വിറയെഴുത്ത്

എഴുത്തുകാര്‍ക്കൊക്കെയും
കാണുമായിരിക്കും
ആ ഉള്‍വിറയല്‍.
വിജയനതുണ്ടായിരുന്നു
ഏത് നേരവും.
ഉണ്ടായിരുന്നിരിക്കണം
കാക്കനാടന്
ആദ്യഗ്ലാസ് കമിഴ്ത്തും വരെ.
അഴീക്കോടിനു
ആദ്യവാക്കുച്ചരിക്കും വരെ.
തകഴിക്കു
ആദ്യത്തെ പാക്ക് പല്ലിടുക്കിലമരും വരെ.
കേശവദേവിനു
ആദ്യഗര്‍ജ്ജനം തൊണ്ട തൊടും വരെ.
ഉണ്ടായിരുന്നിരിക്കണം എം ടിക്ക്
ആദ്യമൗനം ആകാശമാകും വരെ.
പത്മനാഭന് ആദ്യപ്രകാശം
അപ്സരസ്സാകും വരെ.
വിജയന്‍ മാസ്റ്റര്‍ക്ക്
അവസാനവാക്കും
ചിറകടിക്കും വരെ.
കുഞ്ഞിരാമന്‍ നായര്‍ക്ക്
ആദ്യപ്രണയം വരെ.
കുമാരനാശന്
അവസാന ആഴം വരെ.
കുഞ്ചന്
ആദ്യ അവഹേളനം വരെ.
തുഞ്ചന്
കാഞ്ഞിരമധുരം വരെ.
അയ്യപ്പന് തുളുമ്പുമ്പോഴും
ഇറ്റിവീഴും അവസാനത്തുള്ളി വരെ.
മാധവിക്കുട്ടിക്ക് വിസ്മയത്തിന്‍റെ
കാണാബാല്യം വരെ.
സച്ചിദാനന്ദനോ കാണുമത്രയും
വിട്ടു പോയൊരു മിടിപ്പായി.
ബാലചന്ദ്രന്
വ്രണിതതീര്‍ത്ഥാടനത്തിനുംമുമ്പേ
വ്യാകുലകൗമാരമായി.
എനിക്കോ
ഓരോ അക്ഷരകാലത്തിനും
ഓരോ മൗനത്തിനുമിടയില്‍
മിടിക്കുന്ന ആദ്യഹൃദയം.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.