ഒരു പ്രതിമയുണ്ടായിരുന്നു. നഗരത്തിന്റെ ഒത്തനടുക്ക്. ആരാലും ശ്രദ്ധിക്കപ്പെടാതെ നഗരത്തിന്റെ തിരക്കിൽ ഒറ്റയ്ക്കങ്ങിനെ നിൽക്കുകയാണു. മൂന്നിടങ്ങളിലേക്ക് മുറിച്ചു പോകുന്ന റോഡുകളുടെ നടുവിലായിട്ടായിരുന്നു അത്. കയ്യിലൊരു വയസ്സൻ കാലൻ കുടയുണ്ട്. മഴ വന്നാലും വെയിലു വന്നാലും പ്രതിമ കുട ചൂടാറില്ല. പ്രതിമയല്ലെ. വല്ലോരും വല്ലോം വിചാരിച്ചാല്ലോ?
എത്ര വെയിൽ കൊണ്ടാലും വിയർത്താലും ഏതു മഞ്ഞു വീഴ്ചയിൽ കാതടഞ്ഞു പോയാലും കഴുത്തിലണിഞ്ഞ പുതപ്പ് പ്രതിമ കൈകൾ കൊണ്ട് തൊടാറില്ല. അതൊരു മഹാന്റെ പ്രതിമയാണു. എന്നാൽ ആ മഹത്വം ഋതുക്കൾ ശിലാഫലകങ്ങളിൽ നിന്നും മായ്ച്ചു കളഞ്ഞിട്ട് കാലമേറെയാകുന്നു. ഇന്ന് നഗരത്തിന്റെ വെറുമൊരു അടയാളം മാത്രമാണു ഇന്ന് ആ പ്രതിമ.
പ്രതിമയുടെ അടുത്ത് നിന്നും ഇടത്തോട്ടുള്ള വഴി, പ്രതിമ എത്തുന്നതിനു മുമ്പ്, പ്രതിമ കഴിഞ്ഞാൽ വലത് ഭാഗം… ആളുകൾ പ്രതിമയെന്ന അടയാളം കൊണ്ട് സമവാക്യങ്ങൾ നിർമ്മിച്ചു കൊണ്ടേയിരുന്നു. മാറി മാറി വരുന്ന ഋതുക്കളെ പ്രതിമ തന്റെ ഉടലിലേക്ക് ആവാഹിച്ചു. ഋതുക്കളുടെ ആരംഭം തന്നിൽ നിന്നാണെന്ന് പ്രതിമയ്ക്ക് പലപ്പൊഴും തോന്നി.
നഗരത്തിന്റെ തിരക്കിനിടയിൽ ആരും തന്നെ പ്രതിമയെ ശ്രദ്ധിച്ചിരുന്നില്ല. പതിവു നഗരയാത്രികർ പ്രതിമയെന്ന അടയാളത്തിൽ നോട്ടം പോലുമെറിയാതെ കടന്നു പോയി. പുതിയ കാഴ്ചക്കാർക്കാണെങ്കിൽ പഴകി പൊടിപിടിച്ചു കിടന്ന ആ പ്രതിമയിൽ കാര്യമായ പുതുമയൊന്നും തന്നെ ദർശിക്കാൻ കഴിയാതിരുന്നതിനാൽ അവരും അവഗണിച്ചു.
പ്രതിമയുടെ സാധാരണ ഒരു ദിവസം ഇങ്ങിനെയാണു,
രാവിലെ നഗരം മുറിച്ചു കടന്നു പോകുന്ന ഏതോ തീവണ്ടിയൊച്ചയിൽ കൃത്യമായി ഉണരുന്ന അങ്ങാടിക്കുരുവികൾ തലയിലും കഴുത്തിലും വന്ന് തൂറാൻ തുടങ്ങും. കണ്ണടയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന തീട്ടം പ്രതിമയെ അഗാധമായ ഇരുട്ടിലേക്ക് തള്ളി വിടും. അങ്ങാടിക്കുരുവികൾ സ്ഥലം വിടുന്നതോടു കൂടി നഗരൻ ഉണർന്നു തുടങ്ങിയിട്ടുണ്ടാകും. കൂലിപ്പണിക്ക് പോകുന്ന ആളുകൾ പ്രതിമയുടെ ചോട്ടിൽ വന്നിരുന്ന് അവർക്ക് വരാനുള്ള വണ്ടി കാത്തു നിൽക്കും. കത്തിച്ചു വലിച്ച ബീഡിക്കുറ്റി ചോട്ടിൽ ഉപേക്ഷിച്ച് അവർ പോകുന്നതോടു കൂടി നഗരം പതുക്കെ തിരക്കിലമരാൻ തുടങ്ങും. ഉറുമ്പിൻ പറ്റങ്ങളെപ്പോലെ മനുഷ്യർ പ്രത്യക്ഷപ്പെടും.
കടന്നു പോകുന്ന ബസ്സിൽ നിന്നും ആരെങ്കിലും നീട്ടിത്തുപ്പിയാൽ അത് കൃത്യമായി പ്രതിമയുടെ ദേഹത്ത് വന്നു വീഴും. അക്കാര്യത്തിൽ അവരുടെ കൃത്യതയെ അനുമോദിക്കണമെന്ന് പ്രതിമയ്ക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്. പിന്നീട് നഗരത്തിന്റെ മനം മടുപ്പിക്കുന്ന കാഴ്ചകളിലേക്ക് മിഴി പായിച്ച് പ്രതിമ ഒറ്റ നിൽപാണു.
അടുത്തെവിടെയോ ഒരു വലിയ ഗവ: ഓഫീസുണ്ടെന്ന് പ്രതിമയ്ക്കറിയാം. പലദിവസങ്ങളിലും ആൾക്കൂട്ടം പലനിറത്തിലുള്ള കൊടികളും മുദ്രാവാക്യങ്ങളുമൊക്കെയായി വന്നു ചേരുന്നത് പ്രതിമയുടെ ചോട്ടിലായിരിക്കും. സമരങ്ങൾ ഇടയ്ക്കൊക്കെ പ്രതിമയ്ക്ക് ആവേശം നൽകുന്നൊരു കാഴ്ചയാണു. ഒരു ദിവസം പൊലീസും ആൾക്കൂട്ടവും തമ്മിൽ നടന്ന അടിപിടിയിൽ ഉയർന്ന് വന്നൊരു കല്ല് കൃത്യമായി പ്രതിമയുടെ കണ്ണിന്റെ വലതു ഭാഗത്ത് കൊണ്ട് അവിടം ചിതറിപ്പോയിട്ടുണ്ട്. ശേഷം പ്രതിമ സമരങ്ങളിൽ അത്ര ആവേശം കാണിച്ചിട്ടില്ല.
വൈകുന്നേരം വരെ പ്രതിമയ്ക്ക് മനം മടുപ്പിക്കുന്ന കാഴ്ചകളാണു. പതിവു തെറ്റാതെ കടന്നു പോകുന്ന വാഹനങ്ങൾ, ആൾക്കാർ, ഇടയ്ക്കൊക്കെ നടക്കുന്ന ചെറുതും വലുതുമായ അപകടങ്ങൾ. പലപ്പോഴും പ്രതിമ കണ്ണുകളിറുക്കിയടച്ച് ഇരുട്ടിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു പോയി.
നഗരത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ച വൈദ്യുത വിളക്കു കാലുകളിൽ വെളിച്ചം വീഴാൻ തുടങ്ങുന്നതോടെ പ്രതിമ നിമിഷങ്ങളെണ്ണി തിട്ടപ്പേടുത്താൻ തുടങ്ങും. രാത്രിയിലെ നഗരം കാണാൻ രസമാണെന്ന് പ്രതിമയ്ക്ക് തോന്നാറുണ്ട്. നക്ഷത്രങ്ങളാൽ ആകാശവും സമ്പന്നമാണെങ്കിൽ പ്രതിമ ശരിക്കും റൊമാന്റിക് മൂഡിലാവും.
രാത്രി കഴിയുന്നതോടെ നഗരം തിരക്കിൽ നിന്നും തിരിച്ചിറങ്ങാൻ തുടങ്ങും. ആഘോഷദിവസങ്ങളിലൊഴിച്ച് നഗരം പലപ്പൊഴും രാത്രി ഒമ്പതാകുന്നതോടെ വാഹനങ്ങളുടെ മുരൾച്ചകളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും മുക്തമായിത്തുടങ്ങും. എവിടെ നിന്നോ ഒരു നായ വരികയും പ്രതിമയുടെ ചുവട്ടിൽ ചുരുണ്ടു കിടക്കുകയും ചെയ്യും. ഈ അടുത്ത കാലത്തായിട്ടാണു നായ ആ പതിവു തുടങ്ങിയത്. അപ്പൊഴേക്കും ഒരു തട്ടുകടക്കാരൻ പ്രതിമയുടെ നേരെ മുമ്പിലായി വന്നു നിൽക്കും. അയാൾക്ക് നല്ല കൈപുണ്യമുണ്ടെന്ന് പ്രതിമ മനസ്സിലാക്കിയെടുത്തിട്ടുണ്ട്. അല്ലെങ്കിൽ ഇത്രയും പേർ വൈകും വരെ അയാളുടെ കട അന്വേഷിച്ച് വരില്ലല്ലോ. ബീഫ് കറിയുടെയും, എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങളുടെയും മണം പ്രതിമയ്ക്ക് ചുറ്റിലുമായ് പരന്നൊഴുകാൻ തുടങ്ങും. അപ്പൊഴേക്കും നായ ഉറക്കം അവസാനിപ്പിച്ച് ആൾക്കാരുടെ കാലുകൾക്കിടയിലൂടെ മണപ്പിച്ചു നടക്കാൻ തുടങ്ങിയിട്ടുണ്ടാകും. അയാൾ കൂടെ അവിടം വിടുന്നതോടെ നഗരത്തിൽ പ്രതിമ തനിച്ചാകുന്നു.
പിന്നീടുള്ള നിമിഷങ്ങൾ പ്രതിമയ്ക്ക് കാത്തിരിപ്പിന്റേതാണ്. നിമിഷങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി അവൾക്കായുള്ള കാത്തിരിപ്പ്. അവൾ വരുന്നതോടു കൂടി പ്രതിമ നീണ്ട ഏകാന്തതയിൽ നിന്നും മുക്തി പ്രാപിക്കുകയാണു. നഗരത്തിന്റെ മനം മടുപ്പിച്ച കാഴ്ചകളെ അവളുടെ വരവോടു കൂടെ പ്രതിമ ഉപേക്ഷിച്ചിട്ടുണ്ടാകും. എവിടെ നിന്നെറിയില്ല, അപരിചിതമായ ഏതെങ്കിലുമൊരു വണ്ടിയിൽ കൃത്യസമയത്ത് അവൾ പ്രതിമയുടെ അരികിൽ വന്നിറങ്ങും. എന്നിട്ട് പ്രതിമയുടെ ചോട്ടിൽ വന്നിരുന്ന് അരക്കെട്ടിനിടയിൽ നിന്നും ഒരു സിഗരേറ്റെടുത്ത് കത്തിച്ച് അന്നത്തെ ദിവസത്തെക്കുറിച്ച് പ്രതിമയോട് പറയാൻ തുടങ്ങും.
‘ഇന്ന് ഞാനൊരു പൊലീസുകാരന്റെ കൂടെയായിരുന്നു.’
രണ്ട് ദിവസം മുന്നേ അയാളായിരുന്നു എന്നെ ലോഡ്ജിൽ നിന്നും പിടിച്ചത്.’
‘ഇന്ന് കുറേ പയ്യന്മാരുടെ കൂടെയായിരുന്നു.’
‘ഇന്നൊരു രാഷ്ട്രീയക്കാരന്റെ കൂടെയായിരുന്നു. അയാൾ പകൽ വലിയ സദാചാരവദിയാണ്.’
അങ്ങനെയാണവൾ പറഞ്ഞു തുടങ്ങുക. പറഞ്ഞു തീരുമ്പോൾ പരിഹാസരൂപേണ അവൾ ഉറക്കെ ചിരിക്കാൻ തുടങ്ങും.
‘നിങ്ങൾക്കൊരു ബീഡി കത്തിക്കട്ടെ?’
ഇടം കണ്ണുകൊണ്ട് പ്രതിമയുടെ കണ്ണിലേക്കൊരു നോട്ടമെറിഞ്ഞ് അവൾ ചോദിക്കും.
‘നിങ്ങൾ വലിയ ആളല്ലേ ബീഡിയൊന്നും വലിക്കൂലായിരിക്കും. അതാണല്ലോ നിങ്ങളെ ഇവിടെയിങ്ങനെ പ്രതിഷ്ഠിച്ചത്. നമ്മളൊക്കെ ചത്ത് കഴിഞ്ഞാൽ ഓർമ്മിക്കാൻ പോലും ആരും കാണില്ല.’
പ്രതിമയ്ക്ക് അവളോടൊപ്പം ചേർന്ന് കുറേനേരം ഇരിക്കണമെന്ന് പലപ്പൊഴും തോന്നിയിട്ടുണ്ട്. അടുത്ത ചോദ്യത്തോടെ പ്രതിമയിൽ വല്ലാതൊരസ്വസ്ഥത പടർന്നു കയറാൻ തിടങ്ങും.
‘നിങ്ങൾക്കെന്നെ വേണോ? കാശൊന്നും തരണ്ട. പക്ഷേ ഒരു ദിവസം മുഴുവൻ എന്നെ നിങ്ങളോട് ചേർത്ത് പിടിച്ച് ഈ നഗരത്തിൽ അങ്ങനെ നിൽക്കണം. നിങ്ങളെപ്പോലൊരു പ്രതിമയായിരുന്നെങ്കിൽ.’
പോകുന്നതിനു മുമ്പ് അവൾ ഒരു സിഗരറ്റ് കൂടെ കത്തിച്ച് പുകച്ചുരുളുകളെ ആകാശക്കോട്ടകളിലേക്ക് വിടും. പുകച്ചുരുളുകൾ അവളുടെ രൂപം പ്രാപിച്ച് തന്നെ വിഴുങ്ങുന്നതു പോലെ പ്രതിമയ്ക്ക് തോന്നും. സംസാരിക്കണമെന്ന് ആഗ്രഹിച്ച് സംസാരിക്കാൻ തുടങ്ങുമ്പൊഴേക്ക് തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയ അവസ്ഥയിൽ ശബ്ദം പുറത്തേക്ക് വരാതെ നിൽക്കും. അവളുടെ മണം മൂക്കിലേക്കിരച്ചു കയറി പ്രതിമയിൽ വല്ലാത്തൊരു അസ്വസ്ഥത പടർന്നു കയറി നിന്ന നിൽപിൽ നിന്നും ഉയരുന്നതു പോലെ അനുഭവപ്പെടാൻ തുടങ്ങുമ്പോഴേക്കും അവളവിടം വിട്ടിട്ടുണ്ടാകും. പിന്നെയും പ്രതിമ ഏകാന്തതയുടെ ചുരങ്ങളിലേക്ക് തിരികെയിറങ്ങാൻ തുടങ്ങും. നഗരത്തെ മുറിച്ചു കൊണ്ട് ആ തീവണ്ടി കടന്നു പോകും. അങ്ങാടിക്കുരുവികളുണരും. നഗരമുണരും. പതിവു കാഴ്ചകളിലേക്ക് നഗരം മടങ്ങാൻ തുടങ്ങും. ആരോ കറക്കുന്ന യന്ത്രം പോലെ ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും കറങ്ങി വീഴും.
അന്നൊരു വല്ലാത്ത ദിവസമായിരുന്നു പ്രതിമയ്ക്ക്. ഇടതു ഭാഗത്തെ റോഡിലൂടെ ചീറി വന്ന കാർ ഒരു അമ്മയുടെയും കുഞ്ഞിന്റെയും മാംസപിണ്ഡങ്ങൾ ചിതറിത്തെറിപ്പിച്ച് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു പോയി. റോഡിൽ ചോര തളം കെട്ടിക്കിടന്നു. കുഞ്ഞിന്റെ അറ്റു പോയ കൈകൾ പ്രതിമയുടെ ചോട്ടിൽ വന്നു വീണു. പ്രതിമ കണ്ണുകളിറുക്കിയടച്ചു. ആരൊക്കെയോ വന്ന് മാംസക്കഷ്ണങ്ങൾ പെറുക്കിക്കൊണ്ട് പോയി. റോഡിൽ ചോര കട്ടപ്പിടിച്ചു. പ്രതിമയ്ക്ക് ഒന്നുറക്കെ കരയാൻ തോന്നി. നഗരമധ്യത്തിൽ തന്നെ പ്രതിഷ്ഠിച്ചവരോട് വല്ലാത്ത ദേഷ്യം തോന്നി. പതിവുകൾ തെറ്റിച്ച ദിവസമായിരുന്നു അന്ന്. നായ വന്നില്ല. ഉന്തുവണ്ടി തള്ളി കച്ചവടക്കാരനും വന്നില്ല. ആളുകൾ അയാളെത്തിരഞ്ഞ് വന്ന് കാണാതെ നിരാശരായി മടങ്ങി. അന്നവളും വന്നില്ല. അസ്വസ്ഥതയുടെ മയിൽക്കുറ്റിയിൽ പ്രതിമ ഒറ്റയ്ക്കിരുന്നു.
പതിവു പോലെ തീവണ്ടി നഗരം മുറിച്ചു കടന്നു പോയി. ആ തീവണ്ടിയിൽ കയറി ആളില്ലാത്ത ഒരിടത്ത് ചെന്നിറങ്ങിയിരുന്നെങ്കിൽ. കാഴ്ചകൾ മടുത്ത് മനം വീത്തിരിക്കുന്നു. പോയ പകലിൽ പ്രതിമ ഒന്നിലും ശ്രദ്ധ കൊടുത്തില്ല. വൈകുന്നേരം പതിവു പോലെ അവളെ കാത്തിരുന്നു.
രാത്രി വിളക്കുകൾ തെളിഞ്ഞു.
നായ വന്നു.
കച്ചവടക്കാരൻ വന്നു.
ആൾക്കൂട്ടവും വന്നു.
എന്നാൽ അവൾ വന്നില്ല.
അന്നാദ്യമായി പ്രതിമ കഴുത്തിലണിഞ്ഞ പുതപ്പു കൊണ്ട് മുഖത്തൂറിയ വിയർപ്പ് തുടച്ചു. അർദ്ധരാത്രിയിൽ കുട ചൂടി. ഓരോ വഴിയിലേക്കും പ്രതിമ ഇടയ്ക്കിടെ കണ്ണെറിഞ്ഞു. നിശബ്ദതയെ കീറി മുറിച്ച് അപരിചിതമായ ഒരു വണ്ടിയും വന്നില്ല. പിറ്റേന്നത്തെ പകൽ മുഴുവൻ പ്രതിമ അവളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു. ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ച്. അവളുടെ ഗന്ധത്തെക്കുറിച്ച്. അതൊന്നുമില്ലാതെ കടന്നു പോയ നിർവ്വികാരമായ രണ്ടു ദിവസങ്ങളെക്കുറിച്ച്. ആലോചനകൾക്കൊടുവിൽ അവൾ വരേണ്ടുന്ന സമയമായപ്പോൾ പ്രതിമ റോഡിലേക്ക് മാറി മാറി കണ്ണെറിഞ്ഞു.
ഒടുവിൽ, അക്ഷമനായി അവളെത്തിരഞ്ഞ് പ്രതിമ രാത്രി നഗരത്തിലേക്കിറങ്ങി. തിരക്കൊഴിഞ്ഞ നഗരത്തിലൂടെ പതുക്കെ നടന്നു. ഒന്നു രണ്ട് വാഹനങ്ങൾ പ്രതിമയെ കടന്നു പോയി. വിരലിലെണ്ണാവുന്ന രാത്രി സഞ്ചാരികളും. അവരാരും തന്നെ പ്രതിമയെ ശ്രദ്ധിച്ചില്ല. അന്നാദ്യമായാണു പ്രതിമ ആ നഗരത്തെ കാണുന്നത്. റോഡു വക്കിൽ പുതച്ചു കിടന്നിരുന്ന ആളുകൾ. രാത്രി സ്വാതന്ത്ര്യം ആഘോഷമാക്കുന്ന തെരുവു നായ്ക്കൾ. തണുത്ത കാറ്റ് പ്രതിമയെ കടന്നു പോയി.
എവിടെയായിരിക്കും അവൾ താമസിക്കുന്നത്? അവൾ പലപ്പൊഴായി പറഞ്ഞ അടയാളങ്ങൾ പ്രതിമ ഓർത്തെടുക്കാൻ തുടങ്ങി. റെയിൽപാളം മുറിച്ചു കടന്നാൽ ഒരു പാർട്ടി ആപ്പീസ് കാണാം. തീവണ്ടിയുടെ ഒച്ച കേട്ടപ്പോൾ പ്രതിയ്ക്ക് അവളെപ്പൊഴോ പറഞ്ഞത് ഓർമ്മ വന്നു. ഗേറ്റ് മുറിച്ചു കടക്കുമ്പോൾ ഒരു തീവണ്ടി ഇരുട്ടിനെ മുറിച്ച് പ്രതിമയെ കടന്നു പോയി. ഒരിക്കലും അവസാനിക്കാത്ത ഒരു തീവണ്ടി യാത്രയെക്കുറിച്ച് പ്രതിമ അറിയാതെ ഓർത്തു. നാടും നഗരവും മലകളും പുഴകളും കടന്നു എങ്ങോട്ടെന്നില്ലാതെ പോകുന്ന ഒരിക്കലും അവസാനിക്കാത്തൊരു തീവണ്ടി യാത്ര.
പാർട്ടി ആപ്പീസ് പിന്നിടുമ്പോൾ പ്രതിമ വീടിന്റെ അടയാളം തിരയാൻ തുറങ്ങി. വീടിനു മുമ്പിൽ നിൽക്കുമ്പോൾ പ്രതിമ ആദ്യമൊന്ന് ശങ്കിച്ചു. വാതിലിൽ മുട്ടണോ? പ്രതിമ അൽപനേരം അങ്ങനെ നിന്നു. പിന്നെ രണ്ടും കൽപിച്ച് വാതിൽ മുട്ടി.
വാതിൽ തുറന്നപ്പോൾ അമ്പരപ്പോടെയാണു അവൾ പ്രതിമയെ നോക്കിയത്. പ്രതിമ അവളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി.
‘രണ്ട് ദിവസമായി കാണഞ്ഞിട്ട് തിരഞ്ഞു വന്നതാണു.’
പ്രതിമ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അവൾ പ്രതിമയെ നോക്കി. എന്നിട്ട് കയറിയിരിക്കാൻ പറഞ്ഞു. ഇരിക്കാനായി ഒരു മരബെഞ്ചും നീക്കിയിട്ടു കൊടുത്തു. അവൾക്കത് ആദ്യത്തെ അനുഭവമായിരുന്നു. ആദ്യായിട്ടാണു അത്രയും സ്നേഹപൂർവ്വം ഒരാൾ തന്നെ അന്വേഷിച്ചു വരുന്നതെന്ന് അവൾ ഓർത്തു. അവളിട്ടു കൊടുത്ത കട്ടൻ കാപ്പി ഊതിയൂതി കുടിക്കുമ്പോൾ പ്രതിമയുടെ കണ്ണു അവളുടെ അരക്കെട്ടിലായിരുന്നു.
‘എനിക്കൊരു ബീഡി കത്തിക്കുവോ ?’ പ്രതിമ ചോദിച്ചു.
‘ഇങ്ങളു ബീഡി വലിക്കുവോ ?
ജനാലയ്ക്കരികിൽ വെച്ചിരുന്ന അളുവിൽ നിന്ന് ബീഡിയെടുത്ത് കത്തിച്ചു കൊടുക്കുമ്പോൾ അവൾ ചോദിച്ചു. മറുപടിയായി പ്രതിമ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ജനലിനപ്പുറത്തു നിന്നും നേരിയ നിലാവു മുറിയിലേക്കിറങ്ങി പ്രതിമയുടെ പ്രണയത്താൽ ആ ഒറ്റമുറി വീട്ടിൽ പരന്നൊഴുകി. അവൾ പ്രതിമയോട് ചേർന്നിരുന്നു. കണ്ണിനു മുകളിലെ മുറിപ്പാടിൽ വിരലോടിച്ചു കൊണ്ട് എന്തു പറ്റിയതാണെന്ന് ചോദിച്ചപ്പോൾ പ്രതിമ ആ കഥ പറഞ്ഞു കൊടുത്തു. അവൾ ചിരിച്ചു. ആ ചിരിയിൽ അലിഞ്ഞില്ലാതാവാൻ പ്രതിമ അറിയാതെ ആശിച്ചു.
‘എനിക്കൊന്ന് കെട്ടിപ്പിടിക്കണമായിരുന്നു.’ അവളുടെ കണ്ണുകളിലേക്ക് നോക്കി പ്രതിമ പറഞ്ഞു.
‘രണ്ടു ദിവസമായി എനിക്ക് നല്ല പനിയായിരുന്നു. അതുകൊണ്ട് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. ഞാനാകെ മുഷിഞ്ഞിരിക്കുന്നു.’
സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ട് അവൾ പറഞ്ഞു തീരുമ്പോഴേക്കും പ്രതിമ അവളെ കെട്ടിപ്പിടിച്ചിരുന്നു. അവർ പരസ്പരം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. നിമിഷങ്ങൾ പതുക്കെയൂർന്നു പോയി.
ഉണരുമ്പോൾ മുറിയിൽ വെളിച്ചം അരിച്ചരിച്ച് വീഴാൻ തുടങ്ങിയിരുന്നു. പ്രതിമ അവളിലേക്ക് തന്നെ നോക്കി. ഒരു കൈക്കുഞ്ഞിനെപ്പോലെ അവൾ മാറിൽ വീണു മയങ്ങുന്നു. പ്രതിമ അവളെ ഉണർത്താതെ പതുക്കെ എഴുന്നേറ്റു. കുടയെടുത്ത് കഴുത്തിന്റെ കോളറിൽ തൂക്കി. ശേഷം അവളെ കൈകളിലേക്ക് വാരിയെടുത്ത് പുറത്തേക്കിറങ്ങി. വൈദ്യുത വിളക്കുകൾ അണഞ്ഞിരുന്നു. വെളിച്ചം വീണു തുടങ്ങിയ നഗരത്തിലൂടെ പ്രതിമ അവളെയും കൊണ്ട് നടന്നു. നഗരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഒറ്റപ്പെട്ട മനുഷ്യജീവികളാരും പ്രതിമയെ ശ്രദ്ധിച്ചേയില്ല.
പ്രതിമ അവളെയും കൊണ്ട് തൽസ്ഥാനത്ത് പോയി നിന്നു. നഗരമുണർന്നു. പതിവു തെറ്റാതെ നഗരയന്ത്രം ആരോ കറക്കി. പ്രതിമയുടെ മാറ്റത്തെ ആരോ കണ്ടെത്തിയതോടെ, അവളെ തിരിച്ചറിഞ്ഞതോടെ പ്രതിമ ആക്രമിക്കപ്പെടാൻ തുടങ്ങി.നഗരം മുഴുവൻ ഒറ്റക്കണ്ണായി പ്രതിമയെ കത്തിച്ചു കളയാൻ വെമ്പൽ കൊണ്ടു. ആക്രമണത്തിൽ പ്രതിമയുടെ വലതു കണ്ണു തകർന്നു. ഏതോ കിറുക്കൻ ശിൽപി പ്രതിമയെ നശിപ്പിച്ചതാണെന്നും പ്രതിമ മാറ്റണമെന്നും സംസാരങ്ങൾ വന്നു. പ്രതിമ അതൊന്നും ശ്രദ്ധിക്കാതെ പകൽമാന്യന്മാരുടെ പരിഹാസങ്ങൾ ഏറ്റു വാങ്ങി പഴയതിലും പ്രതാപത്തോടെ നില കൊണ്ടു. പ്രതിമയ്ക്ക് ചൂടോ തണുപ്പോ ഏകാന്തതയോ അനുഭവപ്പെട്ടില്ല. അവൾ പ്രതിമയ്ക്ക് പച്ചമനുഷ്യരുടെ കഥകൾ പറഞ്ഞു കൊടുത്തു. ബീഡി കത്തിച്ചു കൊടുത്തു. അവർ ഒരുമിച്ചിരുന്ന് ബീഡി പുകച്ചു.
നഗരം വീണ്ടും പ്രതിമയെ ഉപേക്ഷിച്ചു.
ഒരിക്കൽ പ്രതിമ അവളോട് നെഞ്ചിൽ കൈവെയ്ക്കാൻ പറഞ്ഞു. അവൾ തന്റെ കൈകൾ പ്രതിമയുടെ നെഞ്ചിലേക്ക് വെച്ചു. എവിടെ നിന്നെന്നറിയാതെ ഒരു മഴത്തുള്ളി അവളുടെ കൈകളിലേക്കു വീണു. പ്രതിമ പറഞ്ഞു:
‘ഇതാ… മഴ വരുന്നു. നമുക്ക് നനയാം.