ബലിക്കാക്ക

നാളെ ബലിദിനം
ആണ്ടാന്നു പിന്നിട്ട-
നാളിൽ നടത്തുമെ-
ന്നാണ്ടു ബലിദിനം.
ചാത്തമൂട്ടാനായിട്ടെ-
ത്തുമെൻ മക്കൾ തൻ
ചാർത്തു തെറ്റാതു-
ള്ളനുഷ്ടാന കർമ്മവും
തൂശനിലയിൽ പക-
ർന്നു നൽകീടുന്ന
വിശ്വാസ മേടകൾ
തീർത്ത ബലിച്ചോറും
സ്വീകരിച്ചീടുവാനെ-
ത്തണം ഞാൻ ബലി-
ക്കാക്കയായ് നാളെ
കനൽകെട്ട ഭൂമിയിൽ.

രാവിന്റെയാലസ്യം
വിട്ടുമാറും മുമ്പെ
രാവിലെതന്നെഞാ-
നെത്തി തറവാട്ടിൽ
തറവാടുവീടിന്റെ
തെക്കെ പറമ്പിൽ
ചെറുതായനാളിൽ
നട്ട തേൻമാവിന്റെ
കൊമ്പത്തു കാതോർ
ത്തിരുന്നു കൈകൊട്ട്
കേൾക്കുവാൻ, പിണ്ഡ-
മശിച്ചു മടങ്ങുവാൻ.
നേരം പുലർന്നേറെ
നേരം കഴിഞ്ഞിട്ടും
ആരെയും കണ്ടില്ല,
മക്കൾ മറന്നുവൊ?.

പിന്നിൽ ചിറകടിയൊ-
ച്ചയോടൊപ്പമെൻ
കാതിൽ പതിഞ്ഞൊരു
മുഗ്ദ്ധ ഗാനാമൃതം
മെല്ലെത്തിരിഞ്ഞു ഞാ-
ൻ നോക്കിയെന്നുള്ളിലായ്
ഉല്ലാസമേകിയണ-
ഞ്ഞൊരു പൂങ്കുയിൽ.

ഉള്ളിലെ ദുഖം തിരി –
താഴ്ത്തിവച്ചു ഞാൻ
പുള്ളിക്കുയിലിനെ
നോക്കിച്ചിരിക്കവെ
എന്നടുത്തെത്തിയനു
താപമോടെയാ
മന്നിലെയോടക്കുഴൽ
പറഞ്ഞു ” നിന്റെ
മക്കളെല്ലാവരും
രാമേശ്വരത്തു പോയ്,
രാമേശ്വരത്താണ്
നിൻബലിതർപ്പണം “
കൂടുതലൊന്നും
പറയാതെ പൂങ്കുയിൽ
പാട്ടിൻ തുടർപ്പാട്ട്
പാടിപ്പറന്നുപോയ്.

വേദനവിങ്ങുമെ-
ന്നുളളം മറയ്ക്കുവാൻ
വേദാന്തഭാവമണി –
ഞ്ഞു ചിരിച്ചുഞാൻ.
ഉമ്മഭിത്തിയിൽ
ചില്ലിട്ടു തൂക്കിയെ-
ന്നോർമ്മക്ക് സൂക്ഷിച്ച
ചിത്രത്തിലെ ചിരി.

തൊടുപുഴ സ്വദേശി. കേരളാ പോലീസിൽ സബ്ബ് ഇൻസ്‌പെക്ടർ ആയി റിട്ടയർ ചെയ്തു. തെണ്ടുന്ന ദൈവങ്ങൾ , കളയില്ലാപ്പാടം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.