മനസ്സിൻ മണിചെപ്പിലൊരു
മഞ്ചാടി മരവും
പഞ്ചാര മണൽത്തിട്ടയും
പൊഴിയും മണിയും
ഒരുക്കും മെത്തയും
പെറുക്കും ബാല്യവും
ഒരു മിഴിരൂപമായ്
പിന്നെ പൊൻപീലിയും
കുസൃതിയാം നോട്ടവും
തരളിത മേനിയും
മൃദു പുഞ്ചിരിയും
ഒളികണ്ണിൽ വിരിയും
ആദ്യാനുരാഗവും
ഒരു നനു സ്പർശവും
ഒരുക്കും മായയും
മായതൻ തേരേറും
മഴവില്ലും മേഘവും
ഏതേത് ഉലകങ്ങൾ
ഏതേതു ഗീതങ്ങൾ
പാഴ്മരുഭൂവിലും
പൊഴിയും മഴയായും
നനവോലുമോർമ്മയിൽ
മുങ്ങും നിഴലായും
നിനവായി കനവായി
ചൂടേറും നിശ്വാസവും
കാറ്റായി പുല്കാനൊരാ-
വേശമൊതുക്കും ക്ഷോഭവും
വ്യംഗ്യവും, മൃതവും,
മോഹവും, വ്യർത്ഥവും,
മായാമരീചിക മേവും
മോഹവും, ജലരേഖ
പോലൊരു സ്വപ്നവും
ഉടഞ്ഞുപോം ചില്ലിൻ
മൂർച്ചയിൽ; മൂർച്ഛയിൽ
പിടയും, വരളും,
നെഞ്ചകം വാർക്കും
ചുവപ്പും, അറിയാതെ-
കാണാതെ, ഒളിപ്പിക്കും;
ഒളിക്കാനും വാർമുടി-
ക്കുള്ളിലൊരിടമുണ്ടോ?
എന്നോർത്ത് കോതും
വിരലുകളിടറും ജടയും;
ഒരു രുദ്രാക്ഷവും
ഏകമോ? ദ്വയമോ?
പിന്നെയോ ത്രയമോ?
പഞ്ചമോ? എന്നോർത്ത്
വേവലാതിയോ മനവും