മാലാഖമാരുടെ വിലാപങ്ങൾ

തുരുതുരാ വന്നുകൊണ്ടിരിക്കുന്ന വാട്ട്സാപ്പ് മെസേജുകളുടെ റിങ്ടോൺ കേട്ടുകൊണ്ട് അർജ്ജുൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റു. ഫോണിൽ നഴ്സസ് ദിനാശംസകളുടെ ഒരു സാഗരം. ഓ ഇന്നാണല്ലോ മെയ് പന്ത്രണ്ട്. ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ജന്മദിനം. നഴ്സസ് ഡേ…. ഒരു നിമിഷം ആ വിളക്കേന്തിയ വനിതയുടെ മുഖം അവന്റെ മനസ്സിലൂടെ കടന്ന് പോയി.

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 6.30. ആശംസകൾക്കൊന്നും മറുപടികൊടുക്കാതെ അവൻ തിരക്കിട്ടെഴുന്നേറ്റ് ഫ്രഷ് ആയി തന്റെ ബൈക്കിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഇന്നും പതിവുപോലെ ഡ്യൂട്ടിക്ക് കേറാൻ വൈകുന്നതും നഴ്സിങ് സൂപ്രണ്ട് എലിസബത്ത് മാഡത്തിന്റെ ചീത്തവിളി കേൾക്കുന്നതും അവൻ മനസ്സിലാലോചിച്ചു.

നഴ്സസ് ഡേ ആയത് കൊണ്ടായിരിക്കണം, അവർ ഒന്ന് രൂക്ഷമായി അർജ്ജുനെ നോക്കിയതല്ലാതെ വേറൊന്നും പറയാൻ നിന്നില്ല. അവൻ തിടുക്കപ്പെട്ട് നഴ്സസ് സ്റ്റേഷനിലെത്തി. ഓവറെടുക്കുവാൻ വൈകിയെത്തിയതിന്റെ ഈർഷ്യ ഭാവത്തോട് കൂടിത്തന്നെ സീനിയറായ മിനി സിസ്റ്റർ ഐ.സി.യു വിലെ എല്ലാ രോഗികളുടെയും വിവരങ്ങൾ പറഞ്ഞു തന്നു. പേഷ്യൻറ് ഹാൻഡ് ഓവർ കഴിഞ്ഞപ്പോൾ അർജ്ജുൻ ആശ്വാസത്തോടെ ഒരു ദീർഘനിശ്വാസമെടുത്തു.

തനിക്ക് ഇന്ന് ലഭിച്ചിരിക്കുന്നത് ആറ് രോഗികളെയാണ്. നാല് രോഗികൾ വെന്റിലേറ്ററിലും, രണ്ട് രോഗികൾ ഓക്സിജൻ മാസ്ക്കിലും. ഒരു നഴ്സിന് ഒരു ഷിഫ്റ്റിൽ ഒരു വെന്റിലേറ്റർ രോഗി മാത്രം എന്ന ലോകവ്യാപകമായി ആരോഗ്യമേഘലയിൽ പിന്തുടർന്ന് പോകുന്ന നിയമങ്ങൾ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ അർജ്ജുന് തോന്നി.

അർജ്ജുൻ ഓരോ രോഗിയുടെയും അടുത്ത് ചെന്ന് നിരീക്ഷിച്ചു. എല്ലാം ത്രപ്തികരം. എല്ലാ രോഗികളുടെയും ഹൃദയമിടിപ്പും, ഓക്സിജൻ ലെവലും,രക്തസമ്മർദ്ദവും മോണിറ്ററിൽ നോർമ്മൽ ലെവൽ കാണിക്കുന്നു. അർജ്ജുന് തോന്നി ഇതാണ് ഒരു നഴ്സിന് തന്റെ ഡ്യൂട്ടി സമയത്ത് ലഭിക്കുന്ന ഏറ്റവും സംതൃപ്തകരവും ആശ്വാസദായകവുമായ നിമിഷം. എല്ലാം നോർമ്മൽ…. അർജ്ജുൻ ഒരു നിമിഷം ഓർത്തു…. പക്ഷേ തന്റെ ജീവിതത്തിന്റെ മോണിറ്ററിൽ എല്ലാം അബ്നോർമൽ ആയി കിടക്കുകയാണ്. താൻ ഊർദ്ധ്വശ്വാസം വലിക്കുന്ന ഒരു രോഗിയാണെന്ന് അവന് തോന്നി.

അർജ്ജുൻ കേസ് ഷീറ്റ് നോക്കി രോഗികൾക്കെല്ലാമുള്ള രാവിലത്തെ മരുന്നുകൾ കൊടുത്തു. ശേഷം തന്റെ രോഗികളെ കുറച്ച് നേരത്തേക്ക് കൂടെ ഡ്യൂട്ടിയിലുള്ള മറ്റ് നഴ്സുമാരെ ഏൽപ്പിച്ച് ധൃതിയിൽ പ്രഭാത ഭക്ഷണത്തിനായി കാന്റീനിലേക്കിറങ്ങി. ഫോൺ എടുത്ത് നോക്കിയപ്പോൾ ബാങ്കിൽ നിന്നുള്ള മെസ്സേജ്. വിദ്യാഭ്യാസ ലോണിന്റെ അടവ് തെറ്റിയിട്ട് 15 ദിവസമായി അത് ഓർമ്മിപ്പിച്ച് കൊണ്ടുള്ള സന്ദേശമാണ്. ആകെ കിട്ടുന്നത് 20000 രൂപയാണ്. എല്ലാ ചിലവുകളും കഴിയുമ്പോഴേക്ക് വിദ്യാഭ്യാസ ലോൺ അടക്കുവാനുള്ള പണം പലപ്പോഴും കയ്യിൽ കാണാറില്ല.

രണ്ട് ദിവസം മുൻപ് ശമ്പളവർദ്ധനവിന് വേണ്ടി ഹോസ്പിറ്റലിലെ മുഴുവൻ നഴ്സുമാരും ചേർന്ന് മിന്നൽ പണിമുടക്ക് നടത്തി മാനേജരേക്കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ പെട്ടെന്ന് അർജ്ജുന്റെ ഓർമ്മയിൽവന്നു.

കോട്ടയത്തെ‘മ’ആഴ്ച്ചപ്പതിപ്പുകളുടെ നിലവാരത്തിലുള്ള ആ പൈങ്കിളി ഡയലോഗ് ഇങ്ങനെയായിരുന്നു…. ‘ശുഭ്രവസ്ത്രം ധരിച്ച, ഉദാത്ത സേവനത്തിന്റെ മഹനീയ മാതൃകകളായ, അശരണരുടേയും, ആലംബഹീനരുടെയും ഏകാശ്രയമായ നിങ്ങളെപ്പോലെയുള്ള കാവൽ മാലാഖമാർ കാശ് കൂടുതൽ വേണമെന്ന് പറഞ്ഞ് ഇങ്ങനെ സമരം ചെയ്യുന്നത് തികച്ചും ലജ്ജാവഹം തന്നെ.’ അർജ്ജുൻ ആലോചിച്ചു…. ഈ കാവൽ മാലാഖമാർക്ക് ഒരു വീടുണ്ടെന്നും അവിടെ വിശന്നിരിക്കുന്ന കുറെ വയറുകളുണ്ടെന്നും മാലാഖയുടെ വീട്ടിലെ അടുപ്പിൽ തീ പുകയുന്നുണ്ടോ എന്നും ഈ പറയുന്നവർ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല.

പണ്ട് എഴുത്തുകാർ തങ്ങളുടെ കൃതികൾക്ക് പ്രതിഫലം ചോദിച്ചപ്പോൾ ‘കവനത്തിന് കാശ് വേണം പോൽ…. എന്ന് ചന്ദ്രഹാസമിളക്കിയവരും, നഴ്സുമാർ തങ്ങളുടെ ന്യായമായ പ്രതിഫലം ചോദിക്കുമ്പോൾ ‘ആതുര സേവനത്തിന് ഇനിയും കാശ് വേണം പോൽ’ എന്ന് പറയുന്നവരും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് അർജ്ജുന് തോന്നി.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു മനുഷ്യൻ അർജ്ജുന്റെ അടുക്കലെത്തി. ഒരു ചെറു ചിരിയോടെ പറഞ്ഞു. ‘മോനേ അർജ്ജുനെ കുറച്ച് ദിവസമായല്ലോ ഇങ്ങോട്ടക്കെ ഒന്ന് കണ്ടിട്ട് .’ ആശുപത്രിയിലെ കാന്റീൻ നടത്തിപ്പുകാരൻ രാഘവേട്ടനായിരുന്നു അത്.

‘ചേട്ടാ ഞാൻ കുറച്ച് ദിവസം സ്ഥലത്തില്ലായിരുന്നു ഒരു ജോലിയുടെ കാര്യം ശരിയാക്കുന്നതിന്റെ തിരക്കിലായിരുന്നു.’

‘ആഹാ എവിടെയാ പോകുന്നേ?’

‘ചേട്ടാ ഞാൻ ബ്രിട്ടൻ, അമേരിക്ക, ആസ്ട്രേലിയ അല്ലെങ്കിൽ ഗൾഫിൽ ആണ് നോക്കുന്നത്.’അർജ്ജുൻ പറഞ്ഞു.

അത് കേട്ടതും രാഘവേട്ടന്റെ മുഖം ഒന്ന് മങ്ങി’ “ഡാ നീയീ അധിനിവേശശക്തികളും നാറ്റോ അംഗങ്ങളും ആയ വികസിത രാജ്യങ്ങളിലേക്ക് പോയി അവിടെ അദ്ധ്വാനിക്കുമ്പോൾ അത് വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണ്…. നമ്മുടെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് തകർക്കുന്ന നടപടിയല്ലേ അത്? നിന്നെപ്പോലെ അഭ്യസ്ഥവിദ്യരായ എല്ലാ ചെറുപ്പക്കാരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ ഭാരതത്തിന്റെ ഗതിയെന്താകും? നിനക്കിനി കേരളത്തിൽ ബുദ്ധിമുട്ടാണെൽ യൂപ്പിയിലോ ഡെൽഹിയിലോ പോകാൻ മേലേ…. ഡസൻ കണക്കിന് മെഡിക്കൽ കോളേജുകളല്ലേ അവിടെ ഓരോ മാസവും നിർമ്മിച്ച്കൊണ്ടിരിക്കുന്നത്’. ?

‘ചേട്ടാ എനിക്കീ നാറ്റോ, കീറ്റോ പോലെയുള്ള കടിച്ചാൽ പൊട്ടാത്ത വാക്കുകളൊന്നും അറിയില്ല. ഞാൻ വീട്ടിലെ പട്ടിണി മാറ്റാനാണ് അങ്ങോട്ട് പോകുന്നത്. പിന്നെ യൂപ്പിയിലെയും,ഡെൽഹിയിലെയും ആശുപത്രികളുടെ അവസ്ഥ നമ്മള് കോവിഡ് സമയത്ത് കണ്ടതാണല്ലോ’. അർജ്ജുൻ പറഞ്ഞു.

‘ഡാ മോനേ അർജ്ജുനെ നീ ഇങ്ങനെ അരാഷ്ട്രീയവാദിയാകരുത്….’

‘ചേട്ടാ അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന പാവപ്പെട്ടവർക്ക് രണ്ട് തരം രാഷ്ട്രീയമേയുള്ളൂ, ഒന്ന് വിശപ്പിന്റേത് മറ്റേത് ഭക്ഷണത്തിന്റേത്. അത് പോട്ടെ സോഫ്റ്റ് വെയർ എഞ്ചിനീയറായ ചേട്ടന്റെ മകന് അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ വികസ്വര രാജ്യമായ നമ്മുടെ ഇന്ത്യയെ ചേട്ടൻ മറന്നോ?…. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകരാതിരിക്കാൻ ചേട്ടന് അവന് വല്ല അക്ഷയ സെന്ററിലോ ഇന്റർനെറ്റ് കഫെയിലോ ജോലി വാങ്ങിച്ച് കൊടുത്താൽ മതിയായിരുന്നല്ലോ’?

രാഘവേട്ടൻ ഒന്ന് പരുങ്ങി. ഒന്ന് രൂക്ഷമായി അർജ്ജുനെ നോക്കിയിട്ട് അയാൾ കാഷ് കൌണ്ടറിലേക്ക് നടന്നു.

അർജ്ജുൻ ഭക്ഷണം കഴിച്ചതിന് ശേഷം തിരിച്ച് ഐ.സി.യു.വിലേക്ക് നടന്നു. ആറാം നമ്പർ ബെഡിലെ രോഗിയുടെ മരുന്നുകൾ കൊടുത്തത്തിന് ശേഷം തിരിച്ച് നഴ്സസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പിറകിൽ നിന്ന് ഒരു ശബ്ദം. ‘സിസ്റ്ററേ’ അർജ്ജുൻ തിരിഞ്ഞ് നോക്കി. രോഗിയുടെ സഹായിയായ ഒരു പെൺകുട്ടി ആണ്.

‘സിസ്റ്റർ അല്ല ബ്രതർ’ അർജ്ജുൻ സ്വൽപ്പം ഈർഷ്യയോടെ അവളെ തിരുത്തി.

‘അയ്യോ സോറി.. ഞാൻ അറിയാതെ വിളിച്ചു പോയതാ. നിങ്ങള് നഴ്സുമാര് “മാലാഖ” എന്നല്ലേ അറിയപ്പെടുന്നത് മാലാഖമാര് ദേഷ്യപ്പെടുകയായൊക്കെ ചെയ്യുമോ?’ ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു.

‘മാലാഖ’ അല്ല .. അർജ്ജുൻ ഒന്ന് കൂടെ തിരുത്തി.

‘പിന്നെന്താ വിളിക്കേണ്ടത് മാലാഖൻ എന്നായാലോ’?

ഇത്തവണ അർജ്ജുനും അറിയാതെ ചിരിച്ച് പോയി. പുതിയൊരു പേര് കൂടെ കിട്ടിയിരിക്കുന്നു ‘മാലാഖൻ.’
എന്താടാ പ്രേമമോ വല്ലോമാണോ പെൺകുട്ടിയുമായി സംസാരിക്കുന്നത് കണ്ട നിന്ന അനിത സിസ്റ്റർ അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു.

‘വീടിന്റെ മേൽക്കൂരയിലെ പൊട്ടിയ ഓട് മാറ്റുന്നതിനെക്കുറിച്ചും പലചരക്ക് കടയിലെ പറ്റ് തീർക്കുന്നതിനെക്കുറച്ചും ആലോചിച്ചുകൊണ്ടിരിക്കുന്ന എനിക്കൊക്കെ റൊമാന്റിക് ആവാൻ എവിടെയാണ് സിസ്റ്ററേ നേരം.’അവൻ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

അർജ്ജുൻ വെന്റിലേറ്ററിൽ കിടക്കുന്ന ഓരോ രോഗിയുടെയും വായിലെ ട്യൂബിൽ അടിഞ്ഞ് കൂടിയിരിക്കുന്ന സ്രവങ്ങൾ സക്ഷൻ മെഷീൻ ഉപയോഗിച്ച് നീക്കം ചെയ്തു. ശേഷം ശരീരം അനക്കാൻ പറ്റാത്ത ഓരോ രോഗിയുക്കും ദീർഘ നേരമുള്ള ഒരേ കിടപ്പ് കാരണം ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാകുന്നത് തടയാനായി വാർഡ് ബോയുടെ സഹായത്തോടെ അവരുടെ ബെഡിലെ സ്ഥാനം മാറ്റിക്കിടത്തി.

ഇതിനിടയിലാണ് ഡോക്ട്ർസ് റൌണ്ട്സ് ആരംഭിച്ചത്. രോഗിയുടെ എല്ലാ വിവരങ്ങളും കേസ് ഷീറ്റ് നോക്കാതെ നഴ്സുമാർ കൺസൽട്ടന്റ് ഡോക്ടറെ പറഞ്ഞ് കേൾപ്പിക്കണം എന്ന പോളിസി ആണ് അർജ്ജുന്റെ ഹോസ്പിറ്റൽ ഐ.സി.യു.വിൽ പിന്തുടരുന്നത്. അർജ്ജുൻ തന്റെ രോഗികളുടെ വിവരങ്ങൾ പറഞ്ഞ് തുടങ്ങി. ഇതിനിടയിലെപ്പോഴോ ഒരു രോഗിയുടെ ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് ടെസ്റ്റ് ചെയ്യാൻ വിട്ട് പോയതിന് കൺസൽട്ടന്റ് അർജ്ജുന് നേരെ അട്ടഹസിച്ചു. ‘സ്റ്റുപ്പിഡ്,നോൺസെൻസ്’ പോലെയുള്ള ശ്രവണ മനോഹര ലളിത കോമള വാക്കുകൾ ഉരുവിട്ട ശേഷം കൺസൽട്ടന്റ് അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. അർജ്ജുൻ തികഞ്ഞ നിസംഗതയോടെ നിശബ്ദനായി നിന്നു. ഒന്ന് ധാർമ്മികരോഷം കൊള്ളാനുള്ള ഊർജ്ജം പോലും അപ്പോൾ അവനിൽ ബാക്കിയില്ലായിരുന്നു. ആർട്ടീരിയൽ ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ട ഉത്തരവാദിത്വം യഥാർത്ഥത്തിൽ ഐ.സി.യുവിലെ ജൂനിയർ റസിഡന്റ് ഡോക്റ്ററുടെതാണെന്നും, നഴ്സുമാരുടെ തലയിലേക്ക് നിർബന്ധപൂർവം ഇറക്കിവെക്കപ്പെട്ട അനേകായിരം ബാധ്യതകളിലൊന്നാണ് ഇതെന്നും അവനറിയാമായിരുന്നിട്ടും അവൻ പ്രതികരിക്കാൻ മെനക്കെട്ടില്ല. ജോക്കർ സിനിമയിൽ നടൻ ബഹദൂർ പറയുന്ന ഡയലോഗ് ആണ് അവന് ഓർമ്മ വന്നത് ‘കോമാളി കരയാൻ പാടില്ലാ ചത്താലും കരയാൻ പാടില്ല’…. നഴ്സുമാർ പ്രതികരിക്കാൻ പാടില്ല ചത്താലും പ്രതികരിക്കാൻ പാടില്ല….

റൌണ്ട്സിന് ശേഷം പുതുതായി എഴുതിയ മരുന്നുകൾ രോഗികൾക്ക് കൊടുത്ത ശേഷം അവൻ നഴ്സസ് സ്റ്റേഷനിലെ കസേരയിൽ വന്നിരുന്നു. തന്റെ ബാഗ് തുറന്ന് ഒരു കൂട്ടം പേപ്പറുകൾ പുറത്തെടുത്തു. സൌദി അറേബ്യയിലെ ഒരു എണ്ണ ഖനിയോടനുബന്ധിച്ചുള്ള ക്ലിനിക്കിലേക്കുള്ള ഓഫർ ലെറ്ററും കോൺട്രാക്റ്റ് സൈൻ ചെയ്യാനുള്ള പേപ്പേർസും ആയിരുന്നു അതില്. കയ്യിൽ കിട്ടിയിട്ട് ഒരാഴ്ച്ചയായിട്ടും അവൻ അത് സൈൻ ചെയ്യാതെ കൂടെ കൊണ്ട് നടക്കുകയാണ്. സ്വന്തം വീടും നാടും പുഴയും മഴയും കായലും കടലും പ്രകൃതിയും വിട്ട് അറേബ്യൻ മരുഭൂമിയലെ എണ്ണ കിണറിലേക്ക് പറിച്ച് നടപ്പെടുന്നതിനെ ക്കുറിച്ചാലോചിച്ചപ്പോൾ അവന്റെ ഹൃദയം വിങ്ങുന്നത് പോലെ തോന്നി. വൃശ്ചിക മാസത്തിലെ തണുപ്പും, കർക്കിടകത്തിലെ മഴയും, പൂരവും കാവും തിറയും ഉൽസവങ്ങളും കൂട്ടുകാരോടുത്തുള്ള ബൈക്ക് ട്രിപ്പുകളും തട്ടുകടയിലെ ഒരുമിച്ചുള്ള ഭക്ഷണവും കുടുംബത്തോടൊന്നിച്ചുള്ള സുന്ദരമായ നിമിഷങ്ങളും ഉപേക്ഷിച്ച് കടൽ കടക്കാൻ അവന്റെ മനസ്സ് ഇപ്പോഴും മടിക്കുകയാണ്.

അവൻ ആലോചിച്ചു ; എന്ത്കൊണ്ട് നഴ്സുമാർക്ക് സ്വന്തം നാട്ടിൽ ഒരു നല്ല സേവന വേതന വ്യവസ്ഥ നല്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല?. ഇനി എപ്പോഴെങ്കിലും ഉണ്ടാകുമോ?. സ്വന്തം നാട്ടിൽ അത്യാവശ്യം നല്ല ശമ്പളം ലഭിക്കുന്നുണ്ടെങ്കിൽ സ്വർഗ്ഗം പോലുള്ള ഈ നാടിനെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും വിട്ട് ഒരു നഴ്സും വിദേശത്ത് പോകില്ലെന്ന് അവനുറപ്പായിരുന്നു. എല്ലാ ജോലികൾക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണെങ്കിലും തന്റെ ആയൽവാസിയായ കൂലിപ്പണി എടുക്കുന്ന രാഘവേട്ടന് കിട്ടുന്ന ദിവസ വരുമാനത്തിന്റെ പകുതി പോലും തനിക്ക് ഒരു ദിവസം കിട്ടുന്നില്ലെന്നോർത്തപ്പോൾ അവന് വല്ലാത്ത ദുഖം തോന്നി.

അർജ്ജുൻ കോൺട്രാക്റ്റ് പേപ്പറിൽ ഒപ്പിടാതെ തിരിച്ചു ബാഗിൽ വെച്ചു. പെട്ടെന്നാണ് ഐ‌സി‌യു ഹെഡ് നഴ്സ് അവിടേക്ക് വന്നത്. സിസ്റ്റർ അർജ്ജുനെ ഒന്ന് രൂക്ഷമായി നോക്കി. വരിക്കോസ് വെയിൻ വന്നാൽ പോലും നഴ്സുമാർ ഡ്യൂട്ടിക്കിടയിൽ കുറച്ച് നേരം പോലും ഇരിക്കാൻ പാടില്ല എന്ന അലിഖിത നിയമം നിലനിൽക്കുന്നത് കൊണ്ട് അവൻ എഴുന്നേറ്റ് രോഗികളുടെ അടുത്തേക്ക് പോയി. പിറകെ തന്നെ ഹെഡ് സിസ്റ്ററും വന്നു. ‘അർജ്ജുൻ നാളെ തിരുവോണം അല്ലേ…. സ്റ്റാഫ് കുറവാണ് അപ്പോൾ നാളെ ഡബിൾ ഡ്യൂട്ടി എടുക്കേണ്ടി വരും റെഡിയായിട്ട് വന്നോളു’ സിസ്റ്റർ ആജ്ഞാ സ്വരത്തിൽ പറഞ്ഞു. അർജ്ജുൻ മറുപടിയൊന്നും പറയാതെ ഒരുതരം നിർവികാരതയോടെ അത് കേട്ട് നിന്നു.

കർത്താവിന്റെ മണവാട്ടിമാരായ കന്യാസ്ത്രീകളെപ്പോലെയാണ് നഴ്സുമാരെന്ന് അവന് തോന്നി. എല്ലാ തരം ആഘോഷങ്ങളിൽ നിന്നും ശുഭ കാര്യങ്ങളിൽ നിന്നും എന്നും വിട്ട് നിൽക്കാൻ വിധിക്കപ്പെട്ടവർ. മഹാമാരികൾക്കും മരണാസന്നർക്കും വേണ്ടി മാത്രം ഉഴിഞ്ഞിട്ട് വെച്ച ജീവിതങ്ങൾ. അവന്റെ ഉള്ളൊന്ന് വിങ്ങി.

‘അർജ്ജുൻ നാലാമത്തെ ബെഡിലെ പേഷ്യന്റിന്റെ ബെഡ് ഷീറ്റ് ചുളിഞ്ഞിരിക്കുവാണല്ലോ. ബെഡ് മേക്കിങ് നന്നായി ചെയ്തിട്ടില്ലാ അല്ലേ? നിന്റെ ഒരു ഡേ ഓഫ് ഞാൻ കട്ട് ചെയ്യും ’ഇൻ ചാർജ്ജ് സിസ്റ്റർ ദേഷ്യത്തോടെ അർജ്ജുനോട് പറഞ്ഞു. തുടർന്ന് അഞ്ച് മിനുട്ട് നേരം നീണ്ട് നിന്ന ഉപദേശനിർദ്ദേശ വാഗ്ദോരണികൾക്ക് ശേഷം ഹെഡ് സിസ്റ്റർ പുറത്തേക്ക് പോയി. അവന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ചുളിഞ്ഞ ബെഡ്ഷീറ്റിന് ഒരവധി നിഷേധിക്കപ്പെട്ടത്തിലെ അസാധാരണമായ കൌതുകം മാത്രം അവനിൽ അവശേഷിച്ചു.

അല്ലെങ്കിലും ഓണത്തിന് കിട്ടാത്ത അവധി തനിക്ക് പിന്നെ എന്തിനാണ്? അർജ്ജുൻ ക്ലോക്കിലേക്ക് നോക്കി. തന്റെ ഷിഫ്റ്റ് തീരാൻ ഒരു മണിക്കൂർ കൂടി ബാക്കിയുണ്ട്. അവൻ തന്റെ രോഗികളുടെ ഫയലുകൾ ധൃതിയിൽ റെഡിയാക്കി വെക്കാൻ തുടങ്ങി. പെട്ടെന്നാണ് കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടത്. ഐ‌സി‌യു ഡോറിന്റെ ഗ്ലാസ്സ് ചില്ലുകൾ പൊട്ടിയിരിക്കുന്നു. ആ ദ്വാരത്തിലൂടെ ഒരു കൈമാത്രം അകത്തേക്ക് വരുന്നു. ആക്രമാസക്തനായ ഒരു മനുഷ്യൻ സെക്യൂരിറ്റി ഗാർഡ് മാരെ തള്ളി മാറ്റി ഐ‌സി‌യുവിനകത്തേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയാണ്. സെക്യൂരിറ്റി ഗാർഡ്കളെ വകഞ്ഞു മാറ്റി അകത്തേക്ക് കയറിയ അയാളെ തടയാൻ ശ്രമിച്ച അർജ്ജുനെ കാല് കൊണ്ട് ചവിട്ടി വീഴ്ത്തി. അതിനിടയിൽ ഗാർഡ്കൾ ചേർന്ന് അയാളെ കീഴ്പ്പെടുത്തി പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പൊയി. കൂടെ ജോലി ചെയ്യുന്ന സിസ്റ്റർമാർ ചേർന്ന് അർജ്ജുനെ താങ്ങി എഴുന്നേൽപ്പിച്ചു. അവന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകൂന്നുണ്ടായിരുന്നു. വാഷ് ബസിനിൽ മുഖം കഴുകിയത്തിന് ശേഷം അവൻ ഒരു കസേരയി ചെന്നിരുന്നു. പുറത്ത് അപ്പോഴും ബഹളം നടന്ന് കൊണ്ടിരിക്കുകയായിരുന്നു. മദ്യപിച്ച് ലക്ക്കെട്ട ആ മനുഷ്യൻ ഐ‌സി‌യു വിൽ കിടക്കുന്ന ബന്ധുവിനെ കാണണം എന്ന് പറഞ്ഞാണ് ബഹളം തുടങ്ങിയത്. ഇപ്പോഴും നഴ്സുമാരെയും ഡോക്ട്ടർമാരെയും മറ്റ് ഹോസ്പിറ്റൽ സ്റ്റാഫിനെയും കണ്ണ് പൊട്ടുന്ന തെറി വിളിച്ച് കൊണ്ടിരിക്കുകയാണ്.

മഹാമാരികളും ദൂരന്തങ്ങളും വരുമ്പോൾ മഹത്വവൽക്കരിക്കപ്പെടുന്നവരും അല്ലാത്തപ്പോൾ അവജ്ഞയുടെ ചവറ്റുകൊട്ടയിലേക്ക് എടുത്തറിയപ്പെടുന്നവരുമാണ് താനുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ എന്ന് അവന് തോന്നി. നിപ്പാ മഹാമാരിക്കെതിരെ പോരാടി തന്റെ ജീവൻ ബലിയർപ്പിച്ച ലിനി സിസ്റ്ററുടെയും രോഗി പരിചരണത്തിനിടയൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഡോക്ടർ വന്ദനയുടെയും മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

നിപ്പയും കോവിഡും സംഹാരതാണ്ഡവമാടുന്ന നാളുകളിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് രോഗികളെ പരിചരിച്ച എത്രയെത്ര ആരോഗ്യ പ്രവർത്തകർ. ആരോഗ്യ പ്രവർത്തകർ തങ്ങളുടെ തൊഴിൽ മേഖലയിൽ സ്വന്തം ജീവൻ പണയം വെച്ച് മഹാമാരിയുടെ നാളുകളിൽ കാണിച്ച ആത്മാർത്ഥതയും അർപ്പണ ബോധവും മറ്റ് മേഖലയിലുള്ളവർ കാണിച്ചിട്ടുണ്ടോ എന്ന് അവൻ ആലോചിച്ചു. ആക്രമാസക്തനായ രോഗിയെ മുറിയിൽ പൂട്ടിയിട്ട് പോലീസുകാർ സ്വന്തം ജീവൻ കയ്യിൽ പിടിച്ച് ഓടിപ്പോയില്ലായിരുന്നെങ്കിൽ ഡോക്ടർ വന്ദനയ്ക്ക് തന്റെ ജീവൻ ബലി നല്കേണ്ടി വരില്ലായിരുന്നു. മഹാമാരി സമയത്ത് ജീവഹാനിഭയന്ന് ആരോഗ്യ പ്രവർത്തകർ ഇത് പോലെ ആശുപത്രി വിട്ടോടി വീട്ടിൽ അടച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു ആരോഗ്യ മേഖലയുടെയും പൊതു ജനങ്ങളുടെയും അവസ്ഥ. സർക്കാർ ഓഫീസുകളിലും സിനിമ തീയേറ്ററുകളിലും മദ്യഷോപ്പുകളിലും ക്യു നിന്ന് മാന്യമായി പെരുമാറുന്നവർ ആശപത്രികളിലേക്കെത്തുമ്പോൾ ഗുണ്ടകളെപ്പോലെ പെരുമാറുന്നു. ആരോഗ്യ പ്രവർത്തകർ മജ്ജയും മാംസവും ഉളള മനുഷ്യരാണെന്നും മറക്കുന്നു.

കോവിഡ് സമയത്ത് തുടർച്ചയായി എട്ടു മണിക്കൂർ വരെ പിപിഇ കിറ്റ് ധരിച്ച് ഡ്യൂട്ടി എടുക്കേണ്ടി വന്ന സിസ്റ്റർമാർ സാനിട്ടറി നാപ്കിൻ ചേഞ്ച് ചെയ്യാൻ പോലും പറ്റാതെ കഷ്ട്ടപ്പെട്ടതും, മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ള നഴ്സുമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാനാകാതെ നീറുന്ന മനസ്സുമായി ഡ്യൂട്ടി എടുത്തതും അവനോർത്തു. അങ്ങനെ എത്രയെത്ര വ്യക്തികളുടെ ത്യാഗ നിർഭരമായ പ്രവർത്തികളിലൂടെയാണ് നമ്മൾ ഈ മഹാമാരികളെയൊക്കെ അതിജീവിച്ചത്. ആ ത്യാഗങ്ങൾക്കുള്ള പ്രതിഫലം ഇപ്പോൾ തങ്ങൾക്ക് നേരെയുള്ള തുടർച്ചയായ അവഹേളനങ്ങളും അതിക്രമങ്ങളും ആണല്ലോ എന്നോർത്തപ്പോൾ അവന് വല്ലാത്ത വേദന തോന്നി.

പെട്ടെന്നാണ് അർജ്ജുന്റെ മൊബൈൽ റിങ് ചെയ്തത്. ബാങ്ക് മാനേജറാണ് വിളിക്കുന്നത്. അവൻ വേഗം കോൾ അറ്റെൻഡ് ചെയ്തു. അങ്ങേ തലയ്ക്കൽ നിന്ന് ഈർഷ്യയോടെയുള്ള സ്വരം ‘മിസ്റ്റർ അർജ്ജുൻ താങ്കളുടെ വിദ്യാഭ്യാസ ലോൺ തിരിച്ചടവ് മുടങ്ങിയിട്ട് ഇന്നേക്ക് 15 ദിവസമായി. പിഴയും പലിശയും അടക്കം ഒരാഴ്ച്ചയ്ക്കുുള്ളിൽ 25000 രൂപ അടക്കണം.

അവൻ മറുപടി ഒന്നും നൽകാതെ ഫോൺ കട്ട് ചെയ്തു. അർജ്ജുന്റെ കൈ യാന്ത്രികമായി തന്റെ ബാഗിലേക്ക് നീങ്ങി. സൌദിയിലെ ജോലിയുടെ ഓഫർ ലെറ്ററും കോൺട്രാക്റ്റ് പേപ്പറും വീണ്ടും എടുത്തു. മരവിച്ച മനസ്സുമായി അവൻ രണ്ട് പേപ്പറിലും തന്റെ ഒപ്പ് ചാർത്തി തിരിച്ച് ബാഗിൽ വെച്ചു. എന്നിട്ട് തികഞ്ഞ ശാന്തതയോടെ തന്റെ രോഗികളുടെ അടുത്തേക്ക് നടന്നു. അവന്റെ മനസ്സും ചിന്തകളും അനന്തമായ ശൂന്യതയിലേക്ക് ആണ്ടിറങ്ങിയിരുന്നു.

എല്ലാ രോഗികളും കുഴപ്പമില്ലാതിരിക്കുന്നു എന്നുറപ്പ് വരുത്തിയതിനു ശേഷം അവൻ തിരിച്ച് നഴ്സസ് സ്റ്റേഷനിലേക്ക് നടന്നു. അപ്പോഴും പുറത്ത് നഴ്സസ് ദിനാഘോഷത്തിന്റ പരിപാടികൾ ഗംഭീരമായി നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഹോസ്പിറ്റൽ മാനേജറുടെ ആശംസാ പ്രസംഗമായിരുന്നു അപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.മാനേജർ കത്തിക്കയറുകയാണ്…. അർജ്ജുൻ ഒന്ന് ചെവികൂർപ്പിച്ചു….‘ഒരു ഹോസ്പ്പിറ്റലിന്റെ ആത്മാവാണ് അവിടത്തെ നഴ്സുമാർ…. ഓരോ രോഗിയുടെയും രക്ഷകരാണ് നഴ്സുമാർ…. നാമോരോരുത്തരുടെയും അഭിമാനമാണ് നഴ്സുമാർ.’ രണ്ട് ദിവസം മുൻപ് ന്യായമായ ശമ്പള വർദ്ധന ആവശ്യവുമായി ചെന്നപ്പോൾ തങ്ങളെ ആട്ടിയോടിച്ച വ്യക്തി ഇതാ തങ്ങൾക്ക് സ്തുതി പാടുന്നു….! എല്ലാ നഴ്സസ് ദിനത്തിലും മുറ തെറ്റാതെ മാനേജർ നടത്തി വരുന്ന ഈ സ്തുതി പാടൽ പ്രഹസനം കേട്ട് അർജ്ജുന്റെ മുഖത്ത് അവജ്ഞാ നിർഭരമായ ഒരു പുച്ഛ ചിരി വിടർന്നു.

അർജ്ജുൻ നഴ്സസ് സ്റ്റേഷനിലെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഫ്ലോറെൻസ് നൈറ്റിംഗേലിന്റെ ചിത്രത്തിലേക്ക് ഒന്ന് നോക്കി. വിളക്കേന്തിയ ആ മാലാഖ തന്റെ മുഖത്തേക്ക് കരുണാർദ്രമായി നോക്കുന്നത് പോലെ അവന് തോന്നി.

അവസാനത്തെ രോഗിയുടെയും റിപ്പോർട്ട് തയ്യാറാക്കിയത്തിന് ശേഷം അവൻ നഴ്സസ് സ്റ്റേഷനിലെ ടേബിളിൽ തല ചായ്ച്ചു. സൌദി അറേബ്യയിലെ അനന്തമായ മണലാരണ്യങ്ങളും വരണ്ട പൊടിക്കാറ്റും അവന് അവിടെയിരുന്നു അനുഭവിക്കുന്നത് പോലെ തോന്നി. അന്നാദ്യമായി പറിച്ച് നടപ്പെടലിന്റെ വേദന അവന്റെ സിരകളിലേക്ക് ഒഴുകാൻ തുടങ്ങി. അവന് ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷേ, സ്വയം നിയന്ത്രിച്ചു. എന്നിട്ട് തന്നോട് തന്നെ പറഞ്ഞു …..

“മാലാഖമാർ കരയാൻ പാടില്ലാ…….”

കാസർഗോഡ് ജില്ലയിൽ നീലേശ്വരം സ്വദേശി. ആരോഗ്യവകുപ്പിൽ നഴ്സിംഗ് ഓഫീസർ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്