പാവനി

രാവിലെ അലാം കേട്ടയുടനെ രാജലക്ഷ്മി എന്നത്തെയും പോലെ ആദ്യം നോക്കിയത് മൊബൈലിലേക്കാണ്. ഓൺ ചെയ്യുമ്പോൾ തന്നെ ആദ്യം തെളിയുന്നത് കഴിഞ്ഞ വർഷത്തെ തമിഴ് സംഗം വാർഷികത്തിന് അവതരിപ്പിച്ച നൃത്തശില്പത്തിലെ ഗണപതിയുടെ രൂപത്തിൽ നിൽക്കുന്ന മകൻ വിനായകന്റെ ചിത്രമാണ്. മകനെയും വിഘ്നേശ്വരനെയും ഒരുമിച്ച് സ്മരിക്കാനും പ്രാർഥിക്കാനുമുളള എളുപ്പവഴിയാണത്. കിടക്കയിൽ ചമ്രം പടിഞ്ഞിരുന്ന് മടിയിൽ മൊബൈൽ വെച്ച് ഇരുകൈ കൊണ്ടും കണ്ണുകൾ മൂടി പിടിച്ച്, പിന്നെ കൈ കൂപ്പി ശ്ലോകം ചൊല്ലും. പിന്നെ ശ്വാസം വലിച്ചുവിട്ട് അന്നത്തെ പരിപാടികൾ എന്തെല്ലാമാണെന്ന് ഓർത്തെടുക്കും.

പതിവിനു വിപരീതമായി ആദ്യം തിരഞ്ഞത് തപാൽപെട്ടിയാണ്. ഇന്നും പാവനിയുടെ അനക്കമില്ല. അങ്ങോട്ടയക്കുന്ന സന്ദേശങ്ങൾ വഴിയിൽ തന്നെ നിൽക്കുന്നതേയുള്ളൂ. ചെന്നയുടനെ നാട്ടിലെ നമ്പർ അയച്ചുതരാമെന്ന് ഉറപ്പുതന്നിട്ട് പോയവളാണ്. പാവനിയുടെ ഒരു സ്മൈലി പോലുമില്ലാത്ത അഞ്ചാമത്തെ ദിവസമാണിത്.

എട്ടു മണിക്ക് ക്ലയന്റ് മീറ്റിംഗ് എന്ന ഓർമ്മപ്പെടുത്തൽ ശബ്ദത്തോടെ വന്നതും അവൾ പുതപ്പ് വലിച്ചുമാറ്റി കട്ടിലിൽ നിന്നും ചാടിയിറങ്ങി.

‘എന്നടീ പൈത്യം.’ നിദ്രാഭംഗം വരുത്തിയവളെ ചീത്ത വിളിച്ചുകൊണ്ട് പുതപ്പ് ഒന്നുകൂടി വലിച്ചെടുത്ത് ഭർത്താവ് നാഗരാജൻ തിരിഞ്ഞുകിടന്നു.

കന്തഷഷ്ടികവചം ഇപ്പോൾ ചൊല്ലിത്തുടങ്ങിയാലെ മീറ്റിംഗ് ആവുമ്പോഴേക്കും തീരൂ.  ഇന്നെങ്കിലുമൊരു തീരുമാനമായില്ലെങ്കിൽ ബോസിന്റെ വായിൽ കിടന്നു കുഴഞ്ഞ തെറികൾ കേൾക്കുന്നത് മാത്രമല്ല ഭാവിയിൽ അവിടെ തുടരാമോ എന്നതിനും ഒരു തീരുമാനമാവും. അഞ്ചുവയസ് മുതൽ അമ്മൂമ്മ പഠിപ്പിച്ച പ്രാർഥനാശ്ലോകങ്ങളാണ് ഓരോ പ്രതിസന്ധിക്കും രാജിക്ക് രക്ഷ. ഓരോ ദിവസത്തിനും ഓരോ ദൈവം കൂട്ട്.

പ്രഭാത കൃത്യങ്ങൾക്കിടയിൽ നാട്ടുവാർത്തകൾ, ഫേസ്ബുക്ക്‌, തപാൽപെട്ടി  തുടങ്ങിയവ ഒന്നോടിച്ചു നോക്കും. നീളം കൂടിയവ തലക്കെട്ടോടെ നിർത്തി വൈകുന്നേരത്തെ വായനയ്ക്കായി മാറ്റിവെക്കും. ജോലിസ്ഥലത്തുനിന്നും തിരിച്ചുവരുന്ന വഴി മക്കളെ സ്കൂളിൽ നിന്നും കൂട്ടണം. വീട്ടിലെത്തിയാലുടനെ അമ്മായിയമ്മക്ക് ചൂടോടെ ആഹാരം ഉണ്ടാക്കി കൊടുക്കണം. മറ്റുള്ളവർക്ക് വാരാന്ത്യത്തിൽ പാകം ചെയ്ത് വിവിധ സിപ് ലോക്കുകളിലാക്കി മരവിക്കാൻ വെച്ച കറികളും ചപ്പാത്തിയും ഒന്നൊന്നായി എടുത്ത് ചൂടാക്കിയാൽ മതിയാവും. അപ്പോഴേക്കും പാവനി വിളിക്കും. കാലുകൾ നീട്ടിവെച്ച് കൈവീശിയുള്ള ആ നടത്തത്തിലാണ് നാട്ടിലെ പുതിയ ഫാഷൻ ട്രെൻഡുകൾ മുതൽ രാഷ്ട്രീയസ്ഥിതിഗതികൾ വരെ അവളറിയുക.

പാവനി അങ്ങനെയാണ്. ഒരു തോരാമഴ. അവളോട്‌ കൂട്ടുകൂടിയതിനു ശേഷമാണ് രാജലക്ഷ്മിയുടെ വിരസമായ ദിനചര്യകളിൽ മാറ്റമുണ്ടായത്. എപ്പോഴും ചിരിച്ച് ഒരുപാട് വിഷയങ്ങൾ സംസാരിക്കുന്ന അവളുടെ തുടുത്ത കവിളിൽ നുണക്കുഴിസ്ഥാനത്തിനും മുകളിലായി വരാറുള്ള കോമ പോലുള്ള കുഴികൾ നോക്കിയിരിക്കാൻ രാജിക്കിഷ്ടമാണ്. എല്ലാ ഭാഷക്കാരോടും അവൾക്കറിയാവുന്ന ഭാഷകളിൽ കളിയും കാര്യവും പറയും.

ചുറുചുറുക്കോടെ എല്ലാവരുടെയും ഇടയിൽ ഓടി നടക്കുന്നവളുടെ മനസിലുള്ളത് അത്ര പെട്ടെന്നൊന്നും ആരുടേയും മുന്നിൽ അനാവൃതമാവില്ല. കേൾക്കുന്നവർക്കുപോലും വിഷമം തോന്നുന്ന പല കാര്യങ്ങളും അർഥം വേർതിരിച്ചെടുക്കാൻ പറ്റാത്ത ചിരിയോടെ അവതരിപ്പിക്കാൻ അവൾക്ക് പ്രത്യേക കഴിവാണ്.

ജോലി കഴിഞ്ഞ് നേരത്തെയെത്തുന്ന വൈകുന്നേരങ്ങളിൽ തനിയെ നടക്കാനിറങ്ങുന്നതിന് രാജലക്ഷ്മിക്ക് ഒന്ന് രണ്ടു ലക്ഷ്യങ്ങളുണ്ട്. അതിലൊന്നാമത്തെത് അമ്മായിയമ്മയുടെ സീരിയൽ കഥപറച്ചിലിൽ നിന്നുള്ള രക്ഷപ്പെടലാണ്. പിന്നെ രാവിലത്തെ തിരക്കിൽ ചൊല്ലാൻ വിട്ടുപോയ പ്രാർഥനകൾ പൂർത്തിയാക്കുക.

ഹെഡ് ഫോണിൽ ലളിതാസഹസ്രനാമം വെച്ച് അതിനൊപ്പം ഉരുവിട്ടുകൊണ്ട് നടക്കുമ്പോഴായിരുന്നു മുന്നിൽ നടക്കുന്ന സ്ത്രീ രൂപത്തെ ശ്രദ്ധിച്ചത്. മുടി പിന്നിയിട്ടത് കണ്ടപ്പോൾതന്നെ ‘ദേശി’ ആണെന്നുറപ്പിച്ചു. എതിരെ നടന്നുവന്ന മദാമ്മേടെ പട്ടിക്കുട്ടിയെ കൊഞ്ചിക്കാനായി മുന്നോട്ടായുന്നു അവൾ.  യജമാനത്തിയുടെ കാൽകീഴിൽ ചുവന്ന ഉടുപ്പിട്ട് ഗമയിൽ നടന്ന് പുല്ലിൽ കാര്യം സാധിക്കാനുള്ള ഇടം തിരയുകയായിരുന്നു പട്ടിക്കുഞ്ഞ്. അവളെ കണ്ടതും അത് പേടിച്ച് പിന്നിലേക്ക് നീങ്ങി.

‘ഹേയ് നിങ്ങളെന്റെ ബേബിയെ  പേടിപ്പിച്ചു.’ മദാമ്മയുടെ മുഖം കോപം കൊണ്ട് ചുവന്നു.

‘നോ നോ നോ. ഹി ഈസ്‌ സൊ ക്യൂട്ട്. ദാറ്റ്‌സ് വൈ.’ അവളുടെ സോപ്പിൽ പതയാതെ മദാമ്മ പിന്നെയും മുഖം കോട്ടി.

‘നോട്ട് ഹി. ഷീ. ഷീ ഈസ്‌ മായ.’

‘ഓഹ് ഐ ആം സോറി. സോറി മായ. ബൈ.’ ജാള്യത മറച്ചു അവൾ അവിടെനിന്നും രക്ഷപ്പെടുന്നതുനോക്കി രാജലക്ഷ്മി ചിരിയടക്കി.

‘ഹും. മായാന്ന്. വേറെ പേരൊന്നും കിട്ടീല്ലേ?’ രക്ഷപ്പെട്ട് മുന്നോട്ട് നടക്കുമ്പോൾ അവൾ തെലുങ്കിൽ പിറുപിറുത്തു.

‘സ്വന്തം പട്ടിക്ക് ഇന്ത്യ എന്ന് പേരിട്ട ബുഷിന്റെ നാട്ടുകാരല്ലേ.’ പ്രാർത്ഥന നിർത്തി രാജലക്ഷ്മി ചിരിച്ചു.

‘ഹേയ് ആന്ധ്രാക്കാരിയാണോ?’

‘തമിഴ്. പക്ഷെ നിങ്ങളുടെ ഭാഷ കേട്ടാൽ മനസിലാവും.’

‘പാവനി. ഹൈദെരാബാദ്‌. തെലുങ്കാന.’ അവൾ മനോഹരമായി ചിരിച്ചു.

പിന്നെ ഓരോ ദിവസവും പാവനിയുടെ സന്ദേശം കാത്തിരുന്ന് തടാകക്കരയിലേക്ക് നടക്കാനിറങ്ങി. നാട്ടിലെ സീതമ്മച്ചിത്തിയുടെ മകളുടെ ഛായയാണോ അതോ പണ്ടെന്നോ കൂടെ പഠിച്ച മുഖമോ എന്ന് വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ദിവസം ചെല്ലുംതോറും പാവനി അവളുടെ ദിവസങ്ങളെ സുന്ദരമാക്കാനുള്ള ഒരവിഭാജ്യഘടകമായി മാറി.

ഭർത്താവ് ചീത്ത വിളിക്കുമ്പോൾ, അമ്മായിയമ്മ മുഖം കറുപ്പിക്കുമ്പോൾ, കുഞ്ഞുങ്ങൾക്ക് ആവശ്യത്തിനുമാത്രമുള്ള വിളിപ്പേരാവുമ്പോഴൊക്കെ അവൾ കണ്ണ് നിറച്ച് പാവനിക്ക് സന്ദേശമയക്കും. എത്ര തിരക്കിലും ഒരു കുഞ്ഞു ചിരിയോ ഹൃദയചിഹ്നമോ പാവനി മറുപടി അയച്ചിരിക്കും. അതുമതിയായിരുന്നു രാജലക്ഷ്മിയുടെ മനസ് തണുക്കാനും.

സ്വന്തം കാര്യങ്ങൾ പാവനി പറയുന്നത് തമാശ രൂപത്തിലാണ്. കൂടുതൽ കാര്യങ്ങൾ ചൂഴ്ന്നു ചോദിക്കുന്ന സ്വഭാവം രാജിക്കുമില്ലാത്തതിനാൽ പലപ്പോഴായി പുറത്തുവന്ന വാക്കുകൾ കൂട്ടിച്ചേർത്തു മാത്രമാണ് പാവനിയുടെ ജീവചരിത്രം രാജി എഴുതിയത്. മുൻകോപം കൊണ്ട് ഇടക്കിടെ ദണ്ഡചോറ്, പൈത്യം എന്നൊക്കെ വിളിക്കുമെങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാത്ത നാഗരാജൻ കുഞ്ഞുങ്ങളുടെ മുന്നിലിരുന്ന് മദ്യപിച്ച് ചീത്ത വിളിക്കുകയും ചിലപ്പോഴൊക്കെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്യുന്ന പാവനിയുടെ ഭർത്താവിനേക്കാൾ ഭേദമാണ്.

ഒരു വൈകുന്നേരം രാജിക്ക് മുഖംകൊടുക്കാതെ കിതപ്പോടെ നടത്തത്തിന്റെ വേഗത കൂട്ടിക്കൊണ്ടാണ് പറഞ്ഞത്.

‘അദ്ദേഹത്തിന് സ്നേഹോക്കെയാ. എന്ത്‌ ചോദിച്ചാലും വാങ്ങിത്തരും. പിന്നെന്ത്‌  വേണം?’  അവളെ തുടരാനനുവദിച്ചുകൊണ്ട് രാജിയും കുറേകൂടി കൈ വീശി കാൽകൾ നീട്ടിവെച്ചു നടന്നു.

അവരുടെ മൌനത്തിലേക്ക്‌ തിരിഞ്ഞ് പാവനി ഒന്ന് ശബ്ദമിട്ടു ചിരിച്ചു. ‘പക്ഷെ അഞ്ചു പൈസ കയ്യിൽ തരില്ല. ഡ്രൈവിംഗ് പഠിക്കാൻ വിടൂല്ല. തനിച്ച് പുറത്ത് പോവാൻ അനുവാദമില്ല. ജോലിക്കും പോവണ്ട. പരമസുഖം തന്നെ.’ പിന്നെ തിരിഞ്ഞു നടത്തം തുടർന്നു. അവിശ്വസനീയതയോടെ അവളെത്തന്നെ ഉറ്റുനോക്കി നടന്ന രാജിക്ക് അപ്പോഴേക്കും വാക്കുകളും പൂർണ്ണമായും നഷ്ടമായിരുന്നു.

അമേരിക്കയിൽ വന്നയുടനെ രാജലക്ഷ്മിയുടെ ഭർത്താവ് ആദ്യം ചെയ്തത് അവളെ ഡ്രൈവിംഗ് പഠിപ്പിക്കുക എന്നതായിരുന്നു. ജോലി കിട്ടുന്നതുവരെ രാവിലെ കുട്ടികളെയും ഭർത്താവിനെയും കൊണ്ടുവിടുക, കടയിൽ പോയി സാധനങ്ങൾ വാങ്ങുക, വൈകിട്ടും അതെ കാര്യങ്ങളൊക്കെ ചെയ്യുക എന്നതായിരുന്നു അവളുടെ പ്രധാനജോലികൾ. ‘പെമ്പിളൈ ഡ്രൈവിങ്ങിനോട്’ പുച്ഛമാണെങ്കിലും അവളെ വളയത്തിനു പിന്നിലിരുത്താനും അരികിൽ തന്നെയിരുന്ന് വാക്കാൽ വണ്ടിയെയും അവളെയും നിയന്ത്രിക്കാനും അയാൾ എന്നും ശ്രദ്ധിച്ചിരുന്നു. അയാൾ അടുത്തുള്ളപ്പോൾ രാജിക്ക് ആകെ അങ്കലാപ്പാണ്. അപ്പോഴാവും അവൾ കൂടുതൽ തെറ്റുകൾ വരുത്തുന്നത്.

പിന്നെ രണ്ടുപേരും കൂടുതൽ തിരക്കുകളിലേക്ക് കടന്നപ്പോൾ രാജിക്ക് സ്വന്തമായി വാഹനമുണ്ടായി. അയാളുടേതായ വേലയും വിനോദങ്ങളുമായി നാഗരാജനും അവളുടെ മേലുള്ള നിയന്ത്രണവും കുറച്ചു.

‘അല്ലെങ്കിലും ഇപ്പോൾ ആർക്ക് ആരെയാണ് ശ്രദ്ധിക്കാൻ നേരം, രാജീ ? ഇവിടെ എല്ലാവരും അവരവരുടെ ജീവിതമാണ് ജീവിക്കുന്നത്. എന്നും നിന്റെ കയ്യിൽ നിന്ന് നിലാച്ചോറ് വേണമെന്ന് വാശി പിടിക്കുന്ന ഋതുക്കുട്ടി പോലും കുറച്ചു കഴിയുമ്പോൾ നീ വീട്ടിലുണ്ടോ എന്നുപോലും തിരക്കില്ല.’

പാവനി അതുപറയുമ്പോൾ രാജി ചെവി പൊത്തി ഏതോ ശ്ലോകം ഉറക്കെ ചൊല്ലി.

‘എന്റെ രാജിക്കണ്ണേ. ഒരു ദൈവവും നിന്നെ രക്ഷിക്കാൻ വരില്ല. അതാണ് ഇവിടുത്തെ ലൈഫ്. നിനക്കറിയോ ടെക്സസിൽ താമസിക്കുന്ന എന്റെ വല്യമ്മയുടെ മകൾ പതിനെട്ട് വയസ്സായതും സ്വന്തമായി വീടെടുത്തു മാറി. ഏതോ വെള്ളക്കാരൻ ബോയ് ഫ്രണ്ടും കൂടെയുണ്ടെന്നാ കേട്ടത്. അവർക്കതൊന്നും വിഷയമേയല്ല.’

‘ഉം. പക്ഷികളെ പോലെ. ചിറകിന് ബലം വെക്കുമ്പോൾ പറന്നകലും. പക്ഷെ എപ്പടി ഡീ? എത്ര വലുതായാലും ഋതു എന്റെ ചെല്ലക്കുട്ടി അല്ലെ?’

‘അതൊന്നും ആലോചിക്കേണ്ട. എന്തിനും മനസ് തയ്യാറാക്കി വെച്ചോ. ഞാനാണെങ്കിൽ അത്രേം കൂടെ ആലോചിക്കുന്നില്ല. എന്റെ ചെക്കന്മാർ എപ്പഴാണാവോ ഏതെങ്കിലും മദാമ്മയെ കൂട്ടി വരുന്നത്. അവർക്ക് ഇപ്പഴേ അമ്മ വേണമെന്നില്ല.’

അവൾ ആവശ്യത്തിലും ഉറക്കെയുറക്കെ ചിരിച്ചു കണ്ണുനിറച്ചു.

തടാകക്കരയിലെത്തുന്നതുവരെ അന്ന് രണ്ടുപേരും മിണ്ടിയില്ല. ഓളങ്ങളിൽ തെളിഞ്ഞ അനേകം കുഞ്ഞുസൂര്യമുഖങ്ങൾ നോക്കിനിൽക്കുമ്പോൾ അവൾ കയ്യിൽ പിടിച്ചു.

‘എന്തിനാ സങ്കടം? നീയെത്ര ഭാഗ്യവതിയാണ്. നിനക്ക് അടുക്കിവെക്കാനും വേവലാതിപ്പെടാനും എന്തൊക്കെ പ്രശ്നങ്ങളുണ്ട്. വിനായകനെ കണികണ്ട് ദിവസം തുടങ്ങുന്ന നിനക്ക് പത്തുവർഷം കഴിഞ്ഞുള്ള കാര്യങ്ങൾ ഓർക്കാൻ തന്നെ നേരമുണ്ടോ ? വീട്ടുജോലി, ഓഫീസ് ജോലി, മാമിയാർ, പുരുഷൻ, കുട്ടികൾ, പാചകം. ഇതിൽ കൂടുതൽ എന്തുവേണം. സങ്കടപ്പെടാൻ സമയമുണ്ടോ ? അതല്ലേ വേണ്ടത്?’

അവളുടെ യുക്തിയെ ഉൾക്കൊള്ളാൻ ശ്രമിച്ചു രാജി തടാകത്തിലേക്ക് വീണ്ടും തിരിഞ്ഞുനിന്നു.

‘സ്വാതന്ത്ര്യമില്ലായ്മയെപ്പറ്റി  നീ ചിന്തിച്ചിട്ടുണ്ടോ? പോട്ടെ, ഒരുപാട് ലക്ഷ്യങ്ങൾ മനസിലുണ്ടായാലും ഒരു വഴിപോലും തുറക്കാത്ത അവസ്ഥ? ‘

പാവനി പറഞ്ഞു തുടങ്ങിയതെന്തെന്ന് മനസിലായതുകൊണ്ട് രാജലക്ഷ്മി മൗനമായി തലതാഴ്ത്തി. ഒരുകൂട്ടം പേരറിയാപ്പക്ഷികൾ ആരോ വരച്ചിട്ട നേർവ്വരയിലൂടെ ചേക്കേറാൻ വെമ്പി പറന്നുപോയി.

‘ഹേയ് ഹേയ്. ഫീൽ പണ്ണാതെ. ഒരു ഹാപ്പി ന്യൂസ് പറയാം. ഞാൻ ബസ് പാസ് എടുത്തു.  പക്ഷെ സ്വകാര്യം. അദ്ദേഹത്തിന് അറിയില്ല.’

‘എങ്ങനെ?’ അങ്ങനൊരു ഗതാഗതസൗകര്യമുണ്ടെന്ന് അറിയാമെങ്കിലും ഒരിക്കൽ പോലും അതിൽ യാത്ര ചെയ്യേണ്ടതിനെപ്പറ്റി രാജി അന്നേവരെ ചിന്തിച്ചിരുന്നില്ല.

‘അതേയ്. ഇടക്ക് ഓഫീസ് ടൂർ പോവുമ്പോൾ തരുന്ന പൈസയിൽ നിന്ന് കുറച്ചു മിച്ചം പിടിക്കുന്നുണ്ട് ഞാൻ. അതിൽ നിന്ന് ഒപ്പിച്ചു.ഇപ്പോൾ അത്യാവശ്യം സ്ഥലങ്ങളിൽ ഞാൻ തന്നെ പോകും, വീട്ടിലാരുമില്ലാത്തപ്പോൾ.’ എന്നിട്ടവൾ കണ്ണിറുക്കി ചിരിച്ചു.

മരങ്ങൾ ചുവപ്പും മഞ്ഞയും പാർപ്പിളുമൊക്കെയായി നിറങ്ങളുടെ മേള തുടങ്ങിയ കാലത്താണ് ഒരു വൈകുന്നേരം തടാകക്കരയിൽ വെച്ച് വലിയ കോട്ടിന്റെ പോക്കെറ്റിലൊളിപ്പിച്ചു കൊണ്ടുവന്ന പരിപ്പുവട അവളെടുത്തു നീട്ടിയത്.

‘എങ്ങനെയുണ്ട്?’

വായിൽ നിറച്ചുകൊണ്ട് രാജി കൊള്ളാമെന്ന് തലകുലുക്കി.

‘എടുക്കട്ടെ ഒരു അഞ്ചു ഡോളറിന് ?’

‘നീ തുറിച്ചുനോക്കണ്ട . അങ്ങേര് ടൂറിലല്ലേ. ഞാൻ ഒന്നുരണ്ടു പേർക്ക് പലഹാരമുണ്ടാക്കി കൊടുത്തു. കാശും മേടിച്ചു. നിനക്ക് വേണോന്ന് പറ. ഡിസ്‌കൗണ്ട് തരാം എന്റെ ചക്കരത്തോഴിക്ക്.’

പാവനി വീണ്ടും അത്ഭുതമാവുന്നു രാജിക്ക്. ഇളംചൂടുള്ള പരിപ്പുവട ചവച്ചിറക്കി തടാകത്തിലേക്ക് മുഖം തിരിച്ചുനിന്നു അവൾ. കുഞ്ഞു കാറ്റലയിൽ അറിയാതെ കരയിലെത്തിയ  കുഞ്ഞുമീൻ മരണവെപ്രാളത്തോടെ ചാടിച്ചാടി വെള്ളത്തിലേക്ക് വീണു.

ശൈത്യം കുടപിടിച്ചിറങ്ങിയപ്പോൾ നടത്തം മുടങ്ങിയെങ്കിലും ചാറ്റ് വഴിയെങ്കിലും വിശേഷങ്ങൾ പങ്കുവെച്ചു. ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വരുന്നവഴി പാലുവാങ്ങാൻ കടയിൽ കയറിയതാണ്. ഇറങ്ങുമ്പോൾ ആരോ പേരുചൊല്ലി വിളിച്ചതുപോലെ തോന്നി. ബിൽ കൗണ്ടറിന്റെ അപ്പുറത്ത് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന പാവനി. നെറ്റിയിൽ ഭസ്മവും കുങ്കുമവുമുണ്ട്. അമ്പലത്തിൽ പോയതായിരിക്കും. അടുത്തേക്ക് നടക്കുമ്പോഴാണ് അവളിരിക്കുന്ന കൗണ്ടറിനു മുകളിലെ ബോർഡ് ശ്രദ്ധിച്ചത്. പണമിടപാട് നടത്തുന്നിടത്ത് ഇവളെങ്ങനെ?

അപ്പോഴേക്കും എഴുതി പൂരിപ്പിച്ച അപേക്ഷാഫോറം കൈമാറി അവൾ അറിയാവുന്ന ഇംഗ്ലീഷും ആംഗ്യവുമൊക്കെ ഉപയോഗിച്ചു അവരോട് സംസാരിച്ചു എഴുന്നേറ്റു വന്നു.

‘നാട്ടിലേക്ക് കുറച്ചു പൈസ അയച്ചതാണ്.’ രാജിക്ക് മുഖം കൊടുക്കാതെ അത്രയും പറഞ്ഞുകൊണ്ട് അവൾ രാജിയുടെ കാറിനരികിലേക്ക് നടന്നു.

പ്രസാദം നിറഞ്ഞ അവളുടെ മുഖത്തേക്ക് ഇടക്കിടെ ചോദ്യഭാവത്തിൽ നോക്കിയാണ് രാജി വീട്ടിലേക്ക് വണ്ടിയോടിച്ചതെങ്കിലും അവളുടെ ജിജ്ഞാസക്ക് കനം വെക്കുന്നതുവരെ പാവനി മിണ്ടിയതേയില്ല.

ഒടുവിൽ രാജിയുടെ അക്ഷമ മൂന്നു വാക്കുകളായാണ് പുറത്തുവന്നത്.

എന്തെങ്കിലും പറയ് പാവനി.’

‘നമ്മക്കൊരു കോഫി കുടിക്കാം.’

തണുത്ത മേശക്കിരുവശത്തും ഇരിക്കുന്നതുവരെയും പാവനി നാടകീയത നിലനിർത്തി. രാജിക്ക് ക്ഷമകെട്ടു.

‘എന്താ പ്രശ്നം പെണ്ണേ. നീയാർക്കാണ് പൈസ അയച്ചത്? അമ്മക്ക് എന്തേലും?’ മനസിൽ കൂടിനിന്ന ചോദ്യമേഘങ്ങൾക്ക് പെയ്യാൻ അവിടുത്തെ തണുത്ത കാറ്റ് മതിയായിരുന്നു.

പാവനി തികച്ചും ശാന്തയായി പറഞ്ഞുതുടങ്ങി.

ആരുമറിയാതെ ഫേസ്ബുക്കിൽ അജ്ഞാതനാമത്തിൽ അക്കൗണ്ട് തുടങ്ങിയ കാര്യം ഒരിക്കൽ രഹസ്യമായി രാജിയെ അറിയിച്ചിരുന്നതാണ്. അവിടെ പരിചയപ്പെട്ട ഒരാൾ വഴിയാണ് ദിയ എന്ന രണ്ടര വയസുകാരിയെപ്പറ്റി അറിഞ്ഞത്. നാട്ടിലെ ഏതോ അനാഥാലയത്തിലാണത്രെ ആ കുഞ്ഞ്.

‘ഹൃദ്രോഗിയാണ് ഈ മോൾ. വാൽവിന് ഒരു ഓപ്പറേഷൻ വേണം. അതിനാണ് ഞാൻ പൈസ അയച്ചത്.’ പാവനിയുടെ ഫോണിന്റെ സ്‌ക്രീനിൽ ഓമനത്വത്തോടെ ചിരിച്ചു നിൽക്കുന്നത് ദിയമോളാണ്.

അപ്പാർട്ട്മെന്റിൽ ആവശ്യക്കാർക്ക് പലഹാരങ്ങളും പ്രാതലുമൊക്കെ ഉണ്ടാക്കിക്കൊടുത്തും മറ്റും പാവനി ആരുമറിയാതെ സമ്പാദിച്ചത് ഇതിനായിരുന്നു.

‘ഉനക്ക് പെരിയ മനസ് ഡീ.’ വികാര നിർഭരയാവുമ്പോൾ രാജലക്ഷ്മിക്ക് തമിഴിൽ മാത്രമേ സംസാരിക്കാനറിയൂ.

നാട്ടിൽ പോകുന്നതിന്റെ രണ്ടു ദിവസം മുൻപ് മാത്രമാണ് രാജിയും പാവനിയും തമ്മിൽ കണ്ടത്. അതും ഓഫീസിൽ നിന്നും അവളെ തുണിക്കടയിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു പാവനി.

‘പെൺകുഞ്ഞുങ്ങൾക്ക് ഉടുപ്പെടുക്കാൻ എനിക്കറിയില്ല. നീ വന്നേ പറ്റൂ.’

ദിയമോളെ കാണുകയോ അറിയുകയോ ചെയ്തില്ലെങ്കിലും ഒരേയൊരു ചിത്രം കൊണ്ടുതന്നെ രാജിക്കും ആ കുട്ടി പ്രിയങ്കരിയായിക്കഴിഞ്ഞു.

ചാരനിറത്തിലുള്ള നഗ്നമരങ്ങൾക്കിടയിലൂടെ വണ്ടിയോടിക്കാൻ രാജിക്കിഷ്ടമല്ല. ഇല പൊഴിഞ്ഞ മരങ്ങൾക്ക് നിസ്സഹായമായ വാർദ്ധക്യത്തിന്റെ മുഖമാണ്. ശിശിരത്തിന്റെ മൂർദ്ധന്യത്തിൽ വെള്ളപുതച്ചു നിത്യനിദ്ര പോകുന്ന വൃക്ഷാത്മാവ്. പിന്നെയും കാലങ്ങൾ കാത്തിരിക്കണം പുനർജന്മത്തിനായി. വിരസമായി പിന്നിലേക്ക് കടന്നുപോവുന്ന കാഴ്ചകൾക്കൊപ്പം ചിന്തകളും ക്രമമില്ലാതെ വന്നുപോവുന്നു.

നാട്ടിലെത്തിയിട്ട് പാവനി വിളിച്ചില്ല ഇതുവരെ. വിമാനമിറങ്ങാൻ നേരത്തെ സന്ദേശമാണ് ഏറ്റവുമൊടുവിൽ കിട്ടിയത്. ഇന്റർനെറ്റ് പണിമുടക്കിയിട്ടുണ്ടാവും. പരിഭവം തോന്നിയില്ല രാജിക്ക്. എല്ലാവരും നാട്ടിൽ ചെന്നാൽ അങ്ങനെയാണ്. ഓരോ ദിവസത്തിനും പ്രത്യേകം എഴുതിയുണ്ടാക്കിയ പരിപാടികൾ ഉണ്ടാവും ഇവിടെ നിന്നും പോവുന്നവർക്കെല്ലാം. സമയവും അനുകൂലിക്കില്ല.

പാവനി ഇപ്പോൾ അവളുടെ വീട്ടിൽ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുകയാവും.  പാവം, സന്തോഷിക്കട്ടെ. ഒരുപാട് നോക്കിയെടുത്ത ഇളം വയലറ്റ് നിറത്തിലുള്ള ഉടുപ്പ് അവൾ ദിയയെ അണിയിച്ചിട്ടുണ്ടാവും. ദിയമോളുടെ  ഓപ്പറേഷന്റെ സമയം മുഴുവൻ  പാവനിയുടെ ആഗ്രഹം പോലെ പ്രത്യേക പ്രാർത്ഥനാശ്ലോകം ഉരുവിട്ടിരുന്നു രാജി.

വീട്ടിലെത്തി പതിവുജോലികൾ തീർത്തു വെറുതെ സോഫയിൽ ചടഞ്ഞിരുന്നു. മാമിയാർ ഏതോ പരമ്പരയിൽ മുഴുകി കണ്ണീരൊഴുക്കുന്നു. കുട്ടികൾ അവരുടെ മുറിയിൽ. നാഗരാജൻ പതിവുപോലെ മുകളിലെ മുറിയിൽ ഏതോ രാജ്യത്തെ ആൾക്കാരുമായി ബിസിനസ്സ് ചർച്ചകളിലാണ്. ഫോണിൽ പരതുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല രാജിക്ക്.

പാവനിയുടെ സന്ദേശം ശബ്ദിച്ചു പെട്ടെന്ന്. ആശുപത്രിക്കിടക്കയിൽ ദിയയുടെ അരികിൽ അവൾ, സുസ്മേരവദനയായി.

‘ഞാനിവളെയങ്ങ്‌ സ്വന്തമാക്കി, രാജി..നിന്റെ പ്രാർത്ഥനകളൊന്നും വെറുതെയായില്ല.’

കുറേനേരം ആ ചിത്രത്തിൽത്തന്നെ ഉറ്റുനോക്കിയിരുന്ന്, പിന്നെ കണ്ണുകൾ ഇറുക്കെ പൂട്ടി രാജലക്ഷ്മി ഏതോ ദൈവസ്തുതി ഉറക്കെ ചൊല്ലി.

ആദ്യ കഥാസമാഹാരം മാതായനങ്ങൾ. ശിവകാമി എന്ന പേരിൽ ബ്ലോഗ് എഴുത്തുന്നു. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സജീവം. മഴവിൽ എഫ് എമ്മിൽ റേഡിയോ ജോക്കിയുമാണ്. അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്നു. പാലക്കാട് അയലൂർ സ്വദേശി.