ജീവിതക്കണക്ക്

ജീവിതം
കണക്കിലെ
ചില ജ്യാമിതീയ രൂപങ്ങൾ
പോലെയാണ്

പെണ്ണിൻ്റെ ജീവിതമെങ്ങനെയെന്ന്
ആരൊക്കെയോ ചേർന്നു
നിശ്ചയിക്കുന്നു

ഇവിടേയും
അവിടേയും
എവിടേയും
ജനിച്ചോരിടത്തും
ചെന്നു ചേർന്നോരിടത്തും
പെണ്ണിൻ്റെ ജീവിതത്തെ
ഒരു സ്ക്കെയിൽ വച്ച് വരയ്ക്കുന്നു
കോമ്പസുകൊണ്ട് വൃത്തം വരച്ച്
ചുറ്റും കമ്പിവേലികെട്ടി
അതിർത്തിരേഖകൾ നിശ്ചയിക്കുന്നു

ലംബമായും ത്രികോണമായും
നിൽക്കേണ്ടിവരുന്നു
കോണിലേയ്ക്ക്  ചുരുണ്ടുകൂടുന്നു
ചതുരങ്ങളിൽ കിടന്ന് വീർപ്പുമുട്ടുന്നു
കൂട്ടിമുട്ടാത്ത  സമാന്തരരേഖയിലെ
ഓരോ ബിന്ദുക്കളിലും
പ്രതീക്ഷയറ്റ് നിൽക്കുന്നു.

ഒടുക്കം
വൃത്തം ഒടിച്ചു മടങ്ങി
ഇഴഞ്ഞുവന്ന്
കയറുപിരിഞ്ഞ്
കഴുത്തിലിറുകുന്നു
സിദ്ധാന്തങ്ങൾ?
തെളിവുകൾ?

രേഖകളോ….
രേഖകളില്ല
എല്ലാം മാഞ്ഞു ,
അല്ല മായ്ക്കുന്നു.

തൃശൂർ മാടായിക്കോണം സ്വദേശിനി. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്