പുലരിയിൽ

(1)
ഉമ്മറത്തു നിന്നുഞാൻ
കിഴക്കു നോക്കുമ്പം
ഉറക്കറവാതിൽ തുറന്നു
നോക്കുന്നു
പുലരിയാം പെണ്ണ്

ഉടുത്തമുണ്ടിൻ കോന്തലയവൾ
തെറുത്തു വെയ്ക്കുന്നു
അഴിഞ്ഞുലഞ്ഞകൂന്തൽവാരി
വലിച്ചുകെട്ടുന്നു
വിട്ടുപോയ റൗക്കകെട്ടി
കുണുങ്ങി നിൽക്കുന്നു

മുറിഞ്ഞനാണം മുഖമുയർത്തി
മൂരിനിവരുന്നു
മിഴിയിൽനിന്നും മഞ്ഞുതുള്ളിയെ
തൂത്തെറിയുന്നു
മഞ്ഞമാമ്പഴമധുരമായി
ത്രസിച്ചു നിൽക്കുന്നു

 (2)

കോലായമുറ്റം അടിച്ചവാറേ
കിഴക്കു നോക്കുമ്പം
ചാരുപടിയിൽ ചാരിനിൽപ്പൂ
പുലരിയാം പെണ്ണ്

ചരിഞ്ഞുനോക്കും കാക്കയെപ്പോൽ
ഉറ്റുനോക്കുന്നു
കുസൃതികാട്ടും കുറുമ്പിപ്പെണ്ണ്
എന്നതുപോലെ
കമ്പൊടിച്ച് പഞ്ഞിമഞ്ഞിനെ
നെറ്റിമേൽത്തൊടുന്നു

(3)

ചൂലുചാരിവെച്ചു ഞാൻ
കിഴക്കു നോക്കുമ്പം
ചാരെ നിൽപ്പൂ
ചേലെഴുന്നൊരു
പുലരിയാം പെണ്ണ്

മയങ്ങിനിന്ന കറുത്തകാട്
പച്ചയാകുന്നു
പിച്ചവെച്ച് പിച്ചവെച്ച്
വെളിച്ചമണയുന്നു

പടവുകളിൽ പാത്തിരുന്ന
ഇരുട്ടുകാട്ടത്തെ
തൂത്തുവാരിക്കളഞ്ഞപോലെ
പുലരിയാം പെണ്ണ്

(4)

കണവൻവന്നു കുസൃതിയാലെ
എന്നെ നോക്കുമ്പം
കള്ളനാണം കൊണ്ടുകവിള്
ചുവന്നു നിൽക്കുമ്പം
പുത്തനുടുപ്പിട്ടുവന്ന പുലരിയാം
പെണ്ണ്
പൂതിയോടെ കണ്ണെടുക്കാ നോക്കി –
നിൽക്കുമ്പം
കരളിനുള്ളിൽ കടുത്തകമ്പം
നാമ്പിടുമ്പോലെ
കൈപിണച്ചുമാറിൽ വെച്ച്
കുളിർന്നു നിൽപ്പൂ ഞാൻ

കണ്ണൂർ ജില്ലയിലെ കാഞ്ഞിരങ്ങാട് സ്വദേശി. തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജോലിചെയ്യുന്നു . നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു