ജനറൽ കമ്പാർട്ട് മെൻ്റ്

കാറ്റുചുരത്തിയ മൂത്രഗന്ധത്തിൽ,
വാതിൽ മറപിടിക്കുന്നു.
കാലുകുത്താനിടമില്ലാത്ത ജീവിതം,
കാറ്റിനൊപ്പം ട്രെയിൻ യാത്ര പോകുന്നു.
ആരോ ജനാലയിലൂടെ തുപ്പുമ്പോൾ,
പുറത്തേക്കു പോയില്ല തുപ്പൽ.
ഇടുങ്ങി ഞെരുങ്ങി നിൽക്കുമ്പോൾ,
ഇരു വശത്തേക്കും ഉലഞ്ഞു തുള്ളുന്നു ട്രെയിൻ.
ഇരുപ്പിടം തേടിക്കഴച്ച നോട്ടങ്ങളിൽ,
ദൈന്യത വന്നു നിറഞ്ഞു.
ആരുമില്ലെഴുന്നേറ്റിറങ്ങുവാൻ,
ആഞ്ഞു തള്ളുന്നു മനുഷ്യർ.
ഏതോ ചുരം കേറിയൽപ്പം കിതയ്ക്കുന്നു,
ഓരോ വളവും കടക്കാൻ.
ആരോ തെറി വിളിക്കുന്നു കൂട്ടത്തിൽ,
കാലിൽ ചെരുപ്പിട്ടു തേയ്ക്കേ.
വാതിൽ മലർത്തിപ്പിടിച്ചവൻ കാഴ്ചയിൽ,
സർക്കസ്സുകാരനെപ്പോലെ.
കാറ്റിലവൻ്റെ മുടിച്ചുരുൾ പാറുന്നു,
കാഴ്ചപ്പുറങ്ങൾക്കെതിരെ.
മൂലയ്ക്കിരുന്നൊരുവളവളുടെ
കുഞ്ഞിനെ ലാളിച്ചിടുന്നു.
കുഞ്ഞിളം ചുണ്ടുകളിപ്പോൾ മുലഞെട്ടു
വിട്ടു ചിരിച്ചതു പോലെ.
തോളിലെ ബാഗിൻ്റെ സിപ്പുതുറന്നതു
കാണാതെ നിൽക്കുന്നൊരുത്തൻ.
ഏതോ കിഴവൻ്റെ നാണയത്തുട്ടിൻ്റെയീണം മുഴങ്ങുന്നു താഴെ.
കാലുകൾ വെയ്ക്കാനിടം തേടി കാലുകൾ;
രൂപങ്ങളിടയിൽ പണിഞ്ഞു.
സ്റ്റോപ്പുകൾ തേടുന്ന സ്റ്റേഷൻ പരിധിയിൽ,
തീവണ്ടി കൂകിപ്പതുങ്ങി.
ആളിറങ്ങുന്നു, കയറുന്നു യാത്രികർ,
ആകെത്തിക്കും തിരക്കും.
ആളിപ്പടരുന്നു ആൾക്കൂട്ടമെപ്പൊഴും,
ഓരോരോ സ്റ്റോപ്പും കടക്കെ.
കൂട്ടം പെരുകി ട്രെയിനിലെ ജീവിതം,
യാത്രയിൽ വെച്ചു പകുത്തു.
ഏതു മുഖത്തും പെരുകിക്കയറിയ,
ആകാംക്ഷ മാത്രം തെളിഞ്ഞു.
ഓഫീസിലെത്താനനേകർ, തിടുക്കത്തിൽ,
വാതിലിൽ തിക്കിത്തിരക്കിൽ.
ക്ഷേത്രത്തിൽ, വാണിജ്യമേളയിൽ,
സ്ക്കൂളിൽ, കലാശാലയിൽ,
പോകാനിറങ്ങിത്തിരിച്ചവർ, യാത്രികർ,
കണ്ണുകൾ കൂർപ്പിച്ചു നിൽക്കയാണെപ്പൊഴും,
നിർത്തി, നിരങ്ങുന്നു വണ്ടി.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.