“നിനക്ക് മടുക്കുമ്പോൾ നീ ഇങ്ങു പോര് കുഞ്ഞോളെ .. ഞാൻ ഇവിടെ ഉണ്ടാകും ഈ മലയിടുക്കിൽ, ഓരോ വെളിച്ചക്കീറിലും നിന്നെയും കാത്ത്.”
മൂന്നാർ ബസ്സിലെ ജാലക സീറ്റിലിരുന്നു സ്റ്റെല്ല മൊബൈലിലെ അവൻ്റെ മെസ്സേജുകൾ വീണ്ടും വീണ്ടും വായിച്ചു. എത്ര വായിച്ചിട്ടും മതി വരാത്തതുപോലെ. വരികൾക്കിടയിൽ അയാൾ ഒളിപ്പിച്ച അർത്ഥം പലവുരു മാറ്റിയെഴുതി മൊബൈൽ നെഞ്ചിലേക്ക് ചേർത്തു വെച്ചവൾ സീറ്റിലേക്ക് ചാഞ്ഞു. കാപ്പിത്തോട്ടങ്ങളെ തഴുകി വന്ന കിഴക്കൻ കാറ്റവളെ ഓർമകളുടെ മല കയറ്റി.
“നീ എന്തൊക്കെ പറഞ്ഞാലും കുഞ്ഞോളേ അവനെ പോലെയൊരു ദരിദ്രവാസിക്ക് ഞാൻ നിന്നെ കെട്ടിച്ചു കൊടുക്കില്ല.”
“സ്നേഹിക്കുന്നത് മനസിനെ അല്ലെ പപ്പാ…. അല്ലാതെ സ്വത്തിനെയും പണത്തിന്റെയും അല്ലാലോ?”
“നീ വെറുതെ എന്നോട് തർക്കിക്കാൻ നിൽക്കണ്ട കുഞ്ഞോളെ…”
“തർക്കിക്കുവല്ല പപ്പാ… പണമില്ലെന്നൊരു കുറവുമാത്രല്ലേ അലെക്‌സിനുള്ളൂ… അതൊരു കുറവല്ലാലോ… നമുക്ക് ഒരുപാട് സ്വത്തുണ്ടല്ലോ പപ്പാ… സമ്മതിച്ചൂടെ പപ്പയ്ക്ക് ? എന്റെ സന്തോഷമാണ് പപ്പയ്ക്ക് വലുതെങ്കിൽ അവൻ കൂടെ ഇരുന്നാൽ മാത്രേ ഞാൻ സന്തോഷിക്കുകയുള്ളു….”
|”ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കീത് ഒക്കെ കണ്ട എമ്പോക്കികൾക്ക് ദാനം ചെയ്യാൻ എനിക്ക് മനസ്സില്ലെടി…”
“സ്വത്തും പണവുമില്ലെന്നു കരുതി അവരാരും അഭിമാനം ഇല്ലാത്തവരല്ല. അവനൊരിക്കലും പപ്പയുടെ മുന്നിൽ വന്നു കൈനീട്ടില്ല..”
“അല്ലേലും എന്തിനാ അവൻ കൈനീട്ടുന്നത് ? നിന്നെ കെട്ടിയാൽ ഈ വിൻസെന്റിന്റെ സ്വത്തു മുഴുവൻ കിട്ടുമെന്ന് അവൻ കണക്കുകൂട്ടുന്നുണ്ടാകും… നാണമില്ലാത്ത നായ…”
“അവനു പപ്പയുടെ സ്വത്തും പണവും വേണ്ട… ഞങ്ങളെ ജീവിക്കാൻ സമ്മതിച്ചാൽ മാത്രം മതി. പപ്പാ..ഇനിയും അങ്ങിനെ പറയരുത്..” അവൾ ദേഷ്യം കൊണ്ട് കിതച്ചു.
“എന്നാടി പറഞ്ഞാൽ… നിന്റെ തണ്ടും തടിയും വരെ ഈ വിൻസെന്റിന്റെ കാശാ… എന്റെ കാശിനു തിന്നു കൊഴുത്തിട്ട് എനിക്ക് നേരെ തിരിയുന്നോടി…” അയാൾ ദേഷ്യത്തോടെ അവളുടെ നേരെ ചീറിക്കൊണ്ട് ചെന്നു.
“സ്വന്തം മകളെ വളർത്തിയതിനും കണക്ക് സൂക്ഷിക്കൊന്നൊരു അപ്പൻ..” അവൾ പുച്ഛത്തോടെ പറഞ്ഞു.
“ഞാൻ സൂക്ഷിക്കുമെടി… ജനിച്ചത് പെണ്ണാണെന്ന് അറിഞ്ഞപ്പോൾ മുതൽ ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി തന്നെയാ നിന്നെ വളർത്തിയത്… അതിൽ നഷ്ട്ടം വരാൻ ഞാൻ സമ്മതിക്കില്ല. എനിക്ക് ലക്ഷ്യങ്ങളേയുള്ളു കുഞ്ഞോളെ.. മാർഗം എന്തായാലും അതെനിക്ക് പ്രശ്നമല്ല, അതുപോലെ മാർഗ്ഗതടസ്സങ്ങളും….”
“നന്നായി പപ്പാ … നിങ്ങളെ സ്നേഹത്തോടെ പപ്പയെന്നു വിളിച്ചതെൻ്റെ തെറ്റ്… നിങ്ങൾ കാണിച്ചത് പപ്പയ്ക്ക് മകളോടുള്ള സ്നേഹമെന്നു തെറ്റുദ്ധരിച്ചതും എഎൻ്റെ തെറ്റ്, മറിച്ചു കശാപ്പ്കാരന് അറവു മാടിനോടുള്ള ദയ മാത്രമാണെന്ന് മനസിലാക്കാൻ കഴിയാഞ്ഞതും എൻ്റെ മാത്രം തെറ്റ്…. ആ തെറ്റിനുള്ള പ്രായശ്ചിത്തം ഞാൻ ചെയ്യുന്നു… പോവുകയാണ് .. നന്ദിയുണ്ട് പെണ്ണാണെന്നറിഞ്ഞപ്പോൾ കൊല്ലാൻ തോന്നാതിരുന്നതിനു..” അവൾ കൈകൂപ്പിക്കൊണ്ട് അയാളോട് പറഞ്ഞു.
അവളുടെ കണ്ണുനീർ അയാളിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല.
“അങ്ങനങ്ങു പോയാലെങ്ങിനെയാ…. ഇനി നീ പുറം ലോകം കാണുന്നത് മിന്നുകെട്ടിനു പള്ളിയിൽ പോകാൻ ആയിരിക്കും….” അയാൾ ദേഷ്യത്തോടെ അവളെ പിടിച്ചു വലിച്ചു മുറിയിലേക്ക് കൊണ്ടുപോയി..
അവൾ കൈയ്യിലിരുന്ന ഫോണിൽ ആരെയോ വിളിക്കാനായി നമ്പർ പരതിയപ്പോൾ അയാളത് വാങ്ങി നിലത്തെറിഞ്ഞു.
“എന്നെ വിട് പപ്പാ.. പ്ലീസ്.. ഞാൻ പൊയ്ക്കൊള്ളാം ഈ വീട്ടിൽ നിന്ന്.. പപ്പയ്ക്ക് നാണക്കേടുണ്ടാക്കാതെ.. പ്ളീസ്….” അവൾ കെഞ്ചി.
“അവിടെ കിടക്ക്…ദാഹിച്ച വെള്ളം കൊടുക്കരുത് എന്റെ അനുവാദമില്ലാതെ..” .ഒച്ചകേട്ട് വന്ന വേലക്കാരിയോട് താക്കീത് പോലെ പറഞ്ഞുകൊണ്ടയാൾ മുറി പുറത്തു നിന്നും പൂട്ടി.
മുറിയിലെ ചുവരിലുള്ള മമ്മയുടെ വലിയ ചിത്രം നോക്കി കിടന്നവൾ കരഞ്ഞു.
“എന്തിനാ മമ്മേ എന്നെ ഒറ്റയ്ക്കാക്കി പോയത്.. എന്തിനാ??” എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നവൾ.
“കുഞ്ഞോളേ….” എന്നുള്ള നീട്ടിവിളികൾ കാതുകളിൽ പ്രകമ്പനം തീർത്തു. എന്ന് മുതൽ സുഹൃത്തുക്കളായി എന്നറിയില്ലെങ്കിലും മിണ്ടി തുടങ്ങിയ നാൾ ഓർമയുണ്ട്. ആദ്യം ശ്രദ്ധ കൊടുത്തില്ലെങ്കിലും അലക്സ് അവൻ്റെ എഴുത്തുകളിലൂടെ തൻ്റെ ശ്രദ്ധയെ കവർന്നെടുത്തു. ആദ്യമാദ്യം താനയക്കുന്ന മെസ്സേജുകൾക്കൊന്നും മറുപടിനൽകിയില്ലെങ്കിലും എപ്പോഴോ അവനും തൻ്റെ സാന്നിധ്യം ആഗ്രഹിച്ചുതുടങ്ങി.
ഇടയ്ക്കുള്ള സന്ദേശങ്ങൾക്കും അപ്പുറം അക്ഷരങ്ങൾക്കിടയിൽ ഞാൻ ഒളിപ്പിച്ച മൗനം അവൻ വായിച്ചെടുത്തു. പിന്നീടെഴുത്തുകൾ എല്ലാം എനിക്ക് വേണ്ടിയായിരുന്നു. അവൻ്റെ ഈ അക്ഷരങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി അവളുടെ പ്രതീക്ഷകളുടെ രാജകുമാരൻ എഴുതി. എന്നും ഒരു വരി അവൾക്കായി തന്റെ ഫേസ്ബുക്ക് വാളിൽ എഴുതിയിട്ടു.
ഒറ്റയ്ക്കാകുന്ന നിമിഷങ്ങളിൽ അവൾ അവന്റെ പോസ്റ്റുകൾക്കായി കാത്തിരുന്നു. തന്നിലേക്ക് അടുപ്പിക്കാൻ എന്തോ ഒന്ന് അവൻ വരികളിൽ ഒളിപ്പിക്കുന്നതുപോലെ അവൾക്ക് തോന്നി.
“നിന്റെ മൗനത്തിന്റെ ആഴം തീർത്ത ശൂന്യതയിൽ ഞാൻ എനിക്കായി ചിതയൊരുക്കട്ടെ…!!
“കെടാതെ കിടക്കുന്നൊരു തരി കനലിൽ നമ്മളെന്നെഴുതി വെയ്‌ക്കട്ടെ…!!
ഒന്നിനുമല്ല
മരണം അതൊന്നുകൊണ്ടെങ്കിലും നിന്റെ ഓർമകളിൽ എനിക്ക് പുനർജനിക്കാൻ !!”
ഒടുവിൽ അതെപ്പഴോ പ്രണയമായി മാറി. അടങ്ങാത്ത പ്രണയം…. ആരാധനയുടെ ഉത്തുംഗശൃംഗങ്ങളിൽ പ്രണയത്തിന്റെ വയലറ്റ് പൂക്കൾ പൂവിട്ടു നിന്നു.
സമ്പന്നതയുടെ നെറുകയിൽ നിന്നും ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് അവളെ കൂട്ടാൻ എന്തുകൊണ്ടോ അവനു മനസ്സില്ലായിരുന്നു. പക്ഷെ അവൻ്റെ എതിർപ്പുകൾ അവളുടെ വാശിക്ക് മുന്നിൽ കൈകാലിട്ടടിച്ചു.
ഇടയ്ക്കെപ്പോഴോ നിശബ്‌ദമായ ആ മെസഞ്ചറും , കെട്ടുപോയ പച്ച വെളിച്ചവും അവളിലെ കാമുകിയെ അസ്വസ്ഥയാക്കി. ഒടുവിലവളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അവൻ തലകുനിച്ചു .
“സ്റ്റെല്ല …..” ആൽബിയുടെ ഉച്ചത്തിലുള്ള വിളിയാണ് ചിന്തകളിൽ നിന്നവൾ ഉണർത്തിയത്.
“സ്റ്റെല്ല നീ എന്തിനാ ഇങ്ങിനെ ഓരോന്ന് പറഞ്ഞു പപ്പയോട് വഴക്കുണ്ടാക്കുന്നത്? മുറിയടച്ചിരിക്കാതെ പുറത്തിറങ്ങി നടക്ക്.” ആൽബി സ്നേഹത്തോടെ അവളുടെ അടുത്ത് വന്നു.
“ഒന്നൂല്ല… അടച്ചിരുന്നതല്ല. .അടച്ചിട്ടതല്ലേ.. ഇനി അതങ്ങിനെ ഇരിക്കട്ടെ.”
“നീ ഒന്ന് പുറത്തേക്ക് ഇറങ്ങി നടക്ക്. അപ്പോൾ തന്നെ മൈൻഡ് ഒക്കെ ഫ്രഷ് ആകും. ദേഷ്യം വരുമ്പോ വിൻസെന്റാച്ചായൻ ഓരോന്ന് പറയുന്നതല്ലേ. നീ അത് കാര്യാക്കണ്ട..”
“പപ്പേടെ സന്തോഷം മാത്രം മതിയല്ലോ ആൽബിച്ചന്, എനിക്കില്ലേ ആഗ്രഹം, എനിക്ക് വേണ്ടേ സന്തോഷം?ആൽബിച്ചനെ ഞാൻ സഹോദരനായിട്ടേ കണ്ടിട്ടുള്ളു. പപ്പാ ഇപ്പൊ വന്നു നമ്മൾ കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് അംഗീകരിക്കാൻ ഒക്കത്തില്ല ആൽബിച്ചാ. ആൽബിച്ചനു പറഞ്ഞൂടെ നമ്മൾ തമ്മിൽ അങ്ങിനെ ഒന്നുമില്ലെന്ന്…’
“നീ എനിക്ക് സമയം താ… അച്ചായനെ പറഞ്ഞു ഞാൻ മനസിലാക്കാം..”
“ഹാ… പറയുമ്പോൾ അലക്സിന്റെ കാര്യം കൂടി പറഞ്ഞു സമ്മതിപ്പിക്കണം.. പപ്പയ്ക്ക് സ്വത്തു മാത്രേ നോട്ടമുള്ളൂ. എന്റെ ഇഷ്ടത്തിന് ഒരു വിലയുമില്ല.”
“എല്ലാം ശെരിയാക്കാം..”
“ഹാ…. ആൽബിച്ചാ എനിക്ക് ഫോൺ ഒന്ന് തരുമോ ?’
“അപ്പോൾ നിന്റെ ഫോൺ എന്ത്യേ ?”
“അത് പപ്പ നിലത്തുടച്ചു കളഞ്ഞു. എന്നെ തോൽപ്പിക്കാം എന്ന് ഓർത്തു കാണും .”
“ഇപ്പോൾ എന്റെ എന്നാത്തിനാ നിനക്ക് ?” അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
“ഇച്ചായനെ വിളിക്കാനാണ്…. ഒത്തിരി ദിവസമായി മിണ്ടീട്ട്. ഞാൻ ഒന്ന് വിളിച്ചോട്ടേ ആൽബിച്ചാ ?”
അവൾ കെഞ്ചിക്കൊണ്ട് അവന്റെ നേരെ നോക്കി
“ആഹ്ഹ.. വേഗം വേണം… അച്ചായൻ അറിഞ്ഞാൽ …” അവൻ ഫോൺ അവളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
“താങ്ക്സ് ആൽബിച്ചാ.അറിയത്തില്ല. കർത്താവാണേ ഞാൻ ഒറ്റില്ല..”
ഫോണിൽ അലക്സിന്റെ നമ്പർ ഡയൽ ചെയ്തു സ്റ്റെല്ല ബാൽക്കണിയിലേക്ക് നടന്നു. അവളുടെ പോക്കും നോക്കി കണ്ണിലെരിയുന്ന ദേഷ്യവുമായി ആൽബി നിന്നു.
ആൽബിയുമായുള്ള മനസ്സമ്മതത്തിന്റെ തലേന്നു അവൾ വീട് വിട്ടിറങ്ങി. അവന്റെ സമ്മതത്തോടെ തന്നെ….
പിറ്റേന്ന് ,,പള്ളിയിൽ വെച്ച് അലക്സ് അവളുടെ കഴുത്തിൽ മിന്നുകെട്ടി..
“ഏയ് കൊച്ചേ , സ്ഥലമെത്തി…”
കണ്ടക്ടറുടെ നീട്ടിയുള്ള വിളിയാണ് അവളെ ഓർമ്മകളിൽ ഉണർത്തിയത്. അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം ജനാലയിലൂടെ പുറത്തേക്ക് നോക്കി.
“ഇറങ്ങുന്നുണ്ടേൽ ഇറങ്ങു എന്നിട്ടാസ്വദിക്കാം പ്രകൃതി സൗന്ദര്യം.. ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുണ്ട്.”
അവളുടെ പ്രവൃത്തി അയാൾക്കിഷ്ടപെട്ടില്ലെന്ന് ആ വാക്കുകൾ വ്യക്തമായിരുന്നു.
ഒരുപക്ഷേ അയാൾക്കും തന്നെ പോലൊരു മകൾ കാണുമായിരിക്കും ഉണ്ടാകുമായിരിക്കും. അയാളും പപ്പയെപ്പോലെ ആകുമായിരിക്കും. മകളെയും ഭാര്യയെയും അടിമകളായി കാണുന്നൊരാൾ ആയിരിക്കും. സ്വന്തം ഇഷ്ടം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നൊരാളായിരിക്കും. ഭാര്യയെ പരപുരുഷന്മാരുടെ പേരു പറഞ്ഞു തല്ലാറുണ്ടാകുമായിരിക്കും, അതുകൊണ്ടാകും, തന്നെ കണ്ടപ്പോൾ ദേഷ്യം തോന്നിയത്..
അവൾ സ്റ്റോപ്പിൽ ഇറങ്ങി, ഓല മേഞ്ഞ വെയ്റ്റിംഗ് ഷെഡ്‌ഡിൽ നിന്നു..
വീണ്ടും തണുത്ത കിഴക്കൻ കാറ്റവളെ മുടിയിലകളിളക്കി ഇക്കിളിയിട്ടു. സ്റ്റെല്ലയ്‍ക്ക് തന്നെ കുറിച്ചോർത്തു അഭിമാനം തോന്നി. എത്ര പെട്ടെന്നാണ് താൻ അയാളെപ്പറ്റിയൊരു ധാരണയിലെത്തിയത്.!
അവൾ അവിടെ നിന്നെഴുന്നേറ്റു നടന്നു. പണ്ടെപ്പോഴോ അവൻ പറഞ്ഞു കൊടുത്ത വഴികളിലൂടെ സുപരിചിതയെ പോലെ. തേയിലത്തോട്ടത്തിനിടയിലൂടെ നടക്കുമ്പോൾ കൊളുന്തുകിള്ളുന്ന സ്ത്രീകൾ അവളെപ്പറ്റി അടക്കം പറയുന്നുണ്ടാകുമായിരിക്കും.
ഈ പെണ്ണ് ഏതെങ്കിലും നഗരത്തിൽ നിന്നും വരുന്നതാകും മുതലാളിയെക്കാണാൻ. അല്ലെങ്കിൽ ഒരുപക്ഷെ തൻ്റെ സാരിയെപ്പറ്റിയാകും. അതോ വെള്ളയിൽ വയലറ്റ് പൂക്കളുള്ള തൻെറ ഓർഗൻസ സാരിയിൽ അനാവൃതമായ ഉടലളവുകളെപ്പറ്റിയോ ? അതുമല്ലെങ്കിൽ…
തൻ്റെ ചിന്തകളുടെ കാര്യം അവളിൽ ചിരിയുണർത്തി….
ഇടുങ്ങിയ വഴിയിൽ എതിരെ വന്ന സൈക്കിളുകാരന് വഴികൊടുക്കുമ്പോൾ ഒരു നിമിഷം അയാളെ നോക്കി പുഞ്ചിരിക്കാൻ അവൾ മറന്നില്ല.
“മോളെങ്ങോട്ടാ…?” സ്നേഹത്തോടെ അയാൾ ചോദിച്ചു.
“ദാ അത്രടം വരെ..” മുന്നിലേക്ക് നീണ്ട കിടക്കുന്ന മൺപാത ചൂണ്ടി അവൾ മറുപടി പറഞ്ഞു.
പുഞ്ചിരിച്ചുകൊണ്ടയാൾ സൈക്കിൾ ഉന്തിക്കൊണ്ട് മുന്നോട്ട് പോയി..
ബസ്സിറങ്ങി സ്റ്റോപ്പിന് പിന്നിലൂടെയുള്ള മൺപാതയിലൂടെ നടക്കുക. വയലറ്റ് അതിരാണി പൂക്കൾ അതിരിട്ട വഴിനീളെ കൊളുന്തു നുള്ളുന്ന സ്ത്രീകളെ കാണാം. അരമണിക്കൂർ നടത്തത്തിനു ശേഷം വലതു വശത്തൊരു പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ കാണാം. അതിനടുത്തു പുതിയ പള്ളി . അവിടെ നിന്ന് വലത്തു തിരിഞ്ഞു നടന്നാൽ മൂന്നാമത്തെ വീട്.
മുന്നിൽ കണ്ട പള്ളിയുടെ മുന്നിലൂടെ സ്റ്റെല്ല നടന്നു.
തേയില കൊളുന്തുകളെ തഴുകിയൊരു കിഴക്കൻ കാറ്റ് വീണ്ടും അവളെ കുളിർപ്പിച്ചു. വഴിയിൽ നിന്നും പറിച്ചു കൈയ്യിൽ കരുതിയ വയലറ്റ് അതിരാണി പൂക്കൾ മുന്നിലെ കുഴിമാടത്തിലേക്ക് വെച്ചു.
“ഇച്ചായാ , ഇച്ചായൻ വിളിച്ചിട്ടല്ലേ കുഞ്ഞോള് വന്നത്… ദേ നോക്കിക്കേ….. എന്നിട്ട് ഞാൻ വന്നപ്പോൾ ഇച്ചായൻ പോയില്ലേ?” അവൻ്റെ കുഴിമാടത്തിനരികിൽ നിന്നവൾ പിച്ചും പേയും പറഞ്ഞുകൊണ്ടേയിരുന്നു.
“ആൽബി നീ പോയി അവളെ കൂട്ടീട്ട് വാ.. ഇതിപ്പോ നേരം കുറെ ആയില്ലേ ?” വികാരിയച്ചൻ ആൽബിയെ നോക്കി പറഞ്ഞു..
“ഒന്നുറങ്ങിയാൽ അവൾ ഓക്കേ ആകും….”
“ഇതൊക്കെ ഇവിടത്തുകാർക്ക് ഇപ്പോൾ ശീലമാണ്… സ്റ്റെല്ല മലകയറുമ്പോൾ ആൽബിക്ക് വിളി വരും….പാവം. ഈ മാസം ഇതിപ്പോ മൂന്നാമത്തെ തവണയാണ്… ഈ കൊച്ചിന് നല്ല ബുദ്ധി കൊടുക്കണേ കർത്താവേ…”
അടുത്ത് നിന്ന കപ്പ്യാർ തോമാച്ചൻ ആരോടെന്നില്ലാതെ പറഞ്ഞു.
അച്ചൻ അവളെ സഹതാപത്തോടെ നോക്കി
ആൽബി അച്ചനെ നോക്കി കൊണ്ട് സ്റ്റെല്ലയുടെ അടുത്തേക്ക് നടന്നു….
“സ്റ്റെല്ല …'” ആൽബി സ്നേഹത്തോടെ അവളുടെ തോളത്തു കൈ വെച്ചു…
“ആൽബിച്ച….. പോയത് കണ്ടില്ലേ ?എന്നോടൊരു വാക്ക് പോലും പറയാതെ പോയത് കണ്ടില്ലേ ? ഞാൻ മിണ്ടത്തില്ലെന്നു പറഞ്ഞേക്ക് ആൽബിച്ചാ… കുഞ്ഞോള് കൂട്ട് വെട്ടീന്ന് പറഞ്ഞേക്ക്. ആൽബിച്ചൻ പറഞ്ഞതല്ലേ പാപ്പയോട് പറഞ്ഞു മിന്നുകെട്ട് നടത്തിത്തരാമെന്നു. എന്നിട്ടിപ്പോ ഇച്ചായൻ പോയത് കണ്ടില്ലേ ?കുഞ്ഞോളെ ഒറ്റയ്ക്കാക്കി…. ഞാൻ കൂട്ടില്ല ആൽബിച്ച.. ഇച്ചായനോട് ഞാൻ കൂടില്ല…. ” അവൾ അവൻ്റെ നെഞ്ചോട് ചേർന്ന് നിന്ന് പറഞ്ഞുകൊണ്ടിരുന്നു.
“ആഹ്….കൂടണ്ട….ഇപ്പോൾ നമുക്ക് പോകാം..വാ..”
“ആൽബിച്ചൻ പറയണം ഇച്ചായനോട് കുഞ്ഞോൾ കൂട്ടില്ലെന്ന്..”
“പറയാം….ഇപ്പോൾ നമുക്ക് പോകാം ..”
അവൻ അവളെ ബലമായി പിടിച്ചു തിരിഞ്ഞു നടന്നു…
“മൂന്നുമാസം മുൻപ് ഇതുപോലൊരു വൈകുന്നേരം, കറുത്ത കാർ ഇടിച്ചിട്ട് പോയതാണ് അലെക്സിനെ…… ഹോസ്പിറ്റലിൽ എത്തും മുന്നേ കഴിഞ്ഞു എല്ലാം. അതും സ്റ്റെല്ലകൊച്ചു വീടുവിട്ടു വന്നതിന്റെ മൂന്നാംപക്കം… ആ കൊച്ചിന്റെ വീട്ടുകാരാണ് ചെയ്യിച്ചതെന്നു കരക്കമ്പി. പക്ഷെ തെളിവില്ലത്രേ .. കണ്ടവരുമില്ല കേട്ടവരുമില്ല… അന്ന് തെറ്റിയതാ ഇതിന്റെ മനസ്സ്. അത്രമേൽ സ്നേഹിച്ചിരുന്നവരല്ലേ, അതാകും….” അവൾ പോയ വഴിയിലേക്ക് നോക്കി നിന്ന തോട്ടത്തിലെ പുതിയ പണിക്കാരിയോട് ആരോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.”
മലയിറക്കത്തിൽ പാർക്ക് ചെയ്ത കറുത്ത എന്ഡവരിലേക്ക് അവളെ കയറ്റി ഇരുത്തിയിട്ട് ആൽബി ഡോർ അടച്ചു.
“ഫാദർ , എനിക്കൊന്നു കുമ്പസാരിക്കണം…… ” ആൽബി ഫാദറിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു.
“ഈ നേരത്തോ ?”
“ഹാ , ഒരുപക്ഷെ ഇനി ഒരു വരത്തുപോക്ക് ഞങ്ങൾക്ക് ഉണ്ടാവില്ല.” അവൻ കാറിലേക്ക് ഒരു നോട്ടം എറിഞ്ഞുകൊണ്ട് പറഞ്ഞു.
“ആഹ് ….പള്ളിയിലേക്ക് ചെന്നോളു ഞാൻ വന്നേക്കാം.”
ആൽബി കാർ സ്റ്റാർട്ട് ചെയ്തിട്ട് സ്റ്റെല്ലയോടെന്തോ പറഞ്ഞു. അവൾക്കുറക്കം വരുന്നുണ്ടായിരുന്നു.. ശേഷം കാർ ലോക്ക് ചെയ്തു പള്ളിയിലേക്ക് നടന്നു. അവൻ നടന്നു പോകുന്നതും നോക്കി അവൾ പാതി അടഞ്ഞ മിഴിയോടെ കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു.
ഏകദേശം ഇരുപത് മിനിറ്റോളം സമയമെടുത്തു അവൻ. ശേഷം അച്ചന് സ്തുതി പറഞ്ഞു പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ കുമ്പസാരക്കൂട്ടിൽ നിന്നുമിറങ്ങി സ്റ്റോൾ മാറ്റി അച്ചൻ ആൽബിയുടെ പിന്നാലെ ചെന്നു.
“ആൽബി….”
അവൻ ആ വിളി പ്രതീക്ഷിച്ചിരുന്ന പോലെ ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.
അച്ചനാകെ വിയർത്തു കുളിച്ചിരുന്നു.
“എന്താ ഫാദർ ?”
ഒന്നുമില്ലെന്ന് അദ്ദേഹം തലയാട്ടി…
“എന്നാൽ ഞങ്ങൾ പോയ്‌ക്കോട്ടെ.. ഇരുട്ടും മുന്നേ മലയിറങ്ങണം കോട ഇറങ്ങിയാൽ രാത്രി യാത്ര ദുഷ്കരമാണ്.”
“ആഹ് ….അറിയാം”
രണ്ടടി മുന്നോട്ട് നടന്നിട്ട് ആൽബി തിരിഞ്ഞു നിന്നു.. അവനെ നോക്കി കുരിശു വരയ്ക്കുന്ന ഫാദറിനെയാണ് അവൻ കണ്ടത്.
“പേടിച്ചു പോയോ ഫാദർ ?”
“അവൾ പാവമാണ് ആൽബി. അവനെ അവൾക്കത്ര ഇഷ്ടമായിരുന്നു. അതൊരു തെറ്റല്ല… അതിനവൾ അനുഭവിച്ചു… അവളുടെ ഉള്ളിൽ അവൻ്റെ കുഞ്ഞുണ്ട്.. നീ അത് മറ…..”
അവൻ കൈ ഉയർത്തി കൊണ്ട് അച്ചനെ ബാക്കി പറയുന്നതിൽ നിന്നും വിലക്കി.
“ചെയ്തുപോയ തെറ്റുകളെ പറ്റി പശ്ചാത്തപിക്കാനാണ് ഫാദർ , കർത്താവ് പറഞ്ഞിരിക്കുന്നത് ചെയ്യാൻ പോകുന്നതിനെ പറ്റിയല്ല..”
അച്ചനെ നോക്കി വെളുക്കെ ചരിച്ചു കൊണ്ട് അവൻ കാർ ലക്ഷ്യമാക്കി നടന്നു…
ഇരുളിന്റെ മറവിൽ ഇരയ്ക്കു മേലെ ചാടി വീഴാൻ വെമ്പുന്ന വേട്ട മൃഗത്തിൻ്റെ മുഖമായിരുന്നു അവനു അപ്പോൾ…
അവൻ്റെ കുഴിമാടത്തിനരികിലെ നിന്നിരുന്ന ചെടിയിൽ നിന്നും വയലറ്റ് പൂക്കൾ പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. അവൾ ബാക്കിയാക്കി, തനിച്ചാക്കി പോകുന്ന അവളുടെ അലെക്സിന് കൂട്ടായി.., അവൻ്റെ ഓര്മകളുറങ്ങുന്ന മണ്ണിൽ ഒരിക്കലും കൊഴിയാത്ത അവരുടെ സ്നേഹത്തിന്റെ ഓർമകളുമായി.