നിനച്ചിരിക്കാത്തൊരു നാളിൽ
നട്ടുച്ച നേരത്ത്
വഴിതെറ്റി പാറിവന്ന
മഴത്തുള്ളിയിലേറി
സ്വപ്നങ്ങൾ കുരുത്ത തുരുത്തിലേക്ക്
ഒരു യാത്ര പോയി.
പണ്ടു കാത്തു നിന്ന
ഇടവഴികളിലൊക്കെയും
എഴിമ്പുല്ലുകൾ
നിറഞ്ഞിരിക്കുന്നു.
അന്നുനാം നെയ്തെടുത്ത നീലാകാശം
കറുത്തിരുണ്ടതും
ഒരുക്കിയ വിളനിലങ്ങൾ
ഉഷ്ണതീരങ്ങളുമായി
പരിണമിച്ചിരിക്കുന്നു.
നമ്മുടെ മലർവാകകൾ നിറം മങ്ങിയും
ഊയലാടിയ വള്ളികളിൽ
പൂപ്പൽ പൊതിഞ്ഞും കാണപ്പെട്ടു.
നീ നട്ട ചെമ്പകം
ഗന്ധം പോലും അവശേഷിപ്പിക്കാതെ
ഇക്കഴിഞ്ഞ പ്രളയത്തിൽ
പുഴയെടുത്തത്രെ.
ഒരു ചെറുകാറ്റിൻ ചെപ്പിൽ
മഴ പൊടിച്ചടർന്നപ്പോൾ
വെയിൽ തിന്നും ദേശാടനക്കിളി
കൂട്ട് ചേർന്ന്
ഓരം തേടിയ പഴയ കോലായിൽ
ചിതൽ കൂമ്പാരത്തിൻ
ചുവന്ന ശില്പചാതുരി മാത്രം.
അസ്തമസൂര്യന്റെ
പൊൻ പ്രഭയിൽ
സായാഹ്ന സന്ധ്യയുടെ
കൽവിളക്കിൻ ചോട്ടിൽ
നിലവറയിലുരുകും ചിരബന്ധിതം
ഏതോ പ്രണയ സന്താപം
എന്നിലേക്കൊരു ഹൃദയഹസ്തം നീട്ടി-
എന്തോ പറയുവാനുഴറും പോലെ.
മകരക്കുളിരെഴും ഓർമ്മകൾ
പഴകിയ നെടുവീർപ്പിൻ താളം പൂണ്ട്
അകലുന്നൊരേകാകിയുടെ
കാലൊച്ചയെ പിന്തുടർന്നപ്പോൾ
വേരറ്റുപോകാൻ കൂട്ടാക്കാത്ത ഇന്നലെകൾ
നിശ്ശബ്ദം കലഹിക്കുന്നു.