മൗനത്തിന്റെ ഭാഷണം

മിഴികൾ പൂട്ടുക, ചൂളംകുത്തും കാറ്റിൽ
കുന്നിലെപ്പൂവുകളുടെ നൃത്തം,
ഉള്ളത്തിൽ കാണുക.

വെയിൽപ്പച്ചയിൽ നിഴൽ വീഴ്ത്തും,
മരങ്ങളിൽ ഇലകളുടെ മർമ്മരം കേൾക്കുക.

കണ്ണടച്ചിരിക്കുമ്പോൾ,
തെളിയും ഗോത്രസ്വപ്നത്തിൽ ,
കരിയിലകളുടെ ചിലമ്പൊച്ചകൾ.
മഴകളില്ലാത്ത കാലത്തെ,
കരിപിടിച്ച മൗനങ്ങളുടെ താഴ്വരകളിൽ,
വിരിയാൻ കൊതിച്ച പൂവുകളുടെ ചിരിപ്പൊങ്കൽ.

ഓർമ്മകളിൽ ലഹരിയേറുന്നു,
ബാല്യത്തിൽ പിഞ്ഞിപ്പോയ
ബന്ധങ്ങളുടെ നൂലിഴകൾ എങ്ങോട്ടോ വലിക്കുന്നു.

വീട്, തൊടി, പക്ഷികളുടെ പാട്ട്,
വയൽക്കിളിയാട്ടുകൾ,
അമ്മ, അമ്മുമ്മ വാൽസല്യം,
ഒത്തിരിക്കനവുകൾ കോർത്തിരുന്ന മുറി.

ജനാലയിൽ ചിത്രശലഭങ്ങളുമ്മവെയ്ക്കുന്നു.
അകലെ, മസ്ജിദിൽ
ദൈവത്തിലേക്ക് ക്ഷണിക്കും മുഴക്കങ്ങൾ.
കാലം പച്ചകുത്തി മായ്ച്ചകൗമാരം.
ഹൃദയത്തിലെ പ്രണയകമ്പനങ്ങൾ.
മായാത്ത മഴവിൽ നിറമുള്ളോരോർമ്മകൾ.

ധ്യാനത്തിലാകുമ്പോൾ,
കൺപോളകൾക്കുമേൽ,
പിന്നിലൂടെത്തിപ്പൊത്തും തണുത്ത കരസ്പർശം.
ദൂരെ, മേഘപാളിയിൽ നിന്നു താഴേക്കു പതിക്കുന്നു,
പ്രേമദൂതുകളുടെ മധുരക്കാഴ്ചകൾ.
ഏതോ കുന്നിൻച്ചോട്ടിൽ, ചോലകൾ ചിലയ്ക്കുമ്പോൾ,
മരച്ചില്ലയിൽ നിന്നാർദ്രമായ് മുഴങ്ങുന്ന രാക്കിളിപ്പാട്ട്.
രാവൊടുങ്ങുമ്പോൾ, മഴച്ചാറ്റലിൽ മറന്നുപോകുന്നു,
തൃഷ്ണാമുക്തമാമുടൽ വിയർപ്പുകൾ.

ഓർത്തോർത്തിരിക്കുമ്പോൾ, മുങ്ങിപ്പോകുന്നു,
ജീവിതത്തിന്റെ നരകതീർത്ഥാടനങ്ങളിൽ.
വെറുറെയിരിക്കുമ്പോൾ, ബോധത്തിലേക്കൊരു,
കാലഗന്ധർവ്വസ്മൃതി പൂത്തുലയുന്നു.

സ്വയം തേടലിന്റെ വഴിച്ചാലിൽ,
മൗനത്തിൽ വാക്കുകൾ പൂക്കുന്നു.
ധമനീതന്ത്രികൾ വിലപിക്കുന്നു.
മോഹകോശങ്ങളിൽ സായന്തനത്തിൻ ശ്രുതിമീട്ടുന്നു.
പൊള്ളലേറ്റൊരുനെഞ്ചിൽ ഡോലക് മുഴക്കങ്ങൾ,
ചെവിയോർത്താലാർക്കും കേൾക്കാം.

വരിക, മഴക്കുതിരകൾ നൃത്തം ചെയ്യും താഴ്വരയിൽ,
മേഘവിസ്താരത്തിന്റെ മേലാപ്പുകൾ കാണാൻ,
മൗനകമ്പളത്തിൻ കീഴിലേകരാവുക.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.