മഞ്ഞപ്പൂക്കള്‍ തോരണം തൂക്കിയ തറവാട്ട് മുറ്റത്തെ കൊന്നമരത്തില്‍ പേരറിയാത്ത ഒരു കിളി കൂടു കൂട്ടിയത് കുഞ്ഞനന്തന്‍ കണ്ടു. തലേന്ന് സന്ധ്യയ്ക്ക് ആണ് അവര്‍ നാട്ടിലെത്തിയത്. നഗരത്തിലെ തങ്ങളുടെ ഏഴാമത്തെ നിലയിലെ ഫ്ലാറ്റില്‍ കൂട്ടിലിട്ടു വളര്‍ത്തുന്ന തത്തമ്മയെക്കുറിച്ചു അപ്പോൾ അവനോര്‍ത്തു. നാട്ടിലേക്ക് പുറപ്പെടും മുമ്പ് അതിനെ നന്നായി പരിപാലിക്കാന്‍ വേലക്കാരിക്ക് പേര്‍ത്തും പേര്‍ത്തും അമ്മ നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടാഴ്ചത്തെ വെക്കേഷന്‍. ഇപ്രാവശ്യം വിഷു അമ്മമ്മയോടൊപ്പം നാട്ടില്‍. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഇപ്പം ഇങ്ങനെയാണ് പതിവ്.
“ചിഞ്ചൂ ദാ കണ്ടോ ഒരു പക്ഷിക്കൂട്. ഞാനാ ആദ്യം കണ്ടതെന്ന് പറഞ്ഞ് നീയിനി ചിണുങ്ങരുത്.”
അവന്‍ കൊച്ചനിയത്തിയെ ചേര്‍ത്ത് നിര്‍ത്തി പൂത്തുല്ലസിച്ച് നില്‍ക്കുന്ന കൊന്നമരത്തിലേക്ക് സാകൂതം വിരല്‍ ചൂണ്ടി.
“നമ്മളെ തത്തമ്മ ഇപ്പം കൂട്ടി ല്‍ എന്ത് ചെയ്യുകയായിരിക്കും ഏട്ടാ ?”
ചിഞ്ചു വേവലാതിയോടെ ചോദിച്ചു.
അതിനൊരു വ്യക്തമായ ഉത്തരം അവന്റെ കയ്യിലില്ലായിരുന്നു. അച്ഛനും അമ്മയുമപ്പോള്‍ അമ്മമ്മയുടെ മുന്നില്‍ നഗര വിശേഷങ്ങള്‍ ചൂടോടെ വിളമ്പുകയായിരുന്നു. കഴിഞ്ഞ തവണത്തെ വിഷുവിന് ഇരട്ടി വില കൊടുത്ത് വാങ്ങിയ മാങ്ങയുടെയും മത്തങ്ങയുടെയും ചക്കയുടെയും കൊന്നപ്പൂവിന്റെയും കഥ. നാടന്‍ അരിയുടെ ഇരട്ടി വില. ഒരിതള്‍ കൊന്നപ്പൂവിന് നല്‍കിയ നാലിരട്ടി മൂല്യം. നഗരത്തിലും അവര്‍ എല്ലാ കൊല്ലവും വിഷു ഭംഗിയായി ആഘോഷിക്കുമായിരുന്നു. ബാല്‍ക്കണിയില്‍ നിന്നും പൂക്കുറ്റിയും കമ്പിത്തിരിയും കത്തിക്കും. മാങ്ങ, ചക്ക, കുമ്പളങ്ങ, കോവയ്ക്ക, മുരിങ്ങക്ക, പച്ചക്കായ, നാരങ്ങ, മുന്തിരിങ്ങ, കൊന്നപ്പൂ അവയെല്ലാം അച്ഛന്‍ തലേന്ന് തന്നെ സംഘടിപ്പിക്കും. എന്നിട്ടവ വാടാതെ ഫ്രിഡ്ജിന്റെ മേല്‍ത്തട്ടി ല്‍ സൂക്ഷിക്കും. അതിരാവിലെ എഴുന്നേറ്റ് അമ്മ കണി കാണിക്കും. പുത്തനുടുപ്പും കൈനീട്ടവും കിട്ടും.
“നമ്മുടെ തത്തമ്മ കൂടു വിട്ട് പാറിപ്പോയിക്കാണുമോ ചിഞ്ചൂ ?
കുഞ്ഞന്‍ കരയും പോലെ ചോദിച്ചു.
സംശയം വീണ്ടും ബാക്കിയായി. നാട്ടിലെ കളികളൊന്നും പിന്നീട് അവരുടെ തലയില്‍ കയറിയില്ല. പഴുത്ത പുളിയന്‍ മാങ്ങയുടെയും തേന്‍ വരിക്കയുടെയും കൊതിയൂറുന്ന മണം തെല്ലും സുഖിപ്പിച്ചില്ല. നഗരത്തിലെ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം പോലെ വിചാരങ്ങള്‍ അവരെ ചൂഴ്ന്നു.
“നമ്മളെ കാണാതെ സങ്കടം കൊണ്ടത് ചത്ത് പോയാലോ ?”
“അപ്പൊ എന്ത് ചെയ്യും?”
“തത്തമ്മയിപ്പം വല്ലാതെ കരയുകയായിരിക്കുമല്ലേ.”
അവരിരുവരും ഉത്തരം തേടി അമ്മമ്മയുടെ അടുത്തെത്തി.
“എന്‍റെ പൊന്നുമക്കള്‍ അവധി കഴിഞ്ഞ് ഇവിടെ നിന്നും പോയിക്കഴിഞ്ഞാലുള്ള അമ്മമ്മയുടെ ഇപ്പോഴത്തെ അവസ്ഥ. അതുമാതിരിയിരിക്കും.”
മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണീരൊപ്പി അമ്മമ്മ തുടര്‍ന്നു :
“കൂട്ടില്‍ ഉരുകിയുരുകി നിലവിളിക്കും. സങ്കടം കൊണ്ട് പിടയും. പറക്കാനാവാതെ പലകുറി ചിറകിട്ടടിക്കും. പക്ഷെ, ആരുമതിനെ കൂട് തുറന്നു വിടില്ല. അതിന്‍റെ നൊമ്പരം ആരുമറിയില്ല.”
അന്ന് രാത്രി കുഞ്ഞനന്തന്‍ ഒരു ദുസ്വപ്നം കണ്ടു. ആകാശ വിതാനത്ത് നിന്നും പറന്നിറങ്ങിയ ഒരു വന്‍ കഴുകന്‍ കിളിക്കുഞ്ഞുങ്ങളെ തന്റെ കൂര്‍ത്ത കൊക്കിലൊതുക്കി പറന്നുയരുന്ന കാഴ്ച. ചിറകടിച്ച് കരയുന്ന അമ്മക്കിളി. അതിലൊരു കിളിക്കുഞ്ഞിന് പൊന്നനിയത്തി ചിഞ്ചുമോളുടെ നല്ല മുഖച്ഛായ. കൊന്നമരക്കീഴില്‍ തകര്‍ന്നടിഞ്ഞ കിളിക്കൂട്.
ഉറക്കത്തില്‍ കുഞ്ഞന്‍ പേടിച്ച് നിലവിളിച്ചു.
പിറ്റേന്ന് പ്രവാസത്തേക്കുള്ള മടക്കയാത്രയില്‍ കിളിക്കൂട്ടി ല്‍ ഒറ്റയ്ക്കകപ്പെട്ട ഒരമ്മക്കിളിയുടെ നിലയ്ക്കാത്ത ദീനരോദനം ആ കുഞ്ഞു മനസ്സി ല്‍ കൂട് കെട്ടി.