യോജിക്കാത്തതാണെന്ന് മനസ്സിലാക്കിയതോടെ ആ ആശയം ഉപേക്ഷിച്ചു. ജേർണലിസം കഴിഞ്ഞതോടെ ദിനമണി പത്രത്തിൽ അണ്ണാ ശാലയിൽ സബ് എഡിറ്ററായി ജോയിൻ ചെയ്തു. വാർത്തകളുടെ എഡിറ്റിങ്ങുമായി ഓഫീസിൽ ഒതുങ്ങിയില്ല ഇളവരശിയുടെ മേഖല. ന്യൂസ് അന്വേഷിച്ച് രാഷ്ട്രീയക്കാർക്കിടയിലേതിനേക്കാൾ കൂടുതൽ പാവപ്പെട്ട ഗ്രാമീണർക്കിടയിലേക്ക് ഇറങ്ങി ചെന്നു.
അവർ എഴുതിയ ലേഖനങ്ങൾ ചായക്കടലിലും ബർബാഷോപ്പുകളിലും കൂട്ടത്തിൽ പഠിപ്പുള്ള ചിലർവായിച്ചു കേൾപ്പിച്ചു. ഇത് മനസ്സിലാക്കിയ ചില നേതാക്കളുടെ സമ്മർദ്ദം നിമിത്തം അവരെ പത്രത്തിൽ നിന്ന് പുറത്താക്കി. പിന്നീട് ഫ്രീലാൻസറായി തുടർന്നപ്പോഴും ഇളവരശി തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ചില്ല. ഭരിക്കുന്നവർക്കും നേതാക്കന്മാർക്കും തലവേദനയായപ്പോൾ കുറ്റ പത്രം നൽകാതെ തന്നെ വിചാരണ തടവുകാരിയായി വർഷങ്ങളോളം ജയിലിലിട്ടു. ആകാലത്താണ് ഏതാണ്ട് സമാന രീതിയിൽ ആന്ധ്രയിൽ ജയിലിൽ കഴിഞ്ഞിരുന്ന സാമൂഹിക പ്രവർത്തകൻ വര വര റാവുവിനെ കത്തുകളിലൂടെ പരിചയപ്പെടുന്നത്. അത് ഇളവരശിയിൽ കൂടുതൽ ഊർജ്ജം പർകർന്നു.
ഇളവരശിയെ തേടി അളങ്കനല്ലൂരിൽ എത്തുമ്പോൾ അവിടെ മാർഗഴി മാസത്തിലെ വിളവെടുപ്പുത്സവവും അതോടനുബന്ധിച്ചുള്ള ജെല്ലിക്കെട്ട് മത്സരവും നടക്കുകയായിരുന്നു. പഴയ സ്ഥലത്തു നിന്ന് താമസം മാറ്റിയതിനാൽ വീട് കണ്ടെത്താൻ കുറച്ചു ബുദ്ധി മുട്ടി.
നേരത്തേ ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്കിലും ഡോക്ടർ, ഇളവരശിയെ ആദ്യമായിട്ടാണ് കാണുന്നത്. കടഞ്ഞെടുത്തതു പോലുള്ള രൂപം, ഒത്ത ഉയരം. ഇളം ചോക്കലേറ്റ് വർണ്ണം. ആമ്പൽപ്പൂവിതൾ പോലുള്ള കണ്ണുകൾ. മൂക്കിൽ തിളങ്ങുന്ന വജ്ര മൂക്കുത്തി. ഇളം ചുകപ്പ് ടീ ഷർട്ടും നീല ജീൻസുമാണ് വേഷം.
സംസാരിച്ചിരിക്കുന്നതിനിടെ ഇളവരശിയുടെ അമ്മ വീട്ടിൽ വളർത്തുന്ന പശുവിൻ പാൽ ഒഴിച്ച കടുപ്പത്തിലുള്ള ചായ കൊണ്ടു വന്നു. ഡോക്ടർ ആസ്വദിച്ച് കുടിച്ചു. അമ്മ ഒരു ഗ്ലാസ് കൂടിപകർന്നു. അദ്ദേഹം തടഞ്ഞില്ല.
“ഇത് അമ്മയുടെ പണ്ടേയുള്ള ശീലമാണ്. അമ്മയുണ്ടാക്കിയത് ആർക്കെങ്കിലും ഇഷ്ടപ്പെട്ടുവെന്നു കണ്ടാൽ പിന്നെ വിടില്ല.”
ഡോക്ടർ ചിരിച്ചു. ഇളവരശി കുറെ ലേഖനങ്ങളുടെ ഫോട്ടോകോപ്പികളും കുറെ ഫോട്ടോകളും പത്ര കട്ടിങ്ങുകളുമെല്ലാം വലിയ ഒരു കവറിലിട്ട് ഡോക്ടറെ ഏല്പിച്ചു. കവർ വാങ്ങിച്ച്ശെൽവം ചിലതൊക്കെ മറിച്ചു നോക്കി.
“ശെൽവണ്ണനെ ഇപ്പോൾ കാണാനേ കിട്ടുന്നില്ല. ഡൽഹിയിൽ തന്നെ അങ്ങ് കൂടിയോ?” ഇളവരശി.
“നാട്ടിലേക്കുള്ള വരവ് കുറവാണ്. ഇടയ്ക്ക് വന്നാലും അമ്മയെ കണ്ട് പെട്ടെന്ന് തിരിച്ചു പോകും. നിങ്ങളുടെയൊക്കെ വിവരങ്ങൾ അറിയുന്നുണ്ട്. പിന്നെ വാട്ടസ്ആപ്പും ഫേസ്ബുക്കുമൊക്കെയായി ചാറ്റിങ് നടക്കുന്നുണ്ടല്ലോ.”
അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ കൂടി കഴിച്ച ശേഷം അവർ ഇറങ്ങി.
രാമനാഥ പുരത്തെ കോമള വല്ലി ലോഡ്ജിൽ എത്തിയപ്പോൾ റൂം ബോയ് മുരുക പാണ്ട്യൻ തിരക്കി. “സാർ എന്താ ഇന്നലെ കണ്ടില്ലല്ലോ?”
“ഞങ്ങൾ ഒരു ദൂര യാത്രയിൽ ആയിരുന്നു.” ശെൽവം പറഞ്ഞു.
“രണ്ടു വിദ്യാർഥികൾ ഇന്നലെ വന്നിരുന്നു. അവരുടെ എന്തോ സാധനം മറന്നു വെച്ചിട്ടുണ്ടത്രെ. സാറിന്റെ നമ്പർ ചോദിച്ചു. ഞങ്ങൾ കൊടുത്തില്ല. ഇന്ന് വരാമെന്ന് പറഞ്ഞു പോയിട്ടുണ്ട്.
മുറിയിൽ കയറിയപ്പോൾ ജാലകത്തിലൂടെ ആ വലിയ കുരിശു പള്ളിയും സെമിത്തേരിയും ദൃശ്യമായി. ശവക്കല്ലറകളും സ്മാരക ശിലകളും അതിനിടയിലുള്ള വലിയ മരങ്ങളും കണ്ടപ്പോൾശെൽവത്തിന്റെ ഉള്ളൊന്നു കിടുങ്ങി. അയാൾ ജന വാതിൽ അടയ്ക്കാൻ തുനിഞ്ഞു. ഡോക്ടർ കൈകൊണ്ടു വിലക്കി.
മരങ്ങൾക്കിടയിലൂടെ പോക്കു വെയിലിന്റെ പൊൻ വെളിച്ചം ചെറിയ ചെറിയ കുരിശുകളിൽ തട്ടി വന്യമായ ഒരു സൗന്ദര്യം രൂപ പെടുത്തുന്നതായി ഡോക്ടർക്ക് തോന്നി. അതിനടിയിൽഒരു പാട് ആത്മാവുകൾ ശാന്തമായുറങ്ങുന്നുണ്ടാകും. രാത്രിയിൽ ഇറങ്ങി അവ ആകാശത്തിലൂടെ സഞ്ചരിക്കുന്നുണ്ടാകും. ഗതികിട്ടാതെ മരിച്ചവരുടെ പ്രേതങ്ങൾ രാത്രിയിൽ ഇറങ്ങിനടക്കുന്നുണ്ടാകും, ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കാൻ.
സന്ധ്യ മയങ്ങിയപ്പോൾ വാതിലിൽ മുട്ടു കേട്ടു. റൂം ബോയ് ആണ്. ഒപ്പം രണ്ടു പയ്യന്മാരും.
“ഇവരാണ് സാർ ഇന്നലെ നിങ്ങളെ അന്വേഷിച്ചു വന്ന…..”
“വരൂ ഇരിക്കൂ” ഡോക്ടർ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു. നല്ല ഒത്ത പൊക്കമുള്ള കൗമാരക്കാർ. ഒരാളുടെ മുഖം ഖിന്നമാണ്. ഇപ്പോൾ കരയുമെന്നു തോന്നും. ഇളം നീല കള്ളികളുള്ള മുഷിഞ്ഞ ഷർട്ടും ജീൻസുമാണ് വേഷം. മറ്റെയാൾ മുടി സ്പൈക് ചെയ്തിരിക്കുന്നു. ടി ഷിർട്ടാണ് വേഷം കൈയിൽ ഡ്രാഗൺ പച്ച കുത്തിയിരിക്കുന്നു. ഒരു കാതിൽ കടുക്കൻ ഇട്ടിട്ടുണ്ട്.
“ഞങ്ങൾ ഒരു സാധനം…..”
“മനസ്സിലായി. നിങ്ങളുടെ പേര്?” ഡോക്ടർ തിരക്കി. കരച്ചിലിനോടടുത്ത മുഖ ഭാവമുള്ള ചെറുപ്പക്കാരാണ് ആദ്യം മറുപടി പറഞ്ഞത്.
“യേൻ പേര് ശങ്കർ. ഇത് ഫ്രണ്ട് ദിനകർ.”
“നിങ്ങളുടെ മുഖത്ത് ഒരു ദുഃഖമുണ്ട്. എന്താണത്?” ഡോക്ടർ ശങ്കറിന്റെ നേരെ നോക്കി. മറുപടി ഒരു ചോദ്യമായിരുന്നു. സുഹൃത്തിന്റെ വക.
“സാർ എന്താ മനഃശാസ്ത്രജ്ഞനാണോ?” തുടർന്ന് ഒരു ചിരിയും. ശങ്കർ ദിനകറിന്റെ നേരെ തലയാട്ടി കൊണ്ട് അവനെ തടയാൻ ശ്രമിച്ചു. ഡോക്ടർ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.
“ആണെന്ന് വെച്ചോളൂ. എന്നാൽ പറയാമോ?”
സാർ ഞങ്ങളുടെ ആ സാധനം ദേ, ആ മേശവലിപ്പിലാണ് വെച്ചിരുന്നത്” ദിനകർ.
“അതിന്റെ സീരിയസ്നെസ്സ് നിങ്ങൾക്കറിയാമോ?” ശെൽവം കൗമാരക്കാർക്ക് നേരെ ചൂടായി.
ഡോക്ടർ അയാൾക്ക് നേരെ നോ എന്ന് തലയാട്ടി.
അതിങ്ങോട്ടെടുക്കൂ. ഡോക്ടർ ശെൽവത്തിനെ നോക്കി. ഡ്രോവർ തുറന്ന് ബോർഡ് ഡോക്ടർക്ക് നേരെ നീട്ടി.
“വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു ഒരു ഉപകരണമാണിത്. അറിയാമോ? ഇല്ലെങ്കിൽ വരുന്ന ആപത്ത് വളരെ വലുതായിരിക്കും. ചിലപ്പോൾ മരണം തന്നെ സംഭവിച്ചെന്നിരിക്കും. നിങ്ങൾക്കോ അതല്ലെങ്കിൽ നിങ്ങൾ മൂലം മറ്റൊരാൾക്കോ.” ഡോക്ടർ കുട്ടികളെ നോക്കി. അറിയാമെന്ന അർത്ഥത്തിൽ രണ്ടു പേരും തലയാട്ടി.
“അതിങ്ങു തരൂ” ശങ്കർ കൈ നീട്ടി
“തരാം. പക്ഷെ അതിനു മുമ്പ് ഒന്നു രണ്ട് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്. മറുപടി പറയാൻ നിങ്ങൾ തയ്യാറാണോ?” കുട്ടികൾ ഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കി. മുഖം ശാന്തഗംഭീരമായിരുന്നു.
ഏതോ ഒരു പ്രേരണയാലെന്ന വണ്ണം ദിനകർ പറഞ്ഞു. “ഞങ്ങൾ പറയാം. സാർ ചോദിക്കൂ.”
രണ്ടു പേരുടെയും മുഖത്തേയ്ക്ക് സസൂക്ഷ്മം മാറി മാറി നോക്കിയ ശേഷം ശങ്കറിനെ ചൂണ്ടിക്കാണിച്ച് ദിനകറിനോട് ചോദിച്ചു.
“ഈ കുട്ടിയുടെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?”
“ഇല്ല സാർ. രണ്ടു മൂന്നാഴ്ച മുമ്പ് ഇവന്റെ അച്ഛൻ മരിച്ചു.”
“എങ്ങനെ മരിച്ചു?” ചോദ്യത്തിനുത്തരം പറയാതെ കൗമാരക്കാർ പരസ്പരം മുഖാമുഖം നോക്കി.
“പറയൂ, എങ്ങനെ മരിച്ചു.”
“സൂയിസൈഡ് ചെയ്യുകയായിരുന്നു. തലൈവിയുടെ പെട്ടെന്നുണ്ടായ മരണത്തിൽ മനം നൊന്ത് ആരും അറിയാതെ പോയി ആത്മഹത്യ ചെയ്തു. അയലത്തെ വീട്ടുകാർ അവരുടെ പുളിമരത്തിൽ തൂങ്ങിയാടുന്ന ശവം കണ്ടാണ് ഇവന്റെ അമ്മയെ വിവരം അറിയിച്ചത്.”
കുറച്ചു നേരത്തെ മൗനം. ആരും പരസ്പരം നോക്കിയില്ല. പിന്നെ ദിനകർ തുടർന്നു. “അതോടെ അവന്റെ പഠിത്തം മുടങ്ങി സാർ, സെയിന്റ് ഗ്രിഗോറിയോസ് കോളേജിൽ നിന്നും ശങ്കറിനെ പ്രിൻസിപ്പൽ പുറത്താക്കി. രണ്ടു മാസത്തെ ഫീസും ബാക്കിയുണ്ടായിരുന്നു. കൂലിപ്പണിക്ക് പോയാണ് അവന്റെ അച്ഛൻ ഫീസടച്ചിരുന്നത്. ഇപ്പോൾ ഫീസടക്കാൻ ആരുമില്ല” സംസാരത്തിനിടെ അവന്റെ കണ്ഠമിടറി.
ശങ്കറാകട്ടെ എല്ലാം കേട്ടിരുന്ന് കൈകളിൽ കവിൾ താങ്ങി കരയുകയായിരുന്നു. ഡോക്ടർക്കും ഇതേ പ്രായത്തിൽ ഒരു മകനുണ്ടായിരുന്നു, ചാൾസ്. അദ്ദേഹം അവനെകുറിച്ചോർക്കുകയായിരുന്നു.
“നിങ്ങളെന്തിനാ ഇവിടെ മുറിയെടുത്തത്?” ശെൽവം തിരക്കി. കുട്ടികൾ ആദ്യം മറുപടിയൊന്നും പറഞ്ഞില്ല. നിർബന്ധിച്ചപ്പോൾ ദിനകർ പറഞ്ഞു. “സ്പിരിറ്റിനെ വിളിച്ചു വരുത്താൻ”
“സ്പിരിറ്റിനെയോ? ആരുടെ ആത്മാവിനെ, എന്തിന്?” ഡോക്ടർക്ക് ദേഷ്യം വന്നു.
അതുവരെ മിണ്ടാതിരുന്ന ശങ്കർ പൊട്ടിക്കരഞ്ഞു കൊണ്ട് എഴുന്നേറ്റു.
“എനിക്കെന്റെ അച്ഛനെ കാണണം സാർ, അച്ഛനെ കാണണം. അദ്ദേഹമായിരുന്നു എന്റെ എല്ലാം. ഞാനും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ്. പിന്നെ എന്റെ അമ്മയെയും കുഞ്ഞുപെങ്ങൾ ദീപ്തിയേയും കുറിച്ചോർത്തപ്പോൾ, പിന്നെ എന്റെ ഈ പ്രിയ ചങ്ങാതി തടസ്സം നിന്നപ്പോൾ….”
ഡോക്ടർ അവനെ കെട്ടിപ്പിടിച്ചു തലയിലും പുറത്തും തലോടി. ‘എന്റെ ചാൾസ്, സമാധാനിക്കൂ മകനേ’ അദ്ദേഹം മനസ്സിൽ പറഞ്ഞു.
ആ ബോർഡ് തരൂ. ഞങ്ങൾക്ക് പോകണം. ദിനകർ പറഞ്ഞു. ഡോക്ടർ. റൂം ബോയിയെ വിളിച്ചു ഒരു കത്തി കൊണ്ടു വരാൻ പറഞ്ഞു. പിന്നീട് ബോർഡ് നാലായി മുറിച്ച ശേഷം കൊണ്ടുപോയി കളയാൻ മുരുകനെ ഏല്പിച്ചു.
ശങ്കറിന് പൊടുന്നനെ ദേഷ്യം വന്നു. ചാടി എഴുന്നേറ്റു. “നോ, താങ്കൾ എന്താ ഈ കാണിച്ചത്. നോ…” അവൻ ഡോക്ടറുടെ രണ്ടു ചുമലും പിടിച്ചു ശക്തമായി കുലുക്കാൻ തുടങ്ങി. കുലുക്കത്തിന്റെ ആഘാതത്തിൽ ഡോക്ടർ കസേരയിലേക്ക് മറിഞ്ഞു. ശെൽവം ഡോക്ടറെ വീഴാതെ പിടിച്ചു.
ദിനകർ ശങ്കറിനെ ബലമായി പിടിച്ചു മാറ്റി. അപാരമായ ഒരു ശക്തി അവന് കൈവന്നതായി ദിനകറിന് തോന്നി. ഡോക്ടറും അത് തന്നെയാണ് ചിന്തിച്ചു കൊണ്ടിരുന്നത്.
ഹിസ്റ്റീരിയ ബാധിച്ചവനെ പോലെ അല്പം ഇരുന്ന ശേഷം ശങ്കർ കരഞ്ഞു കൊണ്ട് പറഞ്ഞു. സാർ എന്നോട് ക്ഷമിക്കണം. ഞാൻ എന്താ ഈ കാണിച്ചത്.
“നോ, സാരമില്ല. ടേക്ക് ഇറ്റ് ഈസി.” ഡോക്ടർ അവനെ സമാധാനിപ്പിച്ചു. ഡോക്ടർ ഒരെഴുത്തെഴുതി കവറിലിട്ട ശേഷം ശങ്കറിനെ ഏല്പിച്ചു. ഇത് നിന്റെ പ്രിൻസിപ്പലിന് കൊടുക്കണം. തുറന്ന്നോക്കരുത്.
ഡോക്ടറുടെ നമ്പരും ഇമെയിൽ വിലാസവും അവന് എഴുതി കൊടുത്തു. “സമയം കിട്ടുമ്പോൾ എന്നെ ബന്ധപ്പെടണം.
അച്ഛന്റെ കുഴിമാടത്തിനരികെ വല്ലപ്പോഴും ചെന്ന് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം. ഒരിക്കലും ഓജോ ബോർഡ് പോലുള്ളത് ഉപയോഗിക്കരുത്. നമ്മൾ ഉദ്ദേശിക്കുന്ന ആത്മാവിന്പകരം ഏതെങ്കിലും ദുഷ്ടാത്മാവാണ് വരുന്നതെങ്കിൽ അത് പിന്നെ തിരിച്ചു പോയെന്നു വരില്ല. പിന്നീടുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഞാൻ പറയേണ്ടല്ലോ.
കുട്ടികൾ ക്ഷമ ചോദിച്ചു കൊണ്ട് ഇറങ്ങി പോയി.
ശെൽവം പറഞ്ഞു. നമുക്കും ഉടനെ പോകാം സാർ, ഈ സ്ഥലം അത്ര ശരിയല്ല.
ഡോക്ടർ ചിരിച്ചു.
“ആട്ടെ സാറെന്താണ് ആ കുട്ടിയുടെ കൈയിൽ കൊടുത്തത്. അവന്റെ ഫീസാണോ. അതോ അവനെ ഏറ്റെടുത്തു കൊണ്ടുള്ള സാറിന്റെ ലെറ്ററോ?”
മറുപടിയൊന്നും പറയാതെ ഡോക്ടർ വെറുതെ ചിരിച്ചു.
അപ്പോൾ വിനയാന്വിതനായി ഒരാത്മാവ് അവിടെ എവിടെയോ ഉള്ളതായി ശെൽവത്തിന് തോന്നി.