ജെസീക്ക

ചോളം വിതച്ചു തുടങ്ങിയ പാടങ്ങളുടെ അതിരുകൾക്കടുത്തുള്ള കരിങ്കൽക്കെട്ടിടത്തിന്റെ പരുക്കൻ നിലത്തിരുന്ന് കുഞ്ഞു ജെസീക്ക അമ്മയുടെ പുറത്തെ മുറിവുകളിലേക്ക് മെല്ലെ ഊതി.
അടിമകളെ പാർപ്പിച്ചിരുന്ന ഒരു തടവറയായിരുന്നു അത്.
“ഇപ്പോ കുറവുണ്ടോ, അമ്മാ?”
പഴുപ്പു കുത്തുന്ന വേദനയ്ക്കിടയിലൂടെ അമ്മ ചിരിച്ചു. അവരുടെ കൃഷ്ണ മണികളിൽ ചാട്ടവാറിന്റെ പുളച്ചിലിട്ടുകൊണ്ട് കൽവിടവുകളിലൂടെ മിന്നിക്കടന്നുപോയ വെളിച്ചത്തെ കാവൽക്കാരന്റെ കാലടിയൊച്ച അനുഗമിച്ചു. കിടന്നുമിരുന്നും സമയം തള്ളിനീക്കിക്കൊണ്ടിരുന്ന മുപ്പത്തിരണ്ട് കറുത്ത ശരീരങ്ങളെ തൊടാതെ മാറിനിന്ന ഉറക്കം, ഇരുമ്പഴികളിലൂടെ അപ്പോൾ പുറത്തേക്ക് ഞരങ്ങി. നേരം പുലർന്നു വരികയായിരുന്നു.
  രാത്രി മുഴുവൻ അമ്മയുടെ മുറിവുകളിൽ വേദനയാറ്റിക്കൊണ്ടിരുന്ന ജെസീക്ക, ഇന്നെങ്ങനെ പണിക്കിറങ്ങുമെന്നോർത്ത് വല്ലാതെ വേവലാതിപ്പെട്ടു.
ഡ്രം മുഴങ്ങാൻ സമയമായി. ജോലി തുടങ്ങാനുള്ള അടയാളം.
ഇരുട്ടിലേക്ക് മെല്ലെ വെളിച്ചമരിച്ചെത്തുന്നത് നോക്കിയിരിക്കെ, പതിഞ്ഞ വിലാപങ്ങൾക്കിടയിൽ നേർത്ത ഒരു പുകപടലം കനംവെച്ചുവരുന്നത് ജെസീക്ക കണ്ടു. വളരെപ്പതുക്കെ അത് മനുഷ്യസമാനമായ ഒരു രൂപം കൈവരിച്ചു. വെള്ളിച്ചിറകുള്ള ഒരു മാലാഖ. ഒരേയൊരു സ്പർശം കൊണ്ട് അമ്മയുടെ പുറത്തെയും നെഞ്ചിലെയും മുറിവുകളെല്ലാം ഭേദപ്പെടുന്നതായി ജെസീക്ക കണ്ടു. മാലാഖ അമ്മയെ ചേർത്തുപിടിച്ചപ്പോൾ തടവറയാകെ പുക കൊണ്ടു നിറഞ്ഞു. പതിയെപ്പതിയെ അവൾക്ക് രണ്ടുപേരെയും കാണാൻ പറ്റാതായി.
ഉച്ചത്തിൽ ഡ്രം മുഴങ്ങി.
തടിവീപ്പയിൽ നിന്നും കുഞ്ഞുജെസീക്ക വയറുനിറയുവോളം വെള്ളം കോരിക്കുടിച്ചുകൊണ്ട്, മുപ്പതുപേർക്ക് പിന്നിൽ പണിയായുധവുമായി പാടത്തിന്റെ ഹൃദയത്തിലേക്ക് പാദങ്ങൾ നീട്ടിവെച്ചു നടന്നു. വേദനയെ വെല്ലുന്ന ശൈത്യത്താൽ അവളുടെ ചുണ്ടുകൾ തുടരെ വിറകൊണ്ടു.
വെള്ളില, ഹിപ്പൊപ്പൊട്ടാമസ് എന്നീ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമകാലിക മലയാളം വാരിക നടത്തിയ എം.പി.നാരായണപിള്ള കഥാമത്സരത്തിൽ മികച്ച 12 കഥകളിലൊന്നായി ഹിപ്പൊപ്പൊട്ടാമസ് തിരഞ്ഞെടുക്കപ്പെട്ടു. തലമാറാട്ടം എന്ന കഥയ്ക്ക് 2013 ലെ കൃതി-കഥ അവാർഡ്, 2014 ലെ കാവൽ കഥാപുരസ്കാരം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ആദിനാട് സ്വദേശി. കോട്ടയം സായുധ റിസർവ്വ് ക്യാമ്പിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നു.