കണ്ണട

“ഇന്നും റെഡിയായില്ലെങ്കിൽ  ഇനി ഞാൻ പോകൂല്ല ഉമ്മാ. എത്ര ദിവസായി ഇത്‌.”

“സാരല്ല്യടാ. ഇന്ന് കൂടെ പോയി നോക്ക്‌”

അല്ലേലും മനുഷ്യന്റെ കഷ്‌ടപ്പാടിനൊക്കെ ഒരു പരിതിയില്ലേ. ‘പോക്ക്‌ വരവ്‌  നടത്താനെന്നും പറഞ്ഞ്‌ വില്ലേജ്‌ഓഫീസിലേക്ക്‌ പോക്ക്‌ വരവ്‌ തുടങ്ങിയിട്ട്‌ ആഴ്‌ച മൂന്നായി.ഇത്‌ വരെ സംഗതി റെഡിയായിട്ടില്ല!

കഴിഞ്ഞ പ്രാവിശ്യത്തെപ്പോലെ നേരം വൈകരുത്‌. ആദ്യമെത്തുന്നത്‌ ഞാനായിരിക്കണം. എന്നിട്ട്‌ പത്ത്‌ മിനുട്ട്‌ കൊണ്ട്‌പോക്ക്‌ വരവ്‌ നടത്തി വേഗം തിരിച്ചെത്തണം…

ഒൻപതരയേ ആയിട്ടുള്ളൂ. പത്ത്‌ മിനിട്ട്‌ കൊണ്ട്‌ വില്ലേജ്‌ ഓഫീസിലെത്താം. എന്നാലും അവർതുറന്നിട്ടുണ്ടാവുകയില്ലായിരിക്കും. ഞാൻ ബൈക്കിൽ ചാടിക്കയറി.

“ടാ പതുക്കെ പോയാ മതി.” മുറ്റത്ത്‌ കൃഷി ചെയ്‌ത ചീരച്ചെടികളെ താലോലിച്ച്‌ കൊണ്ട്‌ ഉമ്മ പറഞ്ഞു.

വില്ലേജ്‌ ഓഫീസിനു മുന്നിലെ ക്യൂ. ഓർക്കാൻ തന്നെ വയ്യ. അല്ലേലും ഞങ്ങൾ ന്യൂജൻ പിള്ളേർക്ക്‌ ഇങ്ങനെ കാത്തുനിൽക്കാനുള്ള ക്ഷമ ഇല്ല. അത്‌ പരീക്ഷിക്കാനാണെന്ന് തോന്നുന്നു കഴിഞ്ഞ തവണ പോയപ്പോ ആ ഓഫീസർ എന്നെ കുറേസമയം കാത്ത്‌ നിപ്പിച്ചത്‌. പക്ഷേ പഴയ തലമുറക്കില്ലാത്ത പലഗുണങ്ങളും ഞങ്ങൾക്കുണ്ട്‌. അതോണ്ടാണല്ലോ കാത്ത്‌നിൽക്കുന്ന സമയത്തെ ഉപയോഗപ്പെടുത്തി സോഷ്യൽ മീഡിയകളിലൂടെ സാമൂഹ്യ പ്രശ്‌നങ്ങൾക്കെതിരെ പ്രതികരിക്കുന്നത്‌. ഞാൻ കാത്ത്‌ നിന്നുഎന്നത്‌ പോലും പരിഗണിക്കാതെ ‘ഇന്ന് ഇനി നടക്കില്ല. നാളെ വരൂ’ എന്ന്‌ അയാൾ പറഞ്ഞപ്പോ അയാൾക്കെതിരിൽ ഒരു ട്രോൾ ഉണ്ടാക്കാനാണ് എനിക്ക്‌ തോന്നിയത്‌. പാവമല്ലേ എന്ന്‌ കരുതി അന്ന് ഒഴിവാക്കിയതാണ്‌.

ഹാവൂ. വാഹനങ്ങളൊന്നും കാണുന്നില്ല…ഞാൻ തന്നെയാണ്‌ ആദ്യം എന്ന്‌ തോന്നുന്നു. വില്ലേജ്‌ ഓഫീസിലേക്കുള്ള കോണിപ്പടി സിഗരറ്റ്‌ കുറ്റികൾ കൊണ്ടും കാർക്കിച്ച്‌ തുപ്പിയതിനാലും വൃത്തികേടായി കിടക്കുകയാണ്‌. ചുമരുകൾ മുഴുവൻ വിവിധ സംഘടനകളുടെ പോസ്‌റ്ററുകൾ കൊണ്ട്‌ നിറഞ്ഞിട്ടുണ്ട്‌. ഇവർക്ക്‌ ഈ സമരം ചെയ്യണ സമയം കൊണ്ട്‌ എന്റെപോക്ക്‌ വരവ്‌ ഒന്ന്‌ തീർത്ത് തന്നു കൂടെ.

വില്ലേജ്‌ ഓഫ്ഫീസിന്റെ ഷട്ടറുകൾ പൂട്ടി കിടക്കുകയാണ്‌. റബ്ബേ. എന്നേക്കാൾ മുന്നേ ആരോ അവിടെ കാത്ത്‌നിൽക്കുന്നുണ്ട്‌. ആരാണാവോ ആ‌ ഹതഭാഗ്യൻ. ഏതായാലും ഇത്ര നേരത്തെ വരണമെങ്കിൽ എന്നേക്കാൾ കൂടുതൽ കഷ്‌ടപ്പാട്‌ സഹിച്ചിട്ടുണ്ടാകും.

അഫ്‌സലാണല്ലോ. അത്‌ നമ്മടെ പഠിപ്പിസ്‌റ്റ്‌ അഫ്‌സൽ. ഞാൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോ അവൻ എന്റെ സീനിയറായിരുന്നു. ധാരാളം ക്വിസ്‌ മൽസരങ്ങൾക്ക്‌ ഞങ്ങൾ ഗ്രൂപ്പായി മൽസരിക്കുകയും സമ്മാനം വാങ്ങുകയും ചെയ്‌തിട്ടുണ്ട്‌. എസ്‌ എസ്‌ എൽ സി പരീക്ഷക്ക്‌ അവന്‌ ഫുൾ എ പ്ലസ്‌ആയിരുന്നു. അവൻ സ്‌കൂളിൽ നിന്ന്‌ പോയതിന്‌ ശേഷം ഇപ്പോഴാണ്‌ കാണുന്നത്‌.

“ടാ അഫ്‌സലേ.” സർപ്രൈസ്‌ നൽകാനായി ചുമരിലെ പോസ്‌റ്റർ വായിക്കുന്ന അവന്റെ പിന്നിൽ ചെന്ന് ഞാൻ കൂവിവിളിച്ചു.

അവൻ എന്റെ മുഖത്തേക്ക്‌ തന്നെ കുറേ നോക്കി നിന്നു.

“ആ നീയോ.പേടിപ്പിച്ച്‌ കളഞ്ഞു.”

“സുഖാണോ.” അവനെ ആലിംഗനം ചെയ്യുന്നതിനിടയിൽ ഞാൻ ചോദിച്ചു.

“ഓ.. സുഖം. ഉഷാറായി പോകുന്നു.”

” നീ എന്താ ഇവിടെ.?”

“ഒരു സർട്ടിഫിക്കറ്റ്‌ റെഡിയാക്കാൻ വന്നതാടാ.”അവൻ പറഞ്ഞു.

“ഇപ്പോ എവിടെയാ പഠിക്കുന്നേ.?” പഠിപ്പിസ്‌റ്റായ അവനോട്‌ ആദ്യം ചോദിക്കേണ്ട എന്റെ ചോദ്യം പുറത്ത്‌ വന്നു.

“എവിടേം ഇല്ല” മറുപടിക്കിടെ അവന്റെ മുഖം പെട്ടെന്ന് കരുവാളിച്ചു.

“അതെന്താ പഠിപ്പ്‌ നിർത്തി നീയും ഉപ്പാന്റെ ബിസിനസിൽ കൂടിയോ.”

” ഇല്ല. പ്ലസ്‌ടു കഴിഞ്ഞ്‌ എൻട്രൻസ് കോച്ചിങ്ങിനു ചേരാൻപോയി. പക്ഷേ കാഴ്‌ച കുറവായതിനാൽ അവർ തിരിച്ചയച്ചു. “അപ്പോഴാണ്‌ ഞാൻ അവന്റെ വട്ടക്കണ്ണട ശ്രദ്ധിക്കുന്നത്‌. പണ്ട്‌ മദ്രസിൽ പഠിപ്പിച്ചിരുന്ന അക്ബർഉസ്താദിനുമുണ്ടായിരുന്നു ഇത്‌ പോലഒരു കണ്ണട.അത്‌ വെച്ചാൽ ഉസ്‌താദിന്റെ കണ്ണുകൾ ഉണ്ടക്കണ്ണുപോലെയുണ്ടാകും. കണ്ണട വെച്ചിട്ടും ഉസ്‌താദ്‌‌ മൂക്കിനടുത്ത്‌ പുസ്‌തകം പിടിച്ചായിരുന്നു വായിക്കൽ.

“അതെന്താ അത്രക്കും കുറവുണ്ടോ.” ഞാൻ അറിയാതെ ചോദിച്ച്‌ പോയി

“പുസ്‌തകം വായിക്കാൻ പറ്റില്ല. ആളെക്കാണണമെങ്കിൽ തന്നെ വളരെ അടുത്ത്‌ നിൽക്കണം.” നിർവികാരനായി അവനത്‌പരയുമ്പോഴും മനസ്സിന്റെ വിങ്ങിപ്പൊട്ടലുകൾ അവന്റെ കണ്ണുകളിലൂടെ എനിക്ക്‌ വായിക്കാമായിരുന്നു. എന്നെ കണ്ട ഉടനെ അവൻ തുറിച്ച്‌ നോക്കിയത്‌ അത്ഭുതം കൊണ്ടല്ല. അവന്റെ നിസ്സംഗാവസ്ഥ കൊണ്ടായിരുന്നു.

“പ്ലസ്‌ വണ്ണിൽ തൊണ്ണൂറ് ശതമാനം മാർക്കുണ്ടായിരുന്നു. അതിന്‌ ശേഷമാണ്‌ ഏതോ പേശി തകരാറ്‌ കൊണ്ട്‌ കാഴ്ച പോയത്‌. അതോടെ പ്ലസ്‌ടുവിൽ മാർക്കും കുറഞ്ഞു. കണ്ണട വെച്ച്‌ നോക്കിയിട്ടും വലിയ കാര്യമൊന്നുമുണ്ടായില്ല. ”

ആശ്വസപ്പിക്കാനായി ഞാൻ പറഞ്ഞ വാക്കുകൾക്ക്‌ മുന്നിൽ അവൻ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോഴാണ്‌ എന്റെ കുപ്പായക്കീശയിൽ കിടക്കുന്നഞാൻ മൊഞ്ചിന്‌ വേണ്ടി വെക്കുന്ന കണ്ണടയെക്കുറിച്ചെനിക്ക്‌ ഓർമ്മ വന്നത്‌. ബൈക്കിൽ പോകുമ്പോൾ കണ്ണിലേക്ക്‌ പൊടിപാറുന്നുണ്ടെന്ന് പറഞ്ഞ്‌ ഉപ്പാനെക്കൊണ്ട്‌ വാങ്ങിപ്പിച്ചതാണത്‌. അവനിൽ നിന്ന്‌ അത്‌ മറക്കുന്നതിന്‌ മുമ്പേ അവനത്‌ശ്രദ്ധിച്ചു.

‘തലവേദനക്ക്‌ വെക്കുന്നതാണോ?’.അവൻ ചോദിച്ചു.

“അതെ” എന്ന് കളവ്‌ പറയുവാനേ എനിക്ക്‌ സാധിക്കുമായിരുന്നുള്ളൂ. അവന്റെ ജീവിതാനുഭവങ്ങൾക്ക്‌ മുന്നിൽ ഞാൻ ഉരുകി ഒലിച്ച്‌ പോകുന്നത്‌ പോലെ എനിക്ക്‌ തോന്നി.

ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായി. അവൻ പിന്നീട്‌ ചോദിച്ച പല കാര്യങ്ങൾക്കും മറുപടി പറയുമ്പോൾ എന്റെ കണ്‌ഠമിടറി. കാണാതെ പോയ പല ജീവിത സൗഭാഗ്യങ്ങളും എന്റെ മനസ്സിലേക്ക്‌ കടന്നുവന്നു. കണ്ണുകൾ നിറഞ്ഞ്‌ തുളുമ്പും എന്നായപ്പോൾ ഞാൻ ഫോണുമെടുത്ത്‌ സംസാരിക്കുന്ന പോലെയാക്കി അവന്റെയടുത്ത്‌ നിന്ന് മാറി നിന്നു.

തിരിച്ച്‌ വില്ലേജ്‌ ഓഫീസിന്റെ പടികളിറങ്ങുമ്പോൾ മനസ്സിൽ ഒരേയൊരു പ്രാർത്ഥന മാത്രമായിരുന്നു.” അവന്റെ എല്ലാ ആഗ്രഹങ്ങളും തകർത്ത ആ കണ്ണുകൾക്ക്‌ കാഴ്‌ച ശക്തി തിരിച്ച്‌ കൊടുക്കണേ റബ്ബേ.”

കീശയിൽ കിടന്നെന്റെ കണ്ണടയും ആമീൻ പറഞ്ഞു.

കോഴിക്കോട്‌ രാമനാട്ടുകര ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹയർ എജ്യൂ ക്കേഷൻ ഇൻ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ആൻഡ്‌ റിസേർച്ചി ൽ ഒന്നാം വർഷ എം എ വിദ്യാർത്ഥി. ആനുകാലികങ്ങളിൽ കഥ എഴുതുന്നു. തലശ്ശേരി സ്വദേശി.