മഴക്കീറുകൾ

അകമാകെ ചാറിപെയ്തത്
മഴയല്ല പേമാരിയെന്ന്,
വേരു ചീഞ്ഞൊരോർമ്മ.

മഴയല്ലത് കൊടുങ്കാറ്റെന്ന്
ചില്ലയൊടിഞ്ഞൊരു
കനവിൻ പൂമരം.

മഴയല്ലത് മിന്നലിൻ തീയാട്ടമെന്ന്
തലക്കൊമ്പ് കരിഞ്ഞൊരു
പ്രണയത്തിൻ കല്പവൃക്ഷം.

എത്ര രാവുകൾ പെയ്ത  
കണ്ണീർ മഴയാലേ
ഞാനാറ്റിക്കുറുക്കിയെടുത്തെന്നെ.

എത്ര പകലുകൾ തൻ
വെയിലുഷ്ണങ്ങളാലെ
ഞാൻ വറ്റിച്ചെടുത്തെന്നെ.

ഇനിയില്ലായിനിയില്ലായെന്ന്
ഭൂമിയോടെതിരിട്ടെത്ര വട്ടം
വീമ്പു പറഞ്ഞ്, തെളിഞ്ഞു ചിരിച്ചൂ
കുഞ്ഞി മേഘം .

എന്നിട്ടോ
കരിഞ്ഞുപോയ ഓർമ്മക്കാടുകളുടെ
നീലിച്ച നെറുകയിൽ മുഖമമർത്തി
വയ്യെനിക്കെന്നാർത്തലച്ചലിഞ്ഞിറങ്ങീ
കുഞ്ഞി മേഘം.

പെയ്തടങ്ങാതെ തിരിമുറിയാതെ
ഉള്ളുലച്ചുടലുലച്ചാർത്തലച്ച് പെയ്തൂ
കുഞ്ഞി മേഘം.

ഉടൽപുഴയുടെ നനഞ്ഞ തണുപ്പാഴങ്ങളിലത്
പള്ളത്തിപോൽ പുളച്ചു.
ഉയിർ വെയിലിൽ നിറഗർഭത്തിലത്
മരീചികപോൽ തുള്ളിയാർത്തു.

മഴയേ.. നീ മുങ്ങി മരിച്ചതെന്റെ
സീമന്തരേഖയുടെ കടുംചുവപ്പിൽ
നീ പുനർജ്ജനിച്ചതെന്റെ ചുവന്ന
ഉടലാഴത്തിൽ…..

നീ മേഘമായിപെരുത്തതെന്റെ
ഉയിരാകാശത്തിൽ
നീ പെയ്തുമറിഞ്ഞതെന്റെ
കനവടങ്ങാ തിരപ്പടർപ്പിൽ.

നിന്റെ ജലസമൃദ്ധിയിലടഞ്ഞു പോയതെന്റെ
പ്രാണന്റെയൊഴുക്കുകൾ.
ഞാനാകെ മുങ്ങിപ്പോയ
മഴനിറവിലെന്റെ ജലസമാധി.

മഴപാതാളത്തിലുയിരൊഴി –
ഞ്ഞെന്റെ നിശബ്ദ നിദ്ര.
എന്നിലെ ജനിക്കുമെന്നിലെ
മൃതിക്കുമൊരേ മഴത്താളം.

എന്നിട്ടുമെന്തേ മഴേ
മൃതിയുടെ മേഘ കവാടത്തിൽ
കണ്ടിട്ടെന്നിലെ
മഴക്കീറുകളെ നീയറിഞ്ഞീല.?

തിരുവനന്തപുരം ജില്ലയിൽ ആര്യനാട് സ്വദേശിനി. സർക്കാർ ജീവനക്കാരിയാണ്