1, ചിരി മറന്ന മുഖങ്ങൾ
ചിരി മറന്ന മുഖങ്ങൾ
പ്രണയമായിരുന്നു.
2, പതിയെ
പ്രണയത്തൂവലുകൾ
പൊഴിയുന്നു ഉരുകുന്നു, തനിയെ!
3, ബാക്കിയായത്
അഗ്നിയിൽ വെന്ത്
തീർന്നതിൽ പലതും
എന്നിലെ, നിൻ നിനവുകളായിരുന്നു.
4, മേഘം
മറന്നു തുടങ്ങിയൊരു രാവിൽ
മേഘവും മഞ്ഞും തമ്മിൽ ചേർന്നു.
5, മിഴികൾ
നിന്റെ നേരിയ കൺപീലിയിലായൊരു
കവിത ഞാൻ കുറിച്ചിരുന്നു.
6, തെന്നൽ
ഈ ഇളം തെന്നലും പറയുന്നു
നാം ഇരുവരും പ്രണയിച്ചിരുന്നുവെന്ന്.
7, നുണ
വെറുമൊരു നുണ മാത്രമായ്
നീയും ഞാനും.
8, നാവ്
നാവുകൾ മുങ്ങിയയാഴിയിൽ
ഇരുമീനുകൾ ചത്തു പൊന്തി.
9, വേര്
നിന്റെ കൺപീലിയിലെന്റെ
പ്രാണന്റെ ഒടുവിലത്തെ
വേര് പറ്റിപിടിച്ചിരുന്നു.
10, മഴ
പെയ്യാത്ത മഴയുടെ തുഞ്ചത്തായി
നമ്മൾ പ്രതീക്ഷയോടെ
നനയാൻ കൊതിച്ചിരുന്നു.
11, പ്രണയം
ഇതെന്റെ പ്രണയമാണെന്ന്
പറയുവാൻ കഴിയാതെ
അടർന്നൊരിതളാണ് ഞാൻ.
12, ആഴി
ആഴിയിരുവരികളായി
പിരിഞ്ഞത് നിനക്കായ് മാത്രം.
13, മണൽ കൂട്
ഈ മണൽ കൂടിന്റെ ചുവരുകളിൽ
നിനക്കായി ഞാനെന്നും കാത്തിരിക്കും.
14, മരുഭൂമി
മണൽക്കാടിന്റെ കിഴക്കേ ചെരുവിലായ്
ഇളം നിലാവ് മരിച്ചു വീണിരുന്നു.
15, ഈ രാത്രി
ഈ രാത്രി തീരും നേരം
ഞാനും നീയും
രാവും പകലുമായി പിരിയും.
16, മുറിവ്
കഠിനമായി കരയാഞ്ഞിട്ടാകും
ഹൃത്തിലെ മുറിവുകൾ
കരിയാതെ പോയത്.
17, മൈലാഞ്ചി
നിനക്കായ് കരുതിയ
മൈലാഞ്ചിയിതളുകൾ
കരയുന്നത് ഞാൻ കണ്ടു.
18, തീരം
കാത്തിരിപ്പിന്റെ നോവ്
മരുഭൂമി പറഞ്ഞപ്പോൾ
തീരത്തിനു ബോധ്യമായ് .
19, വരി
നീ പറയണം!
ഒടുവിൽ എഴുതിയ വരികൾ
പ്രണയമാണെന്ന്.
20, മൗനം
ഇതെന്റെ മൗനമായി കരുതണം
ഈ കല്ലറയും പൂക്കളും
പ്രണയമായും.