ഒരു കവിത മഴകൊണ്ടു വരുന്നു

ഒരു കുല
വയലറ്റ് ഡെയ്സി പൂക്കള്‍
ഒരു പനിനീര്‍ ചെടി നിറയെ
റോസാപ്പൂക്കൾ
മഞ്ഞളിൽ മുങ്ങിയ പുഷ്പങ്ങൾചൂടി
മറ്റൊരു കുഞ്ഞു ചെടി

അവർ ദൃഢസ്വരത്തിൽ
സ്നേഹത്തെക്കുറിച്ച്
കവിത ചൊല്ലുകയായിരുന്നു..
പശ്ചാത്തലത്തിൽ
മഴക്കാറ്റിൻറ കുറുകൽ
ആരെയോ തിരയുന്ന കറുമ്പിപ്പൂച്ച
ഉപ്പൻറ കൂവൽ
കുരുവിയുടെ ചിലമ്പൽ
തുടരെ ഇടിമുഴക്കത്തിന്നിരമ്പം

ഞാൻകേട്ടുകേട്ടിരുന്നു;
വീണ്ടും വീണ്ടും..
വൻകരകൾ കടന്ന്
സ്നേഹത്തിൻറ മാറ്റൊലികൾ ..
പാടുന്ന ഹൃദയത്തിനൊപ്പം  
പ്രകൃതിയുടെ ഗീതം.

ഞാൻ കാതോർത്തു,
അതാ വെയിൽവീണു പൊള്ളിയ
എൻറ മുറ്റത്ത്
മഴത്തുള്ളിച്ചിരിചിതറുന്നു.

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.